എ.ആർ റഹ്മാന്റെ 'മറക്കുമാ നെഞ്ചകം' എന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നുവെന്ന് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി. എ.ആർ റഹ്മാൻ സഹോദര തുല്യനാണെന്നും തനിക്കെതിരെ വ്യാജ വാർത്ത സൃഷ്ടിച്ചവർക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
എ.ആർ റഹ്മാന്റെ സംഗീത പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ വിജയ് ആൻറണിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഒരു യൂട്യൂബ് ചാനൽ വാർത്ത നൽകിയിരുന്നു.'സീനിയർ ഇപ്പോഴാണ് കുടുങ്ങിയത്, ഇത് മുതലെടുക്കണം' എന്നു പറഞ്ഞ് ഒരു മാധ്യമസുഹൃത്തിന് വിജയ് ആന്റണി അയച്ച ശബ്ദസന്ദേശം തങ്ങളുടെ പക്കലുണ്ടെന്നും യൂട്യൂബ് വിഡിയോയിൽ പറയുന്നുണ്ട്. ഇത് വാസ്ത വിരുദ്ധമാണെന്നും നടൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
'ഏറെ വിഷമത്തോടെയാണ് ഇത് എഴുതുന്നത്. എന്റെ പേരിൽ ഉയരുന്ന വിവാദങ്ങൾ അവാസനിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഒരു സഹോദരി തന്റെ യൂട്യൂബ് ചാനലിലൂടെ എന്നെയും എന്റെ സഹോദരതുല്യനായ എ.ആർ.റഹ്മാനേയും കുറിച്ച് നുണക്കഥകൾ പ്രചരിപ്പിക്കുന്നു. അതെല്ലാം അസത്യമാണ്. അവർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ നിന്ന് നഷ്ടപരിഹാരം കിട്ടുന്ന തുക സംഗീതമേഖലയിൽ പ്രവർത്തിക്കുന്ന, സാമ്പത്തിക പ്രയാസം നേരിടുന്ന ഏതെങ്കിലും സുഹൃത്തിന് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത് ’, വിജയ് ആന്റണി കുറിച്ചു.
സെപ്റ്റംബർ 10നായിരുന്നു ‘മറക്കുമാ നെഞ്ചം’ എന്ന പേരിൽ ചെന്നൈയിൽ എ.ആർ.റഹ്മാന്റെ സംഗീതപരിപാടി നടന്നത്. ആയിരക്കണക്കിന് പേരാണ് പരിപാടി കാണാനെത്തിയത്. അയ്യായിരവും പതിനായിരവും മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. തിരക്കിൽപ്പെട്ട് പലർക്കും പരിക്കേറ്റതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
സംഗീതപരിപാടിയിലെ സുരക്ഷാ സംഘടനാ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്ന് എ.ആർ.റഹ്മാനും സംഘാടകരും മാപ്പ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.