സിനിമയെ മോശമാക്കാൻ ശ്രമം! നെഗറ്റീവ് റിവ്യൂ നൽകിയതിന്റെ പേരിൽ ആദ്യ കേസ്

നെഗറ്റീവ് റിവ്യൂ നൽകിയതിന്റെ പേരിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. റാഹേൽ മകൻ കോര എന്ന സിനിമ‍യുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി. വ്ളോഗർമാർക്കും യൂട്യൂബ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ളവർക്കും എതിരെയാണ് പരാതി. ഒൻപതു പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചുവെന്നാണ് സംവിധായകൻ പറയുന്നത്. 

റാഹേൽ മകൻ കോര എന്ന ചിത്രം ഒക്ടോബർ 13 ആയിരുന്നു റിലീസ് ചെയ്തത്. എന്നാൽ ചിത്രം റിലീസ് ആകുന്നതിന് മുമ്പ് ഏഴാം തീയതിയോട് കൂടി തന്നെ ചിത്രം മോശമാണെന്ന തരത്തിൽ റിവ്യൂ പ്രചരിച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് നെ​ഗറ്റീവ് റിവ്യൂ നൽകിയ വിവിധ യൂട്യൂബ് ചാനലുകൾ, ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരേയാണ് സംവിധായകൻ പരാതി നൽകിയിരിക്കുന്നത്. കേസിലെ എട്ടും ഒൻപതും പ്രതികളായ യൂട്യൂബും ഫേസ്ബുക്കും മറ്റ് പ്രതികളുടെ കുറ്റകരമായ പ്രവർത്തികൾ പ്രചരിപ്പിക്കുന്നതിന് അനുവാദം നൽകിയെന്നുമാണ് എഫ് ഐ ആറിൽ പറയുന്നത്.

സിനിമാ നെഗറ്റീവ് റിവ്യൂ വിഷയത്തിൽ ഹൈകോടതി ഇടപെട്ടിരുന്നു. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്നുള്ള അവസ്ഥയാണ് ഇപ്പോഴെന്നും സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി പറഞ്ഞു.  റിവ്യൂ നൽകി സിനിമയെ തകർക്കാൻ ശ്രമിക്കുന്നതായി സിനിമാക്കാരുടെ പരാതി ലഭിച്ചാല്‍ പൊലീസ് നടപടിയെടുക്കുമെന്നും പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി വെക്കുമെന്നും കോടതി അറിയിച്ചിരുന്നു.



Tags:    
News Summary - Movie Review Bombing First Case Registers Kochi City Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.