അന്നും ഏറെ വൈകിയാണ് അയാൾ വീട്ടിലെത്തിയത്. ജോലി കഴിഞ്ഞാൽ ഓഫിസിൽതന്നെയിരിക്കും. അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കും. വീട്ടിൽ ഭാര്യയും മകനും തനിച്ചാണെന്ന കാര്യം അയാൾ ഓർക്കാറില്ല. വീടെന്ന ചിന്ത വരുമ്പോഴേക്കും മനസ്സിനെന്തോ ഒരു ഭാരമാണ്. നെഞ്ച് ഇടുങ്ങുന്നതുപോലെ തോന്നും. ശ്വാസം തൊണ്ടയിലെവിടെയോ കുടുങ്ങിയപോലെ.
ജീവിതം മടുത്തിരിക്കുന്നു. സ്നേഹവും സമാധാനവും കിട്ടേണ്ട, ആശ്വാസവും തണലുമാകേണ്ട വീടും കുടുംബവും നിഗൂഢമായ അസ്വസ്ഥതയാൽ മൂടിയിരിക്കുന്നു. സമ്പാദിക്കുന്നതുകൊണ്ട് ജീവിതത്തിന്റെ അർഥവും ആനന്ദവും കണ്ടെത്താനാകുന്നില്ല. നിശ്ശബ്ദതക്ക് ഭംഗം വരുത്താതെ അയാൾ തന്റെ കിടപ്പുമുറിയിലേക്ക് കയറി വസ്ത്രങ്ങൾ അഴിച്ചുവെച്ച് വാഷ്റൂമിൽ കയറി മുഖവും കൈയും ശുദ്ധിവരുത്തി. മകൻ വായനയിലോ പഠനത്തിലോ ആയിരിക്കും. തീന്മേശയിൽ ഭാര്യ ഭക്ഷണം തയാറാക്കി മൂടിവെച്ചിരിക്കുന്നു.
അയാൾക്കും ഭാര്യക്കുമിടയിൽ സംസാരം കുറഞ്ഞിട്ട് കുറെ നാളായി. അപരിചിതരെപ്പോലെയാണ്. അത്യാവശ്യത്തിനേ സംസാരമുള്ളൂ... തനിക്കിന്ന് ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന് സൂചിപ്പിച്ച് അവളോട് ഇരിക്കാൻ പറഞ്ഞു. തീന്മേശക്കരികിലെ ഒരു കസേരയിൽ അനുസരണയോടെയും ആകാംക്ഷയോടെയും അവളിരുന്നു.
അയാൾ പറഞ്ഞുതുടങ്ങി: ഇതുപോലെ ജീവിക്കാൻ ഇനി കഴിയില്ല, ജീവിതം മടുത്തു. എത്രയെത്ര സ്വപ്നങ്ങൾ കണ്ടായിരുന്നു വൈവാഹിക ജീവിതത്തിലേക്ക് നിന്നെ ചേർത്തുപിടിച്ചത്. പക്ഷേ, നീയൊരിക്കലും എന്റെ സ്വപ്നത്തിലെ പെൺകുട്ടിയായില്ല. അവസ്ഥകൾ മാറുമെന്നും നല്ലൊരു ജീവിതം ഉണ്ടാകുമെന്നും വിചാരിച്ച് ജീവിതം പിന്നെയും മുന്നോട്ടുപോയി. ഒരു കുഞ്ഞായി... ഒരു മാറ്റവും നിന്നിൽ ഞാൻ കണ്ടില്ല. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ജീവിതസന്തോഷങ്ങളൊന്നും കൊണ്ടുവരാൻ നിനക്ക് കഴിഞ്ഞില്ലെങ്കിൽപിന്നെ ഈ ജീവിതത്തിനെന്ത് അർഥമാണുള്ളത്? അതിനാൽ ഞാൻ തീരുമാനിച്ചു, നമുക്ക് ഇവിടെ പിരിയാം... നമുക്ക് ഇനിയും ജീവിക്കാനുള്ളതാണ്. നിനക്ക് നിന്റെ ജീവിതം തുടരാം, എനിക്ക് എന്റെ വഴിയും.
ഇത് കേട്ട് അവൾ തരിച്ചിരുന്നു, തലകറങ്ങുന്നപോലെ, ശ്വാസനാളം തിങ്ങി വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. നിശ്ശബ്ദതയുടെ ഒരിടവേളക്കുശേഷം നിറഞ്ഞ കണ്ണുകളോടെ അവൾ പതുക്കെ ചോദിച്ചു: എന്താണ് കാരണം? ആരാണ് കാരണക്കാരൻ? അയാൾ മറുപടിയൊന്നും പറഞ്ഞില്ല. അവളെ തൃപ്തിപ്പെടുത്താൻ പറ്റുന്ന വ്യക്തമായ കാരണമൊന്നും അയാൾക്കും പറയാനുണ്ടായിരുന്നില്ല. മറുപടി കിട്ടാത്തതുകൊണ്ടായിരിക്കണം അവൾ പറഞ്ഞു: ‘‘താങ്കളൊരു പുരുഷനല്ല.’’
അന്ന് രാത്രി അവർ പരസ്പരം സംസാരിച്ചില്ല. അവൾ കുറെ കരഞ്ഞു. അവളുടെ കരച്ചിൽ തേടുന്ന ഉത്തരം തങ്ങളുടെ വൈവാഹികജീവിതത്തിന് എന്തുപറ്റി എന്നതായിരുന്നു. അയാൾക്കവളെ സ്നേഹിക്കാൻ കഴിയില്ലെന്നു മാത്രമായിരിക്കും അതിനുള്ള മറുപടി. നേരം പുലർന്നെഴുന്നേറ്റിട്ടും അയാൾക്ക് അവളോട് സഹാനുഭൂതിയോ അനുകമ്പയോ തോന്നിയില്ല. കുളിച്ച് വസ്ത്രം മാറി ജോലിക്കു പോകാൻ ഇറങ്ങുന്നതിന് മുമ്പായി അയാൾ ഒരു കടലാസ് അവളുടെ നേരെ നീട്ടി. അതവൾ വാങ്ങി ഒന്ന് കണ്ണോടിച്ചു.
വിവാഹമോചനത്തിന് സമ്മതിക്കുകയാണെങ്കിൽ തന്റെ കാറും വീടും തന്റെ നിക്ഷേപത്തിന്റെ 25 ശതമാനവും അവൾക്ക് എഴുതിക്കൊടുക്കാം എന്നാണതിൽ എഴുതിയിരിക്കുന്നത്. അതവൾ വെറുപ്പോടെ കീറിക്കളഞ്ഞു. പിന്നെ അവൾ പൊട്ടിക്കരഞ്ഞു. ആ കരച്ചിൽ അയാൾക്ക് ഒരാശ്വാസമായാണനുഭവപ്പെട്ടത്. കുറെയായി മനസ്സിൽ കൊണ്ടുനടന്ന വിവാഹമോചനം എന്ന ചിന്ത ഒരു യാഥാർഥ്യമായി ഭവിച്ചിരിക്കുന്നു. പിന്നെ അയാൾ അവിടെ കാത്തുനിന്നില്ല. വേഗം ഓഫിസിലേക്ക് പുറപ്പെട്ടു.
അന്ന് വൈകീട്ടും ഏറെ വൈകിയാണ് വീട്ടിലെത്തിയത്. അത്താഴം കഴിക്കാതെ നേരെ കട്ടിലിലേക്ക് വീണു... പകലത്തെ ക്ഷീണം അയാളെ പെട്ടെന്ന് ഉറക്കത്തിലേക്ക് തള്ളിയിട്ടു. കാലത്തെഴുന്നേറ്റപ്പോൾ അവൾ മുന്നിൽ വന്നുനിൽക്കുന്നു. വിവാഹമോചനത്തിന് സമ്മതിക്കാൻ അവൾക്ക് ഒരു നിബന്ധനയുണ്ടത്രെ. ഒരൊറ്റ നിബന്ധന. അതും വളരെ ലളിതവും ന്യായവും. മകന് പരീക്ഷയടുത്തിരിക്കുകയാണ്. നമ്മുടെ വേർപിരിയൽ അവന്റെ പരീക്ഷയെയും ഭാവിയെയും ബാധിക്കരുത്.
അതിനാൽ ഒരു മാസക്കാലം സാധ്യമാകുംവിധം നമുക്കിടയിൽ ഒരു സ്വാഭാവിക കുടുംബജീവിതം ഉണ്ടാകണം. അത് നമ്മുടെ മകൻ അറിയുകയും വേണം. വിവാഹമോചനത്തിലെ ഏറ്റവും വലിയ ഇരകൾ കുട്ടികളാണ്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരാണവർ. അവരുടെ ജീവിതത്തിലെ വെളിച്ചമാണ് വിവാഹമോചനത്തിലൂടെ ഊതിക്കെടുത്തുന്നത്. മാതാപിതാക്കൾ ജീവിച്ചിരിക്കെ അനാഥത്വം പേറാൻ വിധിക്കപ്പെട്ടവർ. മാതാവെന്ന സ്നേഹത്തെയും പിതാവെന്ന ആത്മബലത്തെയും നഷ്ടപ്പെടുന്നവർ അല്ലെങ്കിൽ ഇവർക്കിടയിൽ ആത്മസംഘർഷം പേറി ജീവിക്കേണ്ടിവരുന്നവരാണ് കുട്ടികൾ.
അവളുടെ നിബന്ധന അയാൾക്കും സ്വീകാര്യമായി തോന്നി. അയാൾ സമ്മതംമൂളി. അപ്പോഴാണ് അവൾ വിചിത്രമായ മറ്റൊരു ആവശ്യംകൂടി മുന്നോട്ടുവെച്ചത്. വിവാഹദിനത്തിൽ അവളെ അയാൾ എങ്ങനെയാണോ എടുത്തുയർത്തിയത് അതേപോലെ എല്ലാ ദിവസം ജോലിക്കു പോകുന്നതിന് തൊട്ടുമുമ്പായി രാവിലെ കിടപ്പുമുറിയിൽനിന്നും വരാന്തയിൽവരെ എടുത്തുകൊണ്ടുപോകണം. അവൾ എല്ലാ ദിവസവും നല്ല വസ്ത്രങ്ങൾ ധരിച്ച് ഒരുങ്ങിയിരിക്കും.
ഇതുകേട്ടപ്പോൾ അവൾക്ക് സ്വബോധം നഷ്ടപ്പെട്ടോ എന്നയാൾക്ക് തോന്നി. എങ്കിലും തങ്ങളുടെ വൈവാഹികജീവിതത്തിലെ അവസാന നാളുകൾ സമാധാനത്തോടെ കഴിഞ്ഞുപോവുകയായണെങ്കിൽ അതാകട്ടെ എന്നു കരുതി അയാൾ സമ്മതിച്ചു. വിവാഹമോചനം എന്ന ചിന്ത വന്നതുമുതൽ അവർ രണ്ടുപേരും ഒരു മുറിയിൽ കിടന്നിട്ടില്ല. അവളുടെ വിചിത്ര ആഗ്രഹം നിറവേറ്റാനായി കിടപ്പുമുറിയിൽനിന്നും അവളെ കൈത്തണ്ടയിൽ എടുത്തപ്പോൾ ഒരു കൊള്ളിയാൻ അയാളുടെ ശരീരത്തിലൂടെ കടന്നുപോയി.
അവളെയും എടുത്ത് വരാന്തയിലേക്ക് നടക്കുമ്പോൾ അതുകണ്ട മകൻ ആശ്ചര്യവും സന്തോഷവും കലർത്തി ‘ഡാഡി, മമ്മിയെ എടുക്കുന്നു’ എന്ന് ഉറക്കെ പറയുന്നത് അയാളുടെ ഹൃദയത്തിലെവിടെയോ കോറി. അയാളുടെ കൈത്തണ്ടയിൽ കണ്ണടച്ചുകിടന്നിരുന്ന അവൾ പതുക്കെ കണ്ണുതുറന്ന് അയാളോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: ‘‘നമ്മുടെ വിവാഹമോചനത്തെക്കുറിച്ച് അവനൊന്നും അറിയരുത്.’’ അയാൾ സമ്മതത്തോടെ തലയാട്ടി. വേദനപൊതിഞ്ഞ ഒരു വികാരം തന്നെ അധീശപ്പെടുത്തുന്നോ എന്നയാൾക്ക് തോന്നി. താൻ വെറുക്കുന്ന ഒരു വികാരം അവളെ വരാന്തയിൽ ഇറക്കി നിർത്തിയശേഷം അയാൾ തന്റെ കാറുമെടുത്ത് ഓഫിസിലേക്കു പോയി.
അടുത്ത ദിവസം അവളെ എടുത്തപ്പോൾ കുറച്ചുകൂടി സ്വാഭാവികമായിട്ടാണ് അവർ പെരുമാറിയത്. അവളുടെ തല അയാളുടെ നെഞ്ചിലേക്ക് ചായ്ച്ചുവെച്ചിരിക്കുന്നു. അവളുടെ ശരീരഗന്ധം അയാളിലേക്ക് തുളച്ചുകയറി. അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത് താൻ ഈ സ്ത്രീയെ നന്നായൊന്ന് നോക്കിയിട്ട് എത്രകാലമായെന്ന്. വിവാഹദിനത്തിലെ പെൺകുട്ടിയല്ല അവളിന്ന്. കാലം കോറിയിട്ട ചുളിവുകൾ മുഖത്ത് തെളിഞ്ഞിരിക്കുന്നു. വെളുത്ത നരകൾ കറുത്ത മുടിയുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്നു. അവളുടെ തിളങ്ങുന്ന യുവത്വത്തിലായിരുന്നല്ലോ താൻ അവളെ കൈപിടിച്ച് സ്വീകരിച്ചത്.
നാലാം ദിവസം അവളെ വഹിച്ചപ്പോൾ സ്നേഹത്തിന്റെയും ഇണക്കത്തിന്റെയും ഒരു വികാരം തന്നെ പിടികൂടുന്നതായി അയാൾക്കനുഭവപ്പെട്ടു. തന്റെ ജീവിതത്തിന്റെ 15 വർഷങ്ങൾ തനിക്കായി നൽകിയവളാണവൾ. അഞ്ചും ആറും ദിവസങ്ങളിൽ ഈ വൈകാരിക അടുപ്പം കൂടുന്നതായിട്ടാണ് അയാൾക്ക് തോന്നിയത്. അവളാവശ്യപ്പെട്ട ഒരു മാസം തീർക്കുന്ന ഓരോ പ്രഭാതത്തിലും അവളെ എടുക്കുന്നത് അയാൾക്ക് കൂടുതൽ ആയാസരഹിതമായി തോന്നി. ഒരു ശീലമായി മാറിയതുകൊണ്ടായിരിക്കാം പ്രയാസമേതുമില്ലാതെ അവളെ വഹിക്കാനുള്ള ശക്തി തനിക്ക് ലഭിക്കുന്നതെന്നാണയാൾ കരുതിയത്.
ഇടക്കൊരു ദിവസം രാവിലെ അവളെ എടുക്കാനായി മുറിയിലേക്ക് ചെന്നപ്പോൾ അന്ന് ഏതു വസ്ത്രം ധരിക്കണമെന്ന് തിരയുകയായിരുന്നു അവൾ. പഴയ പലതും എടുത്തുനോക്കിയെങ്കിലും പാകമായത് കിട്ടാതെ ഒരു ദീർഘശ്വാസം വിട്ടുകൊണ്ടവൾ പറഞ്ഞു: ‘‘എല്ലാം വലുതാണ്, ഒന്നും ഇപ്പോൾ ധരിക്കാൻ പറ്റാതായി.’’ അപ്പോഴാണ് അയാളത് ശ്രദ്ധിച്ചത്, കാലചക്രത്തിനിടയിൽ അവൾ വല്ലാതെ മെലിഞ്ഞുപോയിരുന്നു. അതുകൊണ്ടാണ് തനിക്കവളെ അനായാസം വഹിക്കാനാകുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞു. ഹൃദയവേദനയിൽ അവർ ഉരുകിത്തീരുകയായിരുന്നോ? വാത്സല്യത്തോടെ അയാളുടെ കൈകൾ അയാളറിയാതെ അവളുടെ തലയിൽ തഴുകി. അപ്പോഴാണ് മകൻ മുറിയിലേക്ക് കടന്നുവന്നത്.
അവൻ ഓർമിപ്പിച്ചു: ‘‘ഡാഡി, മമ്മിയെ എടുക്കാനുള്ള സമയമായി!’’ അവനെ സംബന്ധിച്ച് അത് ജീവിതചിട്ടയിലെ ഒരു ഭാഗമായി മാറിയിരുന്നു. തന്നിലേക്ക് ചേർത്തുപിടിച്ച് അവൾ മകനെ ആലിംഗനം ചെയ്തു. അന്നും അവളെയും വഹിച്ച് കിടപ്പുമുറിയിൽ നിന്ന് വരാന്തയിലേക്ക് അയാൾ നടന്നു. അവൾ തന്റെ ഇരുകൈകളും അയാളുടെ കഴുത്തിലൂടെ അലസമായി പിടിച്ചിരുന്നു. അയാൾ അവളെ ശക്തമായി ചേർത്തുപിടിച്ചു.
നിബന്ധനപ്രകാരമുള്ള അവസാനദിനത്തിൽ അവളെയും വഹിച്ച് മുന്നോട്ടുനടക്കാൻ അയാൾ പ്രയാസപ്പെട്ടു. ഇന്ന് മനസ്സ് നിറച്ച ഈ ഇണക്കവും സ്നേഹവും തങ്ങളുടെ കഴിഞ്ഞകാല വിവാഹ ജീവിതത്തിൽ എങ്ങനെയാണ് നഷ്ടമായതെന്ന് അയാൾ സ്വന്തത്തോട് ചോദിച്ചു. വരാന്തയിൽ അവളെ വെച്ച് കാറുമെടുത്ത് അതിവേഗം അയാൾ പോയി. ചെറിയ ചെറിയ കാര്യങ്ങളിലൂടെ വൈവാഹിക ജീവിതത്തിലെപ്പോഴോ കയറിവന്ന മടുപ്പാണ് തന്നെ വിവാഹമോചനത്തിനും പുനർവിവാഹത്തിനും ചിന്തിപ്പിച്ചത്. കാര്യങ്ങളെല്ലാം തന്റെ ഇഷ്ടപ്രകാരം ആകുന്നില്ലെന്ന തോന്നലിൽനിന്നും വളർന്ന ഇഷ്ടക്കുറവിൽ താൻ കൈപിടിച്ച് സ്വീകരിച്ച ഭാര്യയെ വെറുക്കുകയായിരുന്നു. വിവാഹദിനത്തിൽ തന്റെ കൈത്തണ്ടയിൽ വഹിച്ചതുപോലെ വീണ്ടും അവളെ വഹിക്കാനാവസരം കിട്ടിയ ഈ സമയത്ത് ലഭിച്ച തിരിച്ചറിവിൽ, തന്റെ ജീവിതാവസാനംവരെ അവളെ വഹിക്കുമെന്ന ദൃഢനിശ്ചയംചെയ്ത് അയാൾ കാർ ഓടിച്ചു...
കാലങ്ങളായി മനസ്സിൽ കയറ്റിവെച്ച ആ വലിയ ഭാരം അയാൾ ഇറക്കിവെച്ചു. പെയ്തൊഴിഞ്ഞ പേമാരിയിൽ മനസ്സും ചുറ്റുപാടും കഴുകി വൃത്തിയാക്കപ്പെട്ടിരിക്കുന്നു. ആ നനവുള്ള പ്രതലത്തിൽ മനസ്സ് ശാന്തമായി. അന്ന് നേരത്തേ വീട്ടിലെത്തണമെന്ന് തീരുമാനിച്ച് ഓഫിസിൽനിന്ന് നേരത്തേതന്നെ ഇറങ്ങി. വീട്ടിലേക്ക് മടങ്ങുമ്പോൾ അവൾക്ക് നൽകാനായി ഒരു സമ്മാനം വാങ്ങണം, അൽപം മധുരവും. സമ്മാനപ്പെട്ടിയിൽ ഏതാണ് ആശംസാവചനമായി എഴുതേണ്ടതെന്ന് കച്ചവടക്കാരൻ ചോദിച്ചു. ഒട്ടു സംശയിക്കാതെ അയാൾ മറുപടി പറഞ്ഞു: ‘‘മരണം നമ്മെ വേർപെടുത്തുവോളം എല്ലാ പ്രഭാതത്തിലും ഞാനെന്റെ കൈത്തണ്ടയിൽ വഹിച്ച് നിന്നെ ഞാനെന്നിലേക്ക് ചേർത്തുപിടിക്കും.’’ ഒരു ചിരിയോടെ കച്ചവടക്കാരൻ ആ വാക്കുകൾ കാർഡിലേക്ക് പകർത്തി സമ്മാനപ്പൊതിയിൽ വെച്ചു.
അന്നത്തെ സായാഹ്നത്തിന് വല്ലാത്തൊരു ശാന്തതയായിരുന്നു. അർഥമുള്ള ജീവിതത്തിലേക്ക് കാലെടുത്തുവെക്കാനുള്ള ധിറുതിയോടെ അയാൾ വീട്ടിലേക്കെത്തി. അവളെ കെട്ടിപ്പിടിച്ച് മാപ്പുപറയണം. കൈത്തണ്ടയിൽ നെഞ്ചോട് ചേർത്തുപിടിച്ച് സമ്മാനപ്പൊതിയും കൈയിൽ തൂക്കിപ്പിടിക്കാത്ത മധുരപലഹാരവും വിടർന്ന പുഞ്ചിരിയുമായി അവളുടെ അടുത്തേക്കയാൾ ഓടുകയായിരുന്നു. പൂമുഖത്തും സ്വീകരണമുറിയിലും അടുക്കളയിലും അവളെ കാണാത്തതിനാൽ അയാൾ കിടപ്പുമുറിയിലേക്കോടി. അവിടെ അവൾ ആ കട്ടിലിൽ നീണ്ടുകിടക്കുന്നു. സന്തോഷത്തോടെ അവളെ വിളിച്ചു. അവൾ അനങ്ങിയില്ല. തൊട്ടുവിളിച്ചപ്പോഴാണറിഞ്ഞത് ആ മെലിഞ്ഞ ശരീരം നിശ്ചലമായിരിക്കുന്നു. സമ്മാനപ്പൊതിയും മധുരപലഹാരവും നിലത്തെറിഞ്ഞ് അയാൾ അലറി.
അയാളറിയാതെപോയ രോഗം നീണ്ടകാലമായി അവളെ വേട്ടയാടുന്നുണ്ടായിരുന്നു. ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ അയാൾക്കതറിയാൻ സമയം കിട്ടിയിരുന്നില്ല. എന്നാൽ, തന്നെ കീഴ്പ്പെടുത്തിയ രോഗം തനിക്കധികം അവധി നീട്ടിത്തരില്ലെന്നവർക്കറിയാമായിരുന്നു. മനസ്സും ശരീരവും തീക്ഷ്ണ പരീക്ഷണത്തിന് വിധേയമായ അവസാന നാളുകളിലും വിവാഹമോചനം കാരണം തന്റെ മകൻ പിതാവിനെ വെറുക്കരുതെന്നും മകന്റെ മുന്നിൽ ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവിന്റെ ചിത്രം വരച്ചിട്ടുകൊണ്ട് പിരിയണമെന്നും അവൾ ആഗ്രഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.