തിരൂർ: ഈ വർഷത്തെ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള തുഞ്ചൻ കലോത്സവം ഒക്ടോബർ ഒന്ന് മുതൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. കവി കുഞ്ഞുണ്ണി ഏർപ്പെടുത്തിയ അക്ഷരശുദ്ധി മത്സരം സെപ്റ്റംബർ 28നും കുട്ടികളുടെ വിദ്യാരംഭവും കവികളുടെ വിദ്യാരംഭവും വിജയദശമി ദിവസമായ ഒക്ടോബർ അഞ്ചിനും നടക്കും. ഒക്ടോബർ ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന വിദ്യാരംഭം കലോത്സവം സാഹിത്യകാരനും നടനുമായവി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവന്‍ നായർ അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് ഷാജി കുഞ്ഞൻ അവതരിപ്പിക്കുന്ന ഗസൽസന്ധ്യയും രാത്രി എട്ടിന് മഞ്ജു വി. നായരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും.
ഒക്ടോബർ രണ്ടിന് വൈകീട്ട് 5.30ന് വയലിൻ സോളോയും ഏഴിന് സർഗവിരുന്നും ഒമ്പതിന് നൃത്തനൃത്യങ്ങളും അരങ്ങേറും. ഒക്ടോബർ മൂന്നിന് വൈകീട്ട് 5.30ന് കൃഷ്ണൻ പച്ചാട്ടിരിയും ഗോപി മണമ്മലും സംഘവും അവതരിപ്പിക്കുന്ന കളേഴ്സ് ഓഫ് സോളോയും ഏഴിന് നൃത്താർച്ചനയും 8.30ന് നൃത്തനൃത്ത്യങ്ങളും അരങ്ങേറും. ഒക്ടോബർ നാലിന് ചൊവ്വാഴ്ച വൈകീട്ട് 5.30ന് മയൂരനൃത്തങ്ങൾ, 6.30ന് നൃത്തനൃത്യങ്ങൾ, എട്ടിന് സംഗീതവിരുന്നും അരങ്ങേറും. ഒക്ടോബർ അഞ്ചിന് രാവിലെ അഞ്ചിന് തുഞ്ചൻസ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലും കുട്ടികളുടെ വിദ്യാരംഭം ആരംഭിക്കും. 9.30ന് കവികളുടെ വിദ്യാരംഭവും വൈകീട്ട് 5.30ന് ഡോ. എൽ. ശ്രീരഞ്ജിനി അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത വിരുന്നും 7.30ന് രാഗമാലിക സ്കൂൾ ഓഫ് മ്യൂസിക് തിരൂർ അവതരിപ്പിക്കുന്ന ത്യാഗരാജസ്വാമികളുടെ ഉത്സവ സമ്പ്രദായ കൃതികളും അരങ്ങേറും.
മലയാള സർവകലാശാല പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കും -മന്ത്രി കെ. രാധാകൃഷ്ണൻ
തിരൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ സഹകരണത്തോടെ പൂന്താനത്തിന്റെയും മേൽപത്തൂരിന്റെയും നാമധേയത്തിൽ മലയാള സർവകലാശാല പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. കേന്ദ്രത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവൻ നായരുമായി തിരൂർ തുഞ്ചൻ പറമ്പിൽ ചർച്ച നടത്തി. മലയാള സർവകലാശാലയുടെ നേതൃത്വത്തിലാണ് മലയാളം കേന്ദ്രം ആരംഭിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നുവരുന്നതായും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. തുഞ്ചൻ പറമ്പും പൂന്താനം, മേൽപത്തൂർ സ്മാരകങ്ങളും കൂട്ടിയിണക്കി ടൂറിസം പ്രൊജക്ട് ആരംഭിക്കണമെന്ന് എം.ടിയോടൊപ്പമുണ്ടായിരുന്ന കവി ആലങ്കോട് ലീലാകൃഷ്ണനും മന്ത്രിയോട് അഭ്യർഥിച്ചു. മന്ത്രിയോടൊപ്പം തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ. ജയനും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.