പാലക്കാട്: സാഹിത്യലോകവും ആശയപ്രപഞ്ചവും തൊട്ടറിയാൻ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് പാലക്കാട്ടെ കാഴ്ചയില്ലാത്തവരുടെ കൂട്ടായ്മയായ കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡിന്റെ പ്രവർത്തകർ. കാഴ്ചയുള്ളവരിൽതന്നെ വായന മുരടിച്ചുപോകുന്ന കാലഘട്ടത്തിലാണ് ഇവർ വായനയുടെ വാതായനങ്ങൾ തുറക്കുന്നത്. കഥകളും കവിതകളും നോവലുകളും പഠനങ്ങളുമെല്ലാം ഹൃദയത്തിലേറ്റു വാങ്ങുകയാണ് ഇവർ.
കേരളത്തിലെ നാലാമത്തെ ബ്രെയിലി ലൈബ്രറിയാണ് പാലക്കാട്ട് ഒരുക്കിയിട്ടുള്ളത്. പാലക്കാടിനു പുറമെ തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലാണ് നിലവിൽ ഇത്തരം ലൈബ്രറിയുള്ളത്.
പാലക്കാട് ജില്ലയിൽ 750ലധികം അംഗങ്ങളുള്ള സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ 150ലധികം പുസ്തകങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ബ്രെയിലി ലിപിയിലുള്ള പുസ്തകങ്ങളുടെ പ്രിന്റിങ് തിരുവനന്തപുരത്തും കണ്ണൂരുമാണ് നടക്കുന്നത്. പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെ ബ്രെയിലി ലിപിയിലുള്ള പ്രിന്റിങ്ങിന്റെ സങ്കീർണത കുറക്കാനുള്ള ഒരുക്കത്തിലാണ് ഇതിന്റെ അണിയറ പ്രവർത്തകർ.
ബ്രെയിലി ലിപിയിൽ കൃതികൾ ഒരുക്കലും അവയുടെ സൂക്ഷിപ്പും വളരെ ശ്രമകരമാണ്. പാലക്കാട് ടി.ബി റോഡിലുള്ള ഇടുങ്ങിയ ഓഫിസ് മുറിയുടെ മുകൾനിലയിലാണ് ഇവർ താൽക്കാലികമായി ലൈബ്രറി ഒരുക്കിയിട്ടുള്ളത്. ബ്രെയിലി ലിപിയിൽ ഒരുക്കിയതിനാൽതന്നെ ഭാരമേറിയ വലിയ പുസ്തകങ്ങളാണ് ഇവയെല്ലാം. വീതിയേറിയ ജനൽപ്പടിയിലും മറ്റുമായാണ് ഇവയെല്ലാം സൂക്ഷിച്ചിരിക്കുന്നത്.
ഇടുങ്ങിയ ഗോവണിയിലൂടെ കയറി ലൈബ്രറി ഉപയോഗപ്പെടുത്തുക എന്നത് ഇവരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ളതാണെങ്കിലും വായനയോടുള്ള അഭിനിവേശം അതെല്ലാം വിസ്മരിക്കാൻ അവരെ പ്രേരിപ്പിക്കുന്നു.
ലൈബ്രറിക്കാവശ്യമായ നല്ലൊരു കെട്ടിടവും പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ആവശ്യമായ അലമാരകളുമാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസം നടന്ന ലൈബ്രറി ഉദ്ഘാടനവേദിയിൽ ഇവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റും ലൈബ്രറി കൗൺസിൽ ഭാരവാഹികളും ഉറപ്പുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.