വടകര: മഹാശിലായുഗ കാലത്തെ മനുഷ്യവാസം അടയാളപ്പെടുത്തിയ മുടപ്പിലാവിൽ ഗുഹ അവഗണനയിൽ. മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ കീഴൽ റോഡിനോട് ചേർന്നാണ് മഹാശിലായുഗ സ്മാരകമായ ഗുഹ സ്ഥിതി ചെയ്യുന്നത്. സംരക്ഷിത ചരിത്ര സ്മാരകമായ ഗുഹ അധികൃതരുടെ അവഗണനയാൽ സംരക്ഷിക്കപ്പെടാതെ വിസ്മൃതിയിലാവുകയാണ്.
ചരിത്രസ്മാരകങ്ങളായ കുഞ്ഞാലിമരക്കാർ മ്യൂസിയവും ലോകനാർകാവും കാണാനെത്തുന്ന സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലത്താണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ എട്ട് സംരക്ഷിത ചരിത്ര സ്മാരകങ്ങളിലൊന്നും ഏക സംരക്ഷിത ചെങ്കൽ ഗുഹയുമാണിത്. സംരക്ഷിത സ്മാരകം ആണെന്നുള്ള ഒരു സൂചനയും ഇവിടെ നൽകിയിട്ടില്ല.
സംരക്ഷിത ചരിത്രസ്മാരകമാണെന്ന് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചാൽ ഇതിന്റെ പ്രാധാന്യം തിരിച്ചറിയാനും സംരക്ഷിക്കാനും സഹായകരമാകുമെങ്കിലും പുരാവസ്തു വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. ഗുഹക്ക് ചെറിയ ഒരു പ്രവേശന മാർഗമാണുള്ളത്. ഗുഹക്ക് അകം ഒരു മീറ്ററോളം ഉയരവും രണ്ട് മീറ്റർ വിസ്താരവുമുണ്ട്. മധ്യഭാഗത്ത് ഒരു തൂണും വശത്ത് ഒരു കൽബെഞ്ചുമുണ്ട്.
നേരത്തെ ഇവിടെ നിന്ന് മൺപാത്രങ്ങളും ഇരുമ്പിന്റെ അവശിഷ്ടവും ലഭിച്ചിട്ടുണ്ട്. മഹാ ശിലായുഗത്തെപ്പറ്റി പഠിക്കുന്ന കുട്ടികൾ പോലും സ്മാരകം തിരിച്ചറിയപ്പെടാതെ പോകുകയാണ്. ചരിത്ര സ്മാരകമായ ഗുഹ സംരക്ഷിക്കാൻ വേണ്ടി ഐക്യകേരള വായനശാല ഗ്രന്ഥാലയം പുരാവസ്തു വകുപ്പിനെ സമീപിച്ചിരുന്നു.
അനുകൂല സമീപനമുണ്ടായെങ്കിലും പിന്നീട് യാതൊരുവിധ തുടർ പ്രവർത്തനവും പുരാവസ്തു വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ഗുഹയുടെ സംരക്ഷണത്തിനായി ജനകീയ സംരക്ഷണ സദസ്സ് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് വായനശാല പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.