ഉസ്താദ് എംബാപ്പെ - കഥകൾ,  മുഖ്‌താർ ഉദരംപൊയിൽ

ഉള്ളുരുക്കത്തിന്റെ കഥകള്‍; ഉള്ളുരുക്കുന്ന കഥകള്‍

കണ്ണീര്‍നനവുള്ള മനുഷ്യാഖ്യാനങ്ങളുടെയും തികവുറ്റ രാഷ്ട്രീയകഥകളുടെയും സമാഹാരമാണ് മുഖ്താര്‍ ഉദരംപൊയിലിന്റെ ‘ഉസ്താദ് എംബാപ്പെ’. ജീവസ്സുറ്റ മനുഷ്യചിത്രങ്ങള്‍ വരയുന്ന കലയില്‍ അദ്വിതീയനാണ്, ചിത്രകാരന്‍ കൂടിയായ ഈ കഥാകാരന്‍. രൂപപൂര്‍ത്തിയുള്ള ഒരു കഥ നെയ്യുന്നതോടൊപ്പം കണ്ണീര്‍ ഘനീഭവിച്ചതുപോലെയുള്ള ചില കഥാപാത്രങ്ങളെ വാര്‍ത്തു​െവക്കാനും മുഖ്താറിനാകുന്നു. പ്രാഥമികമായും വൈകാരികസംവേദനമാണ് ഈ കഥകള്‍. ചൂടുള്ള ഒരു നിശ്വാസമായോ കണ്ണീരിന്റെ പൊള്ളലായോ കരച്ചിലിന്റെ ഒരു ചീളായോ അവ നമ്മെ വന്നു തൊടുന്നു. കഥനവൈഭവം സഹജവാസനയായി കൈവന്നിട്ടുള്ള ഒരാളെപ്പോലെയാണ് മുഖ്താര്‍ എഴുതുന്നത്. പരിചയസമ്പന്നനായ ഒരിടയന്‍ തന്റെ ആടുകളെ മേയ്ക്കുന്നതുപോലെ അയാള്‍ തന്റെ കഥയെയും കഥാപാത്രങ്ങളെയും മേയ്ച്ചുകൊണ്ടുപോകുന്നു. തീവ്രവൈകാരികതയുടെ സ്‌ഫോടനശേഷിയുള്ള ചില കഥാപരിണാമങ്ങളിലാവും അയാള്‍ നമ്മെ കൊണ്ടെത്തിക്കുക. കരച്ചിലിന്റെ അഴിമുഖം പോലെയുള്ള ആ ഇടങ്ങളില്‍ നമ്മെയുപേക്ഷിച്ച് കഥാകാരന്‍ സ്ഥലംവിടുന്നു. വീര്‍പ്പുമുട്ടിക്കുന്ന വൈകാരികതയുടെ ആ കത്രികപ്പൂട്ടിനുള്ളില്‍നിന്ന് നാം വായനക്കാര്‍ സ്വയം വേണം പിന്നീടു പുറത്തുകടക്കാന്‍.

‘‘സെയ്ദാലിക്കുട്ടിയെ പാമ്പു കടിച്ചു. സൈറാബിയുടെ ഖബര്‍ കാണാന്‍ പോയതായിരുന്നു അവന്‍. അവിടെ, അവളുടെ ഖബറിനു മുകളില്‍ ജീവനോടെ അവന്‍ മരിച്ചുകിടന്നു’’. ‘ജിന്നെളാപ്പ’ എന്ന കഥയുടെ പര്യവസാനമാണിത്. കഥ പറച്ചിലുകാരിയായിരുന്നു സൈറാബി. ഷെഹ്‌റസാദിന്റെ പരമ്പരയില്‍ പിറന്ന ഒരു കുഞ്ഞു കഥപറച്ചിലുകാരി. അവളുടെ, തീരെ നീളം കുറഞ്ഞ ജീവിതകഥയാണ് മുഖ്താര്‍ ഇങ്ങനെ പറഞ്ഞു നിര്‍ത്തുന്നത്. ഭാവനയുടെ ഉന്മാദം ബാധിച്ച ഒരുവളായിരുന്നു സൈറാബി. അത്തരം ഉന്മാദിനികളെ വളരാനോ തുടരാനോ അനുവദിക്കാതെ, നേരിയ നീലനാളമുള്ള ഒരു വിചിത്രദീപമെന്നോണം, ഊതിക്കെടുത്താറേയുള്ളൂ നമ്മുടെ സമൂഹം. സൈറാബി എന്ന കഥനദീപവും അങ്ങനെ പൊലിഞ്ഞു പോകുന്നു.

രണ്ടാമത്തെ കഥയായ ‘മരുദ്വീപി’ല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥയും കഥാപരിസരവും കഥനഭാഷയുമാണു കാണുന്നത്. പ്രവാസജീവിതമെന്ന വീര്‍പ്പുമുട്ടിക്കുന്ന ഏകാന്തതയെയാണത് കഥനവത്കരിക്കുന്നത്. കഥയില്‍ ഒരിടത്ത് നമ്മള്‍ ഇങ്ങനെ വായിക്കുന്നു. ‘‘നിലാവില്ലാത്ത രാത്രിയില്‍ ഉള്‍ക്കടലില്‍ ഒരു തോണിയില്‍ ഒറ്റക്കിരിക്കുന്ന പോലുള്ള ഭീകരത. രാത്രിയായാല്‍ ഉള്‍ക്കടലും മരുഭൂമിയും കൊടുംകാടും ഒന്നുതന്നെ എന്നു തോന്നി.’’ ഏകാന്തതയുടെ ഇത്തരം കൊടുംനേരങ്ങള്‍ മുഖ്താറിന്റെ കഥകളില്‍ സുലഭമാണ്.

‘ഉരുള്‍’ എന്ന കഥയിലെ, മഴയില്‍ മരുഭൂമിയിലെ ഒരു കെട്ടിടത്തിനുള്ളില്‍ ഒറ്റപ്പെട്ടുപോയ, കഥാപാത്രത്തിന്റെ വിഹ്വലതകള്‍ വിവരിക്കുന്ന ഭാഗം കാണുക. ‘‘സ്‌കൂളിനു ചുറ്റും ചുമരുപോലെ ഉയരത്തില്‍ മതിലാണ്. അകത്തേക്കും പുറത്തേക്കും കാണില്ല. വലിഞ്ഞുകയറി മറിയാനും പറ്റില്ല. ജയിലിന്റെ മതിലുപോലെയാണ്. കെട്ടിടത്തിന്റെ ചുമരുതന്നെയെന്ന് തോന്നും. അപ്പോഴാണ് ശരിക്കും പേടി ഉള്ളിലേക്ക് കയറിയത്. വലിയ ആ കെട്ടിടത്തിനുള്ളില്‍ ഞാനൊറ്റക്കാണ്. വിജനമായ മരുഭൂമിയില്‍‌ ഒറ്റപ്പെട്ടപോലെ ശ്വാസംമുട്ടി അപ്പോള്‍.’’

ഏകാന്തതയുടെ ഇത്തരമൊരു മരുഭൂമിയിലാണ്, മരുഭൂമിയിലല്ലാത്തപ്പോഴും, മുഖ്താറിന്റെ കഥാപാത്രങ്ങള്‍. ഏകാന്തതയും അനാഥത്വവും അരക്ഷിതത്വവും ഇടുക്കപ്പേടി (claustrophobia) പോലെ അവരെ വന്നു ചൂഴുന്നു. ‘ഉസ്താദ് എംബാപ്പെ’ എന്ന കഥയിലെ സാദിഖിനെയും വന്നു ഞെരിക്കുന്നുണ്ട്, കനമുള്ള കരിങ്കല്ലുപോലെ നെഞ്ചില്‍ക്കയറിയിരുന്നു വീര്‍പ്പുമുട്ടിക്കുന്ന ചില നോവുകളും നീറ്റങ്ങളും. ഏകാന്തതയുടെ പരകോടി എന്നു പറയാവുന്ന മൂന്ന് ചെറുവാക്യങ്ങളിലാണ് ആ കഥ അവസാനിക്കുന്നത്.

‘‘അന്നു നേരത്തെ ഇരുട്ടായി. ആകാശം പള്ളിപ്പറമ്പുപോലെ കറുത്തു. അവിടെ ഒറ്റക്കാലുകൊണ്ട് ഒരാള്‍ പന്തുകളിക്കുന്നത് ഇടിമിന്നല്‍ വെളിച്ചത്തില്‍ ഞാന്‍ കണ്ടു.’’ സമാഹാരത്തിലെ മികച്ച കഥകളിലൊന്നാണ് ‘ഉസ്താദ് എംബാപ്പെ’; കളിയും ജീവിതവും കദനവും ചേര്‍ത്തു നെയ്ത, കണ്ണീര്‍ വീണു കുതിര്‍ന്ന നിസ്‌കാരപ്പായപോലെയുള്ള രചന.

രോഗവും ദുഃഖവും ദുരിതവും ദാരിദ്ര്യവും ദുരന്തവും ചൂഴുമ്പോഴും ആര്‍ദ്രതയുടെ നേര്‍ത്ത വിരലുകളാല്‍ പരസ്പരം തൊടുകയും ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നവരാണ് മുഖ്താറിന്റെ കഥാപാത്രങ്ങള്‍.

‘ബ്ലാക്ക്മാന്‍’ എന്ന കഥയിലെ അബുവും ബാബുവും ചെന്നിരിക്കാറുള്ള കുന്നിന്‍ചെരിവുപോലെയുള്ള ചിലയിടങ്ങള്‍ ആ കഥകളില്‍ കഥാകൃത്ത് പണിതു​െവച്ചിരിക്കുന്നു.

‘‘മൂന്ന് സാധുബീഡി കത്തിത്തീരുന്ന സമയം അവരവിടെ ഇരിക്കും. ഒന്നും മിണ്ടില്ല. അങ്ങനെ ഇരിക്കുമ്പോള്‍ അബുവിന്റെ കണ്ണു നിറയും. അപ്പോള്‍ ബാബു അബുവിന്റെ തോളില്‍ കൈയിട്ടു ചേര്‍ന്നിരിക്കും.’’

മുക്രികളും ഉസ്താദുമാരും ഖാളികളും പള്ളികളും അലിവിയന്ന ഉമ്മമാരും വല്ല്യുമ്മമാരും ഉപ്പമാരും എളേപ്പമാരും ജിന്നുകളും മലക്കുകളും ചേരുന്ന ഗ്രാമീണ മുസ്‍ലിം ജീവിതത്തിന്റെ ഒരു ലോകം, ഈ കഥകളില്‍ അതിന്റെ അറബിമലയാളച്ചന്തം വിടര്‍ത്തിനില്‍ക്കുന്നുണ്ട്. അതില്‍നിന്നൂറിക്കൂടിയ, അയവുള്ള ഒരു കഥനഭാഷയും സ്വായത്തമാണ് മുഖ്താറിന്. ദീനികളായ മനുഷ്യരുടെ ജീവിതദൈന്യവും നന്മയും സങ്കടങ്ങളും, നാട്ടുവെളിച്ചം പോലെ, അകൃത്രിമസുന്ദരമായി പകരാന്‍ പര്യാപ്തമായ ഭാഷയാണത്. ഇതേ കരുക്കളുപയോഗിച്ചാണ് മുഖ്താര്‍, ‘ബ്ലാക്ക്മാന്‍’ പോലെ തികവുറ്റ ഒരു രാഷ്ട്രീയകഥയും മെനഞ്ഞെടുക്കുന്നത്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ അതു മനുഷ്യച്ചൂരുള്ള ഒരാഖ്യാനമാക്കി മാറ്റുന്നു. ‘ഉസ്താദ് എംബാപ്പെ’യുമായി തോളുരുമ്മിയാണ് ഈ മികച്ച കഥനശില്‍പത്തിന്റെയും നില. ഇതേ പ്രമേയം, മാധ്യമപ്രവര്‍ത്തകരുടെ ഉത്തരേന്ത്യന്‍ ‍ജീവിതപരിസരങ്ങളില്‍ പുനരാവിഷ്‌കരിക്കപ്പെടുകയാണ് ‘മു.മാപ്ര’ എന്ന കഥയില്‍.

‘നഗ്നചിത്രങ്ങള്‍’ മറ്റൊരു രാഷ്ട്രീയമാണു സംസാരിക്കുന്നത്, ഏതു സ്ത്രീയെയും വിവസ്ത്രീകരിക്കുന്ന ആണ്‍നോട്ടത്തിന്റെ. മനുഷ്യരുടേതെന്നപോലെ, ജന്തുജാലങ്ങളുടേതു കൂടിയാണ് മുഖ്താറിന്റെ ആഖ്യാനപ്രപഞ്ചം. ആട്, പൂച്ച, പെരുമ്പാമ്പ്, ഓന്ത്, ചേര തുടങ്ങി അവയുടെ ഒരു സമൃദ്ധലോകംതന്നെയാണ് ഈ കഥകള്‍. മഴയും ഉരുള്‍പൊട്ടലും ഉരുള്‍പൊട്ടലില്‍ മുങ്ങിപ്പോയ മനുഷ്യരും ചേരുന്ന മറ്റൊരു ലോകവുമുണ്ട്. ഇങ്ങനെ കഥനത്തിന്റെ പല കിളിവാതിലുകള്‍ തുറന്നിടുകയാണ് മുഖ്താര്‍, മണ്ണിലേക്കും മനുഷ്യരിലേക്കും അവരുടെ തീരാവ്യസനങ്ങളിലേക്കും. കഥപറച്ചിലിന്റെ ഈ ഏറനാടന്‍വഴിയില്‍ മുഖ്താറിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്; ജിന്നുകളുടെയും മനുഷ്യരുടെയും കഥ പറഞ്ഞുകൊണ്ട്, അവരുടെ കണ്ണീരില്‍ ജീവിതവും രാഷ്ട്രീയവും ചാലിച്ചെഴുതിക്കൊണ്ട്.

Tags:    
News Summary - ustad mbappe by mukhtar udarampoyil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT