തൃശൂർ: പാറമേക്കാവ് വിഭാഗത്തിന്റെ 21 പേരടങ്ങുന്ന ചമയ സംഘത്തിലെ ‘തുന്നൽ സേന’യിൽ സാന്നിധ്യമായി മൂന്നു പെൺകുട്ടികളും. പള്ളിമൂല സ്വദേശിനി വിനീത, കണ്ടശ്ശംകടവ് സ്വദേശിനി സ്നേഹ, ചേലക്കര സ്വദേശിനി നിജിമ എന്നിവരാണ് സംഘത്തിലുള്ളത്. ചെമ്പൂക്കാവിലെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് ഫാഷൻ ഡിസൈനിങ് കോഴ്സ് പൂർത്തിയാക്കിയവരാണ് ഇവർ.
ഫ്രീലാൻസായി ജോലി ചെയ്തുവരുന്ന ഇവർ ഒരാഴ്ചയിലേറെയായി സംഘത്തിനൊപ്പമുണ്ട്. കുടകൾ തുന്നാനും കുടക്കാലുകളെ പൊതിഞ്ഞ് ഭംഗിയാക്കുന്ന പണികളുമാണ് ചെയ്യുന്നത്. പാറമേക്കാവ് വിഭാഗത്തിന്റെ തുന്നൽ ചുമതലയുള്ള വസന്തൻ കുന്നത്തങ്ങാടിയുടെ മാർഗനിർദേശത്തിലാണ് മിനുക്കുപണികൾ ചെയ്യുന്നത്.
പാറമേക്കാവ് വിഭാഗത്തിന്റെ കുട, നെറ്റിപ്പട്ടം, നിർമാണങ്ങൾ അന്തിമഘട്ടത്തിലാണ്. 15 ആനകൾക്കായി 50 സെറ്റ് കുടകളാണ് തയാറാക്കുന്നത്. രണ്ടു മാസം മുമ്പേ പണികൾ തുടങ്ങിയിരുന്നു. സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ രാപ്പകലില്ലാതെ ഇനി പണിയെടുക്കേണ്ടിവരുമെന്ന് വസന്തൻ പറയുന്നു.
200 വർഷം പഴക്കമുണ്ടെങ്കിലും മോടി കൂടിയിട്ടേയുള്ളൂ, തിരുവമ്പാടി വിഭാഗത്തിന്റെ കോലമേന്തുന്ന കൊമ്പന് ചാർത്താനുള്ള നെറ്റിപ്പട്ടത്തിന്. ഇന്നും അലുക്കുകൾ മിനുക്കിയും സ്വർണം പൂശിയും കോലം പുതുപുത്തനായി പൂരത്തിനായി ഒരുങ്ങിക്കഴിഞ്ഞു.
രണ്ടു നൂറ്റാണ്ടു മുമ്പ് തൃശൂരിലെ വരിക്കാശ്ശേരി മനക്കാരാണ് തിരുവമ്പാടി ദേശത്തിന് ഒമ്പത് തലേക്കെട്ടുകൾ (നെറ്റിപ്പട്ടം) സംഭാവന ചെയ്തത്. മൂന്നെണ്ണം തെക്കേമഠവും നൽകി. അമൂല്യനിധിയായി കാലമിതുവരെയും തിരുവമ്പാടി സൂക്ഷിച്ചുവരുകയാണ് ഈ തലേക്കെട്ടുകൾ.
ഒരു കോൽ ആറ് വിരൽ വലുപ്പമുള്ള നെറ്റിപ്പട്ടം കോലമേന്തുന്ന വിരിഞ്ഞ മസ്തകമുള്ള ആനക്ക് യോജിച്ച വിധമാണ് തയാറാക്കിയിട്ടുള്ളത്. 1916ൽ ഗജകേസരി ഗുരുവായൂർ പത്മനാഭൻ ഈ നെറ്റിപ്പട്ടം അണിഞ്ഞിട്ടുണ്ട്. തിരുവമ്പാടി ക്ഷേത്രത്തിൽ അഷ്ടമി രോഹിണിക്ക് കോലം എഴുന്നള്ളിക്കാനും ഈ നെറ്റിപ്പട്ടം ഉപയോഗിക്കാറുണ്ട്. കൂടാതെ വടക്കാഞ്ചേരി, കരുവന്തല, ചേന്ദമംഗലം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലേക്ക് നൽകാറുണ്ട്.
തിരുവമ്പാടി ദേശത്തിന്റെ ഓരോ നെറ്റിപ്പട്ടവും പുതുക്കാനും ഗോൾഡ് പോറ്റിങ്ങിനുമായി ഒരു പവനോളം സ്വർണം വേണ്ടിവരുമെന്ന് തിരുവമ്പാടി വിഭാഗം സെക്രട്ടറി കെ. ഗിരീഷ്കുമാർ പറഞ്ഞു. അങ്ങനെ 15 നെറ്റിപ്പട്ടങ്ങൾ പുതുക്കാൻ 15 പവൻ സ്വർണം വേണ്ടിവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.