ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ് നടൻ ബാല. ആശുപത്രി വിട്ടതിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. നടന്റേയും ഭാര്യ എലിസബത്തിന്റേയും വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്.
ഇപ്പോഴിതാ ബാലയുടെ ഏറ്റവും പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. 'എല്ലാ വിവാദങ്ങൾക്കും പിന്നിലുളള യഥാർഥ സത്യം' എന്ന് കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടേയും ബന്ധത്തിൽ വിള്ളലേറ്റുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് എലിസബത്തിനൊപ്പമുള്ള വിഡിയോ നടൻ പങ്കുവെച്ചത്. രക്തബന്ധമല്ലാത്ത ഒരെയൊരു ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിലുള്ളത്. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ജീവിതത്തിൽ ബന്ധങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ലെന്നും ബാല വിഡിയോയിൽ പറയുന്നു. ഇളയരാജയുടെ 'രാസാത്തി ' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വിഡിയോ ആരംഭിച്ചത്.
'ഒരു സ്റ്റേജിൽ വെച്ച് നമ്മുടെ സ്വന്തം മമ്മൂക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ- ഭർത്യ ബന്ധമെന്നത് എന്നെന്നും പരമപുണ്യമായ ഒരു ബന്ധമാണ്. മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ ഞാനും ഇതുപറഞ്ഞിരുന്നു. രക്തബന്ധമല്ലാത്ത ഓരേയൊരു ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിലുള്ളത്. അച്ഛൻ, അമ്മ, സഹോദരി, സഹോദരൻ തുടങ്ങിയ ബന്ധങ്ങളിലൊക്കെ രക്തബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ ആ ബന്ധമില്ല. രക്തബന്ധമില്ലെങ്കിലും അവിടെയൊരു നല്ലൊരു കാര്യമുണ്ട്. ഇതൊരു സന്ദേശം മാത്രമാണ്. എനിക്ക് ഇതുപറയാൻ അർഹതയുണ്ടോയെന്ന് അറിയില്ല. എല്ലാവർക്കും പ്രശ്നങ്ങളുണ്ടാകും. ഞാൻ ഈ പറയുന്നത് ജനറലായി എടുത്താൽ മതി. ആ പാട്ടിന്റെ അർഥം ഇതാണ്.
ജീവിതത്തിൽ നമ്മുടെ അച്ഛനും അമ്മക്കും പകരം ആ സ്ഥാനത്തേക്ക് മറ്റൊരാളെ കിട്ടുമോ. വേറെരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അതുപോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും. ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടേയിരിക്കുന്നത് ശരിയല്ല. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇല്ലെന്ന് പറയാൻ ആകില്ല. പക്ഷേ അങ്ങനെ മാറുന്ന ബന്ധങ്ങളിലും പുറത്തുനിന്നും കാണുന്ന ആർക്കും അഭിപ്രായം പറയാൻ അവകാശമില്ല. എല്ലാവരും നന്നായി ജീവിക്കണം എന്നാണ് പ്രാർഥിക്കേണ്ടത്. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ', –ബാല പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.