'വെടിപൊട്ടിയതും കാലിൽ നിന്ന് രക്തം ചീറ്റി, ഉടൻ ഒരു വിഡിയോ എടുത്ത് ഡോക്ടർക്ക് അയച്ചു'

മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദക്ക് വെടിയേറ്റ സംഭവം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതായാണ് നടൻ വിശദീകരിച്ചത്. കാലിനായിരുന്നു പരിക്ക്. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഇന്നാണ് ഗോവിന്ദ വീട്ടിലേക്ക് മടങ്ങിയത്. അതേസമയം, കാലിൽ വെടിയേറ്റ സംഭവത്തിൽ ദുരൂഹതകളുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഗോവിന്ദക്ക് വെടിയേറ്റത്. തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത് കാലിൽ മുട്ടിന് താഴെ എട്ട് തുന്നലുകൾ ആശ്യമായി വന്നിരുന്നു. ഇന്ന് ആശുപത്രി വിട്ടതിന് പിന്നാലെ, സംഭവിച്ചതെന്തെന്ന് വിശദീകരിച്ചിരിക്കുകയാണ് ഗോവിന്ദ.

'അന്ന് പുലർച്ചെ അഞ്ച് മണിയോടെ കൊൽക്കത്തയിൽ ഒരു പരിപാടിക്ക് പങ്കെടുക്കാൻ പോകുന്നതിന്‍റെ ഒരുക്കത്തിലായിരുന്നു. അബദ്ധത്തിൽ വീണതും വെടിപൊട്ടി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ ഞെട്ടിപ്പോയി. കാലിൽ നോക്കിയപ്പോൾ രക്തം ചീറ്റുന്നതാണ് കണ്ടത്. അപ്പോൾ തന്നെ ഒരു വിഡിയോ പകർത്തുകയും ഡോക്ടറെ വിളിച്ച് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെ ആശുപത്രിയിലേക്ക് പോയി' -ഗോവിന്ദ പറഞ്ഞു.

 

എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കും. അത് ഒഴിവാക്കാനാണ് വിഡിയോ പകർത്തിയതെന്ന് ഗോവിന്ദ പറഞ്ഞു. പൊതുവേ അൽപ്പം ശ്രദ്ധക്കുറവുള്ള ആളാണ് താനെന്നും ഗോവിന്ദ പറഞ്ഞു.

ഗോവിന്ദയെ പോലെ കൊമേഡിയനായ ഒരു നടൻ എന്തിനാണ് റിവോൾവർ കൊണ്ടുനടക്കുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. 'പ്രശസ്തിയുണ്ടാകുമ്പോൾ ഒരു പാട് ആളുകൾക്ക് നിങ്ങളെ ഇഷ്ടമായിരിക്കും. എന്നാൽ, അതുപോലെ തന്നെ നിങ്ങളെ ശത്രുവായി കാണുന്ന ആളുകളും ഉണ്ടാവും' -തോക്ക് സൂക്ഷിക്കാനുള്ള കാരണത്തെ കുറിച്ച് നടൻ പറഞ്ഞു. ഇത്തരത്തിൽ ഒരു അപകടം തനിക്ക് സംഭവിക്കുമെന്ന് ഒരിക്കലും കരുതിയതല്ല. എല്ലാവരും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധാലുവാകണം. ഇത് ആർക്കും സംഭവിക്കാം. അബദ്ധങ്ങളിൽ നിന്ന് വേണം പഠിക്കാൻ -ഗോവിന്ദ പറഞ്ഞു.

ഗോവിന്ദക്ക് വെടിയേറ്റ സംഭവം ലോക്കൽ പൊലീസും മുംബൈ ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പരാതി ഇതുവരെ ലഭിച്ചിട്ടില്ല. ഗോവിന്ദയുടേത് ലൈസൻസുള്ള തോക്കാണെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു താരത്തെ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ആറാഴ്ച വിശ്രമത്തിനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. 

ദുരൂഹതകളും നിരവധി

സ്വന്തം റിവോൾവറിൽ നിന്ന് നടൻ ഗോവിന്ദക്ക് വെടിയേറ്റ സംഭവത്തിൽ ദുരൂഹതയുണർത്തുകയാണ് ചില ചോദ്യങ്ങൾ. അബദ്ധത്തിൽ താഴെ വീണ് വെടിപൊട്ടിയെന്നാണ് ഗോവിന്ദയുടെ വിശദീകരണം. എന്നാൽ കൈയിൽ നിന്നും നിലത്തേക്ക് തോക്കുവീണാൽ ട്രിഗർ വലിക്കാതെ ഒരിക്കലും അത് പൊട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്.

തോക്കുകൾക്ക് സേഫ്റ്റി കാച്ച് ഉണ്ടായിരിക്കെ വെടിപൊട്ടില്ല. സേഫ്റ്റി കാച്ച് ഇട്ടിട്ടില്ലെങ്കിൽ അത് ഗോവിന്ദയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സേഫ്റ്റി കാച്ച് ഇല്ലെങ്കിൽ പോലും അബദ്ധത്തിൽ തോക്ക് താഴെ വീണാൽ വെടിപൊട്ടുന്നതിൽ നിന്നും ട്രിഗർ ഗാർഡ് സംരക്ഷണം നൽകും. അബദ്ധത്തിലാണ് തോക്ക് ​പൊട്ടിയതെന്ന വാദം അംഗീകരിക്കുകയാണെങ്കിൽ പോലും കാലിന് തന്നെ വെടിയേൽക്കാനുള്ള സാധ്യതയെ കുറിച്ചും പലരും സംശയമുന്നയിക്കുന്നുണ്ട്. 

Tags:    
News Summary - Govinda Breaks Silence On His Bullet Injury After Hospital Discharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.