ബംഗാളി കവി മന്ദാക്രാന്ത സെന്നിെൻറ കവിതയെ ചൊല്ലി കവി ടി.പി. വിനോദും എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമനും തമ്മിൽ വാക്പോര്. പട്ടാമ്പിയിൽ കവിതയുടെ കാർണിവലിൽ മീറ്റ് ദ പോയറ്റ് സെഷനിൽ കവി ടി.പി. വിനോദ് മന്ദാക്രാന്ത സെന്നിെൻറ കവിത അവതരിപ്പിച്ചിരുന്നു. ഇതെ കുറിച്ച് ടി.പി. വിനോദിന് പറയാനുള്ളതിങ്ങനെ: ‘‘വി.കെ. ശ്രീരാമൻ എെൻറ അടുത്ത് വന്ന് നന്നായി എന്ന് പറയുകയും ‘എെൻറ ചെക്കാ...‘ എന്ന വരിയുള്ള കവിതയുടെ ഫോട്ടോ തരുമോ എന്ന് ചോദിക്കുകയും ചെയ്ത സന്ദർഭം. ഞാൻ അദ്ദേഹവുമായി ആദ്യമായാണ് സംസാരിക്കുന്നത്. അദ്ദേഹം തന്ന ഫോൺ നമ്പറിലേക്ക് ഞാൻ ചെയ്ത പരിഭാഷകളുടെ സോഫ്റ്റ് കോപ്പി (കൂട്ടത്തിൽ നിലിം കുമാറിെൻറ കവിതകളും ഉണ്ടായിരുന്നു) സന്തോഷത്തോടെ അയക്കുകയും ചെയ്തു. കൂടാതെ, അവിടെ വായിക്കാൻ വേണ്ടി പ്രിൻറ് എടുത്ത് കയ്യിൽ വെച്ചിരുന്ന പരിഭാഷകളുടെ ഹാർഡ് കോപ്പിയും അദ്ദേഹത്തിന് കൊടുത്തു. എന്നാൽ, തൊട്ടടുത്ത ദിവസം എെൻറ പരിഭാഷയിൽ നിന്ന് രണ്ടുമൂന്ന് വരികൾ വെട്ടിനീക്കുകയും ഒന്നു രണ്ട് വാക്കുകൾ മാറ്റുകയും തോന്നിയപടി ഖണ്ഡിക തിരിച്ച് പരിഭാഷ വി.കെ. ശ്രീരാമൻ എന്ന പേരിൽ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതിനിടെ, വി.കെ. ശ്രീരാമൻ ഫോണിൽ വിളിച്ച് ക്ഷമ ചോദിച്ചു. ആ കവിത ബംഗാളിയിൽ നിന്ന് ആരോ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് എന്ന തെറ്റിദ്ധാരണയിൽ പോസ്റ്റ് ചെയ്തു എന്നാണ് പറഞ്ഞത്. പിന്നീട് ആ കവിത ഫേസ് ബുക്കിൽ നിന്ന് പിൻവലിച്ചു’’. ഇതോടെയാണ്, വി.കെ. ശ്രീരാമൻ ട്രോൾ ഭാഷയിൽ ഫേസ് ബുക്കിലൂടെ വിനോദിനെതിരെ പ്രതികരിച്ചു തുടങ്ങിയത്. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം തുടരുകയാണ്.
കവി ടി.പി. വിനോദിെൻറ ഫേസ് ബുക്ക് പോസ്റ്റ്
ഒരാളുടെ സുപ്രഭാതം എനിക്ക് അത്ര നല്ല പ്രഭാതമായി തോന്നാതിരുന്നതിനെപ്പറ്റിയാണ് ഈ പോസ്റ്റ്. മൂന്ന് ഫോട്ടോകൾ കാണിച്ചുതരാം. ആദ്യത്തേത് മന്ദാക്രാന്ത സെന്നിന്റെ ഒരു കവിത ബംഗാളിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് അവർ തന്നെ പരിഭാഷപ്പെടുത്തിയത്അ (അവരുടെ ഇംഗ്ലീഷിലുള്ള ആദ്യ സമാഹാരത്തിൽ നിന്ന് എടുത്തത്). രണ്ടാമത്തെ ഫോട്ടോ ആ കവിതയുടെ ഞാൻ ചെയ്ത പരിഭാഷ. ഇത് മിനിഞ്ഞാന്ന് പട്ടാമ്പിയിൽ കവിതയുടെ കാർണിവലിൽ മീറ്റ് ദ പോയറ്റ് സെഷനിൽ ഞാൻ വായിച്ചിരുന്നു. ഈ കുറിപ്പ് വായിക്കാനിടയുള്ള കുറച്ചുപേരെങ്കിലും അവിടെ ആ സമയത്ത് ഉണ്ടായിരുന്നു. പ്രിയപ്പെട്ട കവി അനിത തമ്പിയും ഞാനുമായിരുന്നു ആ സെഷനിൽ മോഡറേറ്റർമാരായി ഉണ്ടായിരുന്നത്. സെഷൻ കഴിഞ്ഞ് കുറേപ്പേർ പരിപാടി നന്നായിരുന്നു എന്നും മന്ദാക്രാന്തയെയും അവരുടെ എഴുത്തിനെയും അറിയാൻ സാധിച്ചതിൽ സന്തോഷമായെന്നും പറഞ്ഞു. കൂട്ടത്തിൽ സന്തോഷിപ്പിച്ച ഒരു കാര്യമായിരുന്നു വി കെ ശ്രീരാമൻ എന്റെ അടുത്ത് വന്ന് നന്നായി എന്ന് പറയുകയും ‘എന്റെ ചെക്കാ...‘ എന്ന വരിയുള്ള കവിതയുടെ ഫോട്ടോ തരുമോ എന്ന് ചോദിക്കുകയും ചെയ്ത സന്ദർഭം. ഞാൻ അദ്ദേഹവുമായി ആദ്യമായാണ് സംസാരിക്കുന്നത്. അദ്ദേഹം തന്ന ഫോൺ നമ്പറിലേക്ക് ഞാൻ ചെയ്ത പരിഭാഷകളുടെ സോഫ്റ്റ് കോപ്പി (കൂട്ടത്തിൽ നിലിം കുമാറിന്റെ കവിതകളും ഉണ്ടായിരുന്നു) സന്തോഷത്തോടെ അയക്കുകയും ചെയ്തു. കൂടാതെ, അവിടെ വായിക്കാൻ വേണ്ടി പ്രിന്റ് എടുത്ത് കയ്യിൽ വെച്ചിരുന്ന പരിഭാഷകളുടെ ഹാർഡ് കോപ്പിയും അദ്ദേഹത്തിന് കൊടുത്തു. ഇതോടൊപ്പമുള്ള മൂന്നാമത്തെ ഫോട്ടോ വി കെ ശ്രീരാമൻ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ ഇന്നുരാവിലെ പോസ്റ്റ് ചെയ്തതാണ്. ‘സ്വതന്ത്ര പരിഭാഷ‘ എന്നൊക്കെയാണ് അദ്ദേഹം അവകാശപ്പെടുന്നത്. അദ്ദേഹം കാണിച്ച പരിപാടി സ്വാതന്ത്ര്യമാണോ, ദുഃസ്വാതന്ത്ര്യമാണോ അതോ മറ്റുവല്ലതുമാണോ എന്ന് വായനക്കാരായ നിങ്ങൾ വിലയിരുത്തുക.
എന്റെ പരിഭാഷയിൽ നിന്ന് രണ്ടുമൂന്ന് വരികൾ വെട്ടിനീക്കുകയും ഒന്നു രണ്ട് വാക്കുകൾ മാറ്റുകയും തോന്നിയപടി ഖണ്ഡിക തിരിക്കുകയുമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മന്ദാക്രാന്തയുടെ ഒറിജിനൽ ടെക്സ്റ്റ് നോക്കിയാൽ അറിയാം മുറിച്ചു കളഞ്ഞ വരികൾ കവിതയ്ക്ക് എത്ര പ്രധാനപ്പെട്ടതാണ് എന്ന്. ആൺപറ്റ് എന്ന വാക്ക് ഞാൻ ഈ പരിഭാഷയിൽ എഴുതുന്നതിനുമുൻപ് എവിടെയും വായിച്ചിരുന്നില്ല. ഈ പരിഭാഷക്ക് വേണ്ടി അങ്ങനെയൊരു പദച്ചേർച്ച ആലോചിച്ചുണ്ടാക്കിയതാണ് (ആൺപറ്റ് എന്ന വാക്ക് ഒന്ന് ഗൂഗിൾ ചെയ്തുനോക്കൂ. എത്ര റിസൾറ്റ് കിട്ടുന്നുണ്ട്?). മനുഷ്യപ്പറ്റ് എന്ന വാക്കുപോലെ ആൺപറ്റ് എന്നായിക്കൂടേ എന്നായിരുന്നു ഞാൻ ആലോചിച്ചത്. ഏതായാലും വി കെ ശ്രീരാമന്റെ ‘സ്വതന്ത്ര പരിഭാഷ‘ യിൽ ഈ പദം കൂടി ഉൾപ്പെട്ട് കാണുന്നതിൽ ഒരു സ്പെഷ്യൽ സന്തോഷമുണ്ട്.
ഞാൻ അക്കാദമിക് റിസർച്ച് ചെയ്യുകയും സൂപർവൈസ് ചെയ്യുകയും ചെയ്യുന്ന ആളാണ്. Similarity check ൽ 10% ൽ അധികം സാമ്യം വന്നാൽ മിക്കവാറും ജേണലുകൾ ഒരു ആർട്ടിക്കിൾ പ്രാഥമിക പരിശോധനയിൽ തന്നെ തള്ളും എന്നറിയാം. ഈ രണ്ട് പരിഭാഷകളുടെ plagiarism check ചെയ്താൽ ശ്രീരാമന്റെ വേർഷൻ എന്റേതുമായി 95% ൽ അധികം similarity കാണിക്കാനാണ് സാധ്യത. ഖണ്ഡിക തിരിക്കലും വരികൾ ഒഴിവാക്കലുമൊന്നും അവിടെ സഹായിക്കില്ല. സാഹിത്യത്തിന് ഇത് ബാധകമാണോ എന്നറിയില്ല.
ഇങ്ങനെ ഒരു പോസ്റ്റ് ഇടണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചു. ആദ്യം വിചാരിച്ചു എന്റെ പരിഭാഷയെപ്പറ്റി സൂചിപ്പിക്കാത്തത് അദ്ദേഹത്തിന്റെ ഒരു മറവിയോ നോട്ടപ്പിശകോ ആയിരിക്കുമെന്നാണ്. അതുകൊണ്ട്, അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടയുടെനെ ഒരു സ്മൈലി അവിടെ കമന്റായി ഇടുകയാണ് ഞാൻ ചെയ്തത്. ആ കമന്റിനെ അദ്ദേഹം കണ്ടതായി നടിച്ചില്ല. അതിന് മുൻപും ശേഷവുമുള്ള കമന്റുകളോട് കക്ഷി ആവേശപൂർവ്വം പ്രതികരിക്കുകയും അനുമോദനങ്ങൾ ഏറ്റുവാങ്ങുകയും മറ്റും ചെയ്യുന്നുണ്ട്. അവസാനത്തെ വരി അങ്ങനെയല്ലെങ്കിൽ ഭാവം ശരിയാവില്ല എന്നൊക്കെ ഒരാളോട് ആധികാരികമായി പറയുന്നതും കണ്ടു. ഇതൊക്കെക്കൂട്ടി ആലോചിച്ചപ്പോൾ അദ്ദേഹം കാണിച്ചത് കണക്കുകൂട്ടിയുള്ള കള്ളത്തരമാണെന്നാണ് എനിക്ക് ബോധ്യപ്പെടുന്നത്. തന്നെപ്പോലെ പ്രശസ്തനോ പ്രമുഖനോ പ്രമാണിയോ ഒന്നുമല്ലാത്ത ഒരുവനോട് എന്തുവേണമെങ്കിലും ആവാം എന്ന ഹുങ്കാണ് എനിക്കിതിൽ കാണാൻ പറ്റുന്നത്. ആ ടൈപ്പ് ഹുങ്കിനെയൊന്നും വകവെയ്ക്കാൻ പറ്റില്ലെന്ന് മാത്രമല്ല, അതിനെയൊക്കെ തുറന്നുകാണിക്കേണ്ടത് സാഹിത്യത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തമാണെന്നും കൂടി ഞാൻ വിചാരിക്കുന്നു.
എന്റെ പരിഭാഷ ആ കവിതയ്ക്ക് സാധ്യമായ ഏറ്റവും മികച്ച പരിഭാഷയാണ് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. സമയത്തിന്റെയും സാഹചര്യത്തിന്റെയും (of course, പ്രതിഭയുടെയും) പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്തതാണ്. പക്ഷേ, അതിനെ ഏതാണ്ട് അതേപടി ഉപയോഗിച്ച് തന്റേതെന്ന വിധത്തിൽ ഒരാൾ പ്രസിദ്ധീകരിക്കുന്നത് മര്യാദകേടാണ്. എന്നോട് ചെയ്ത മര്യാദകേടിന് പുറമെ, മന്ദാക്രാന്തയോട് അദ്ദേഹം ചെയ്ത മര്യാദകേട് നോക്കൂ. അവരുടെ കവിതയിലെ പ്രധാനപ്പെട്ട രണ്ട് വരികൾ അദ്ദേഹം മുറിച്ചു കളയുന്നു. കൂടാതെ അവർ ആരാണെന്ന് അറിയാത്ത ആളുകൾക്ക് സെർച് ചെയ്ത് കണ്ടുപിടിക്കാൻ സാധിക്കുന്ന വിധത്തിൽ അവരുടെ മുഴുവൻ പേര് പോലും പോസ്റ്റിൽ കൊടുക്കുന്നുമില്ല. അസാധ്യമായ കവിത്വമുള്ള കവിയാണ് മന്ദാക്രാന്ത. എങ്ങനെ പരിഭാഷപ്പെടുത്തിയാലും ആ കവിതകളുടെ ആന്തരിക കാന്തി വായനക്കാരോട് സംവദിക്കും, വായനക്കാരെ പിടിച്ചുലയ്ക്കും. അത് വേറെ കാര്യം..
കുറച്ചുകൊല്ലങ്ങളായി ഓൺലൈനിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ ഈ പോസ്റ്റിനെത്തുടർന്ന് അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്യാനും അദ്ദേഹവും ആരാധകരും ചേർന്ന് എന്നെ അവിടെ ഭർത്സിച്ച് രസിക്കാനുമുള്ള സാധ്യത പ്രവചിച്ചുകൊണ്ട് നിർത്തുന്നു. നിങ്ങളുടെ എല്ലാ അഭിപ്രായങ്ങൾക്കും സ്വാഗതം. മന്ദാക്രാന്ത സെന്നിന്റെ Poetry International പേജ് ആദ്യത്തെ കമന്റിൽ കൊടുക്കുന്നു.
[എഡിറ്റ് (02-03-2024, 11:00 pm):
വി കെ ശ്രീരാമൻ കുറച്ചുമുൻപ് ഫോണിൽ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു. ആ കവിത ബംഗാളിയിൽ നിന്ന് ആരോ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് എന്ന തെറ്റിദ്ധാരണയിൽ പോസ്റ്റ് ചെയ്തു എന്നാണ് പറഞ്ഞത്. എന്റെ പേര് പരാമർശിക്കാത്തത് തെറ്റായിപ്പോയി എന്നും പറയുകയുണ്ടായി. ഇക്കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പോസ്റ്റ് ഇടുമെന്നും പറഞ്ഞു. ആ സംഭാഷണത്തെ മുഖവിലയ്ക്കെടുത്തുകൊണ്ട് ഈ വിഷയത്തിൽ ഇപ്പോൾ ഇനി കൂടുതൽ പ്രതികരിക്കേണ്ട എന്ന് വിചാരിക്കുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നില്ല. കൂടെ നിന്ന സുഹൃത്തുക്കൾക്കെല്ലാം നന്ദി, സ്നേഹം.
വി.കെ. ശ്രീരാമെൻറ ഫേസ് ബുക്ക് കുറിപ്പ്
മാൾട്ടി: കള്ളൻ, പെരുംകള്ളൻ ,കാട്ടുകള്ളൻ.....🤨👺👹
▪️ ആര്?
മാൾട്ടി: യൂ. ഇങ്ങളെന്നെ .
▪️ നീ വികാരഭരിതയാവാതെ. കാര്യം പറയൂ.
മാൾട്ടി: ഇങ്ങള് മന്ദാക്രാന്തത്തിൻ്റെ കവിത കട്ടു. അതെന്നെ.
▪️ നീയ്യിതെങ്ങനെ അറിഞ്ഞു.?🤔ഏതായാലും അറിഞ്ഞ സ്ഥിതിക്ക് പുറത്തു പറയണ്ട.😷
മാൾ: മോഷണം ബൂർഷ്വാസിക്കൊരു ബൂഷണം എന്നാ അമൽ കൃഷ്ണ പറയുന്നത്.ആ നിലക്ക് ഇങ്ങക്ക് ബൂഷണം തന്നെ.
▪️പക്ഷെ, ഇത് നമ്മളു തമ്മില് അറിഞ്ഞാ മതി. ചില പ്രത്യേക വസ്തുക്കള് കണ്ടാൽ എനിക്കു് മോഷ്ടിക്കാൻ തോന്നും. ചെറുപ്പത്തിലേ ഉള്ള ശീലാ. പക്ഷെ, ഈയ്യിടെയായി അനങ്ങാൻ നിവൃത്തിയില്ല. എവിടെ തിരിഞ്ഞാലും ഒളിക്കാമറ വെച്ചിരിക്കുകയാണ്😣😭
മാൾ: ഇദങ്ങനെ കോമടി ആക്കണ്ട വിഷയമൊന്നുമല്ല.
▪️ ഞാൻ സീരിയസ്സായിട്ടാ പറേണത്. നീ ഇപ്പോഴെങ്കിലും മനസ്സിലാക്കുക. ഞാനൊരു തസ്കര വീരനാണ്. വെറുമ്മലയാളത്തിൽ കള്ളൻ എന്നു വിളിച്ച് എന്നെ അപമാനിക്കരുത്.
മാൾ: ഓക്കെ ഓക്കെ. അപമാനിക്കുന്നില്ല .എന്നാലും പറഞ്ഞായോ എന്താ ഉണ്ടായീന്ന്.
▪️ ആരോടും പറയരുത്.
മാൾ: ല്ല.
▪️ എനിക്ക് വിശ്വാസമില്ല. നീ മക്ക്യാൻ്റളപ്പിൽ അക്കബറിനെ പിടിച്ച് സത്യം ചെയ്യ്.ഓൻ്റെ വീടരീം മനസ്സിൽ വിജാരിക്ക്.
മാൾ: ഓക്കെ.സത്യം സത്യം സത്യം. ഞാനാരോടും പറയില്ല.
▪️ പട്ടാമ്പിക്കാർണ്ണിവെല്ലിൽ വെച്ച് മന്ദാക്രാന്ത സെന്നിൻ്റെ കവിത ടി.പി.വിനോദ് ചൊല്ലുന്നതു കേട്ടപ്പോൾ എനിക്ക് അത് വല്ലാതെയങ്ങ് ഇഷ്ടപ്പെടുകയും ഞാനത് ടി.പി.വിനോദിനോട് ചോദിച്ചു വാങ്ങുകയും എൻ്റെ ചെമരുമ്മേ കൊണ്ടോയി ഒട്ടിക്കുകയും ചെയ്ത് .
മാൾട്ടി: ഓക്കെ ഓക്കെ. പരിഭാഷ ടി.പി.വിനോദ് എന്ന് മായ്ക്കുകയും ചില വരികൾ കളയുകയും നീരൊഴുക്ക് മാറ്റി പുഴ ആക്കുകയും ചെയ്തത് ക്രിമിനൽ കുറ്റമാണ്.
▪️😣🙏🏻 ശരിയാണ്. ആക്രാന്തം പാടില്ലായിരുന്നു.
മാൾ: ഇന്നോട് പറഞ്ഞിട്ട് കാര്യമില്ല. ടീപ്പി വിനോദിൻ്റെ ആരാദകർ ഇളകിയിരിക്കുന്നു.
▪️🤔 ഇതൊന്ന് ഒതുക്കിത്തീർക്കാൻ വല്ല മാർഗ്ഗവും നിൻ്റെ മനസ്സിൽ തോന്നുന്നുണ്ടോ?
മാൾ: പുഴയെ വീണ്ടും നീരൊഴുക്കാക്കാമെന്നും . തട്ടിക്കളഞ്ഞതൊക്കെ കൂട്ടിച്ചേർക്കാന്നും ടീപ്പിയോട് പറഞ്ഞോക്ക്.
▪️ ചെലേപ്പൊ അങ്ങനെ കാര്യങ്ങൾ ഒത്തുതീർപ്പാവും ഇല്ലേ?🤔
മാൾട്ടി: ഇക്കിശ്ശല്ല. അമൽകൃഷ്ണയോട് ചോയിച്ചു നോക്കട്ടെ.
▪️ ഞാനും ചില വക്കീലുമാരെയൊക്കെ കണ്ടാേക്കാം. നീ നിൻ്റെ ആതിര വക്കീലിനോടും ഒന്നു പറയു.കോഴിബിരിയാണിയേക്കാൾ പ്രധാന പ്രശ്നം ഇണ്ടായിട്ടുണ്ടെന്ന്.
എങ്ങന്യാ രക്ഷപ്പെട്വാന്ന് നിശ്ശല്യലോ!
😭😣❤🩹😌🤨
ആകയാലും പ്രിയരേ സുപ്രഭാതം
കവി ടി.പി. വിനോദിെൻറ ഫേസ് ബുക്ക് പോസ്റ്റ്
ഇന്നലത്തെ പോസ്റ്റുമായി ബന്ധപ്പെട്ട് തന്നെയാണ്. വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിഷയം. ഇതിൽ ഇനി വേറെ ഒരു പോസ്റ്റ് ഇടേണ്ടി വരുമെന്ന് കരുതിയതല്ല. പക്ഷേ, അദ്ദേഹത്തിന്റെ താത്പര്യം അതല്ല എന്ന് തോന്നുന്നു. കഴിഞ്ഞ പോസ്റ്റിന്റെ അവസാന ഭാഗത്ത് എഡിറ്റായി കൂട്ടിച്ചേർത്തതുപോലെ അദ്ദേഹം ഫോണിൽ വിളിച്ച് സംസാരിച്ചതുപ്രകാരം ഞാൻ ആ വിഷയം വിടുകയും അദ്ദേഹത്തിന്റെ വിശദീകരണ പോസ്റ്റ് കാത്തിരിക്കുകയുമായിരുന്നു. ഖേദകരമെന്ന് പറയട്ടെ,, വിശദീകരണമെന്ന രൂപത്തിൽ അദ്ദേഹം ഇന്ന് പോസ്റ്റ് ചെയ്ത സാധനം എന്നെയും എന്റെ പരാതിയിൽ ന്യായമുണ്ടെന്ന് മനസ്സിലാക്കിയവരേയും വലിയതോതിൽ പരിഹസിക്കുന്നതും അപമാനിക്കുന്നതുമായ ഒന്നാണ്.
ആ പോസ്റ്റ് വായിച്ചാൽ നിങ്ങൾക്കത് ബോധ്യപ്പെടും. അതിൽ എന്റെ ഭാഗം പറയുന്നത് ഒരു പട്ടിയാണ്. അതായത് എന്റെ ഭാഗത്താണ് നീതി എന്ന് കരുതുന്നവർ (ഞാനുൾപ്പടെ) ശുനകസമാനർ. എങ്ങനെയുണ്ട്? ഇന്നലെ ഫോൺ വിളിച്ചപ്പോൾ അദ്ദേഹം സ്വീകരിച്ച ക്ഷമാപണസ്വരത്തിന്റെ ലാഞ്ചനപോലും ഇന്നത്തെ പോസ്റ്റിലില്ലെന്ന് മാത്രമല്ല, ഞാനെന്തോ വലിയ പാതകം ചെയ്തു എന്നാണ് മൊത്തത്തിലുള്ള ടോൺ. അദ്ദേഹത്തിന്റെ ക്ഷമാപണമൊന്നും ആർക്കും ആവശ്യമില്ല. എന്താണ് സംഭവിച്ചതെന്ന് സാമാന്യ ബുദ്ധിയും നീതിബോധവുമുള്ള ആളുകൾക്കൊക്കെ ബോധ്യപ്പെട്ടിട്ടുണ്ട്. എന്റെ പേര് ചേർക്കാൻ വിട്ടുപോയത് ഒരു തെറ്റാണ് എന്ന് ഇതേ പ്ലാറ്റ്ഫോമിൽ ഒരു വരി എഴുതിയാൽ അവിടെ തീരുമായിരുന്നു പ്രശ്നം. പക്ഷേ, അദ്ദേഹത്തിന് സ്വന്തം കൾച്ചറൽ കാപ്പിറ്റൽ ഉപയോഗിച്ച് തന്നെക്കാൾ ചെറിയ ഒരാളെ ചവിട്ടിക്കൂട്ടി അപമാനിക്കുന്നതിലാണ് ഹരം. ഇഷ്ടംപോലെ ആളുകൾ അദേഹത്തിനുവേണ്ടി ആർപ്പുവിളിച്ചുകൊണ്ട് ചുറ്റിലുമുണ്ട് താനും. എന്റെ cause നെ സപ്പോർട്ട് ചെയ്തവരെ പട്ടിയാക്കുന്നതുകൂടാതെ ആരാധകർ എന്ന് വിളിച്ച് അപഹസിക്കുന്നുമുണ്ട് പോസ്റ്റിൽ. അതിനിടെ വിവർത്തനം പോസ്റ്റ് ചെയ്ത ആദ്യത്തെ പോസ്റ്റ് ടൈംലൈനിൽ നിന്ന് മുക്കിയിട്ടുമുണ്ട്. തെറ്റൊന്നും ഇല്ലാത്ത പോസ്റ്റായിരുന്നെങ്കിൽ എന്തിനാണാവോ മുക്കുന്നത്? അദ്ദേഹത്തിന്റെ ഇന്റഗ്രിറ്റിയെപ്പറ്റിയും അക്കൗണ്ടബിലിറ്റിയെപ്പറ്റിയുമുള്ള സംശയങ്ങൾ എല്ലാം ഇന്നത്തെ പോസ്റ്റോടുകൂടി തീർന്നുകിട്ടി എന്ന സന്തോഷമുണ്ട്.
അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിലും മന്ദാക്രാന്ത സെന്നിനോടൂള്ള അവഹേളനം തുടരുന്നത് വല്ലാതെ ഡിസ്റ്റർബ് ചെയ്യുന്നു. ‘മന്ദാക്രാന്തത്തിന്റെ കവിത‘ എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. വേറൊരു നാട്ടിൽ നിന്ന് അതിഥിയായി ഇവിടെ വന്ന ഒരു എഴുത്തുകാരിയുടെ പേര് നാണംകെട്ട കോമഡിക്കുവേണ്ടി ഇങ്ങനെ വക്രീകരിക്കുന്നതാണോ ഇവരുടെയൊക്കെ സാംസ്ക്കാരിക പ്രവർത്തനം?
എന്റെ പോസ്റ്റിൽ ന്യായമുണ്ടെന്ന് കണ്ട് മെസേജ് അയച്ചും കമന്റ് ചെയ്തും കൂടെനിന്ന ഒരുപാട് സുഹൃത്തുക്കളുണ്ട്. ഇതുവരെ തമ്മിൽ സംസാരിച്ചിട്ടില്ലാത്തവരും പരിചയപ്പെട്ടിട്ടില്ലാത്തവരും അതിൽ ഉൾപ്പെടുന്നു. മനുഷ്യരുടെ കളക്റ്റീവ് നീതിബോധത്തിലുള്ള എന്റെ വിശ്വാസത്തെ നിങ്ങൾ ഒരിക്കൽക്കൂടി ഉറപ്പിച്ചു. നന്ദി. ചെറിയ മനുഷ്യർക്കും ആത്മാഭിമാനം, അന്തസ്സ് എന്നിവയൊക്കെ ഉണ്ടെന്നും അതിനെ നിങ്ങളുടെ പ്രശസ്തിയുടെയും പ്രാമാണിത്തത്തിന്റെയും ബലത്തിൽ ഇല്ലായ്മചെയ്യാൻ സാധിക്കില്ലെന്നും ഏതെങ്കിലും കാലത്ത് മനസ്സിലാക്കാൻ ശ്രീരാമനും ഫാൻസിനും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.