40 വർഷമായി ഓർഹൻ പാമുക് പ്ലേഗിനെ കുറിച്ച് എഴുതാനുള്ള ആലോചനയിലായിരുന്നു. ലോകത്തിന്‍റെ ആസ്വാദന ശീലത്തെ കീഴ്മേൽ മറിച്ച അനവധി നോവലുകൾ അതിനിടയിൽ വന്നുപോയ്ക്കൊണ്ടിരുന്നപ്പോഴും പ്ലേഗിന്‍റെ സമയം മാത്രം വന്നില്ല. മഹാമാരിയുടെ ചിന്തയെ തുർക്കിയുടെ നൊബേൽ ജേതാവ് കാലങ്ങളോളം അങ്ങനെ തുടലിട്ട് പിടിച്ചുനിർത്തിക്കൊണ്ടിരുന്നു. ഒടുവിൽ 2016ൽ പാമുകിന് ബോധ്യമായി. ഇതാണ് ആ സമയം. അനുദിനം സ്വേച്ഛാധിപത്യ പ്രവണതയിലേക്ക് പോയ്ക്കൊണ്ടിരുന്ന എർദോഗാന്‍റെ സർക്കാർ മഹാമാരി രചനക്ക് എല്ലാം തികഞ്ഞ പ്രേരണാഘടകവുമായി. നാലുപതിറ്റാണ്ടുകളായി ചിന്തയെ മഥിക്കുന്ന ആ മഹാനോവലിന് പറ്റിയ സമയം ഇതുതന്നെയെന്ന് പാമുക് സ്വയം പറഞ്ഞു. എഴുത്തിനുള്ള ഗവേഷണത്തിലേക്കും മനനത്തിലേക്കും എഴുത്തിലേക്കും അദ്ദേഹം തിരിഞ്ഞു. അത് തുടർന്നുകൊണ്ടിരിക്കെ മൂന്നര വർഷത്തിന്ശേഷം യഥാർഥ മഹാമാരി ലോകത്തെ പ്രഹരിച്ചു. വർഷങ്ങളായി താൻ ചിന്തേരിട്ട് മിനുക്കിക്കൊണ്ടിരുന്ന കൈയെഴുത്ത് പ്രതിയിലെ മഹാരോഗം ലോകത്തേക്ക് പടരുന്നതായി പാമുക് ഞെട്ടലോടെ തിരിച്ചറിഞ്ഞു. ''എന്‍റെ ഇൗ കടലാസുകളിൽ നിന്ന് മഹാമാരി മനുഷ്യന്‍റെ ലോകത്തേക്ക് ചാടി രക്ഷപ്പെട്ടിരിക്കുന്നു'' - പാമുക് പറയുന്നു. ക്വാറൻറീൻ, സാനിറ്റൈസർ, മാസ്ക്, ലോക്ഡൗൺ... എല്ലാം നിത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദങ്ങളായി മാറി. പക്ഷേ, ക്വാറന്‍റീനൊന്നും തനിക്ക് പുത്തരിയല്ലെന്ന് പാമുക്. ''50 വർഷമായി എഴുത്തുകാരനാണ് ഞാൻ. അതിനർഥം 50 വർഷമായി ഞാൻ ക്വാറൻറീനിലാണ്''.
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ, അന്ത്യം കാത്തുകിടക്കുന്ന ഓട്ടോമൻ സാമ്രാജ്യത്തിൽ പടരുന്ന ഒരു മഹാമാരിയാണ് ''ൈനറ്റ്സ് ഓഫ് പ്ലേഗ്'' എന്ന ഓർഹൻ പാമുകിന്‍റെ പുതിയ നോവൽ. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള ഡിറ്റക്ടീവ്, ചരിത്ര, ത്രില്ലർ നോവലാണ്. മിംഗേറിയ എന്ന സാങ്കൽപിക ദ്വീപിലാണ് പാമുക് നോവലിനെ സ്ഥാപിച്ചിരിക്കുന്നത്.
കോവിഡ് പടരുന്നതിന് മുമ്പ് പാമുകിന്‍റെ നോവലിനെ കുറിച്ച് അറിഞ്ഞ സുഹൃത്തുക്കൾ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. 'നിങ്ങളുടെ ഈ മിഡീവൽ പുസ്തകമൊന്നും ആരും വായിക്കില്ല. പ്ലേഗിനെയൊക്കെ ഇന്നാര് മൈൻഡ് ചെയ്യുന്നു''. പക്ഷേ, കോവിഡ് പടരാൻ തുടങ്ങിയതോടെ, ദോഷൈകദൃക്കുകളുടെ സ്വരം മാറി. ''കൊള്ളാം, നിങ്ങളൊരു ഭാഗ്യവാൻ തന്നെ. നല്ല കാലികമായ വിഷയം''. പക്ഷേ, അപ്പോഴേക്കും പാമുകിനെ ഭയം കീഴടക്കാൻ തുടങ്ങിയിരുന്നു. പാമുകിന്‍റെ ഫ്ലാറ്റിന് രണ്ടു കെട്ടിടം അകലെ താമസിച്ചിരുന്ന അമ്മായി ഇസ്തംബൂളിലെ ആദ്യ കോവിഡ് ഇരകളിലൊന്നായി മരിച്ചു. ഭാര്യയോട് പാമുക് ചോദിച്ചു: ''ഞാനെഴുതുന്നു, മനുഷ്യർ ഇൗയാംപാറ്റകളെ പോലെ മരിച്ചു വീഴുന്നു. എന്തൊരു വിരോധാഭാസം. ഞാനൊരു ക്രൂരനാണോ?''.
താൻ എഴുതിത്തീരുേമ്പാഴേക്കും കോവിഡും അവസാനിക്കുമെന്ന് പാമുക് പ്രതീക്ഷിച്ചു. പക്ഷേ, അങ്ങനെയല്ല സംഭവിച്ചത്. രാജ്യം സമ്പൂർണ ലോക്ഡൗണിലായിരുന്ന 2021 മാർച്ചിൽ ''നൈറ്റ്സ് ഒാഫ് പ്ലേഗ്''ന്‍റെ ടർക്കിഷ് പതിപ്പ് പുറത്തുവന്നു. 65 വയസിന് മുകളിലുള്ളവർക്ക് മാത്രം പുറത്തിറങ്ങാൻ അനുമതിയുണ്ടായിരുന്ന ദിവസങ്ങളിലൊന്നിൽ പാമുക് ഇസ്തംബൂളിൽ നടക്കാനിറങ്ങി. ഒന്നോ രണ്ടോ വൃദ്ധ ദമ്പതികളെ മാത്രമാണ് നഗരത്തിൽ കണ്ടത്. നടന്ന് ഇസ്തംബൂളിലെ ഏറ്റവും വലിയ പുസ്തകശാലയുടെ കണ്ണാടി ജാലകത്തിന് മുന്നിലെത്തി. അതിന് പിന്നിൽ ''നൈറ്റ്സ് ഒാഫ് പ്ലേഗ്'' ന്‍റെ കോപ്പികൾ ഗോപുരം കണക്കെ അടുക്കിവെച്ചിട്ടുണ്ട്. പക്ഷേ, കട അടപ്പാണ്. പുസ്തകം വാങ്ങാൻ ആരുമില്ല. ''അതായിരുന്നു എന്‍റെ ഭാഗ്യം''-പരിഹാസ ചിരിയോടെ പാമുക് പറയുന്നു.
ഇതാദ്യമായല്ല പാമുകിന്‍റെ നോവലുകൾ പ്രവചന സ്വഭാവം കാട്ടുന്നത്. '90 കളുടെ ഒടുവിൽ എഴുതിത്തുടങ്ങി 2002ൽ പ്രസിദ്ധീകരിച്ച, ആധുനിക തുർക്കിയിലെ സെക്യുലറിസവും തീവ്രവാദവും തമ്മിലുള്ള സംഘർഷം പറയുന്ന 'സ്നോ'യുടെ രചന അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 9/11 സംഭവിച്ചു. നോവലിൽ ഒന്നുരണ്ട് രംഗങ്ങളിൽ ചെറിയൊരു കഥാപാത്രമായി ഉസാമ ബിൻ ലാദൻ വരുന്നുണ്ടായിരുന്നു. പക്ഷേ, പ്രസിദ്ധീകരണത്തിന് തൊട്ടുമുമ്പ് ആ ഭാഗങ്ങൾ പാമുക് ഡിലീറ്റ് ചെയ്തു.
''നൈറ്റ്സ് ഓഫ് പ്ലേഗ്''ന്‍റെ ഇംഗ്ലീഷ് പതിപ്പ് ഇന്ത്യയിൽ പുറത്തിറങ്ങുന്നത് ഈ മാസം 22നാണ്. Penguin Hamish Hamilton ആണ് പ്രസാധകർ.
(കടപ്പാട്: ദി ഗാർഡിയൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.