മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ വീടായ മന്നത്ത് ഉൾപ്പെടെ ബോംബുവെച്ച് തകർക്കുമെന്ന് വ്യാജ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. 35കാരനായ ജിതേഷ് താക്കൂറിനെ മധ്യപ്രദേശ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ജനുവരി ആറിന് മഹാരാഷ്ട്ര പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കുകയും മുംബൈയിലെ വിവിധ ഭാഗങ്ങൾ ബോംബുവെച്ച് തകർക്കുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. ഇവിടങ്ങളിൽ അണുബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
ഷാരൂഖിന്‍റെ മന്നത്ത് കൂടാതെ ഛത്രപതി ശിവാജി മഹാരാജ് ടേർമിനസ്, കുർള റെയിൽവേ സ്റ്റേഷൻ, നവി മുംബൈ ഖാർഘറിലെ ഗുരുദ്വാര തുടങ്ങിയ ഇടങ്ങളിൽ ബോംബാക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. മൊബൈൽ നമ്പറിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ജബൽപൂർ അഡീഷനൽ സൂപ്രണ്ട് ഗോപാൽ ഖണ്ഡേൽ പറഞ്ഞു.
തൊഴിൽ രഹിതനായ ജിതേഷ് സ്ഥിരം മദ്യാപാനിയാണ്. മദ്യപിച്ചിരുന്ന സമയത്താണ് മുംബൈ പൊലീസിനെ വിളിച്ച് ഭീഷണി മുഴക്കിയത്. സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ നിരവധി ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നേരത്തേയും ഇയാൾ വ്യാജ ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ഭീഷണിപ്പെടുത്തൽ, പൊതു സേവകർക്ക് തെറ്റായ സന്ദേശം നൽകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സഞ്ജീവനി നഗർ പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.