തെന്നിന്ത്യൻ നടി സായ് പല്ലവിക്കെതിരെ സംഘ്പരിവാറിന്‍റെ വ്യാപക സൈബർ ആക്രമണം. നാല് വർഷം മുമ്പുള്ള ഒരു അഭിമുഖത്തിലെ സായ് പല്ലവിയുടെ വാക്കുകൾ വളച്ചൊടിച്ചാണ് സൈബർ ആക്രമണം. എന്നാൽ, നടിക്കെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് വ്യക്തമാക്കി പിന്തുണയുമായി നിരവധിപേരെത്തി.
2022ൽ പുറത്തിറങ്ങിയ വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് ആ സമയം നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ആ സിനിമയിൽ നക്സലായാണ് സായ് പല്ലവി അഭിനയിച്ചത്. നക്സലുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു നടിയുടെ പരാമര്‍ശം. ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമാണ് അഭിമുഖത്തില്‍ സായ് പല്ലവി അന്ന് പറഞ്ഞത്. ഏതുതരത്തിലുള്ള അക്രമവും തന്നെ സംബന്ധിച്ച് ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും സായ് പല്ലവി പറയുന്നുണ്ട്.
നടി ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് സംസാരിച്ചു എന്ന വിധത്തിലാണ് സംഘപരിവാർ കേന്ദ്രങ്ങൾ വിദ്വേഷ പ്രചാരണം നടത്തുന്നത്. എന്നാൽ, വയലന്‍സ് തെറ്റാണ് എന്നാണ് അഭിമുഖത്തില്‍ സായ് പല്ലവി പറയുന്നത്. ഇന്ത്യന്‍ ആര്‍മിയെ കുറിച്ച് മോശമായ് ഒന്നും വിഡിയോയില്‍ സായ് പല്ലവി പറയുന്നില്ല എന്നതും പലരും ചൂണ്ടിക്കാണിക്കുന്നു. അഭിമുഖത്തിന്‍റെ പൂർണരൂപവും പലരും പോസ്റ്റ് ചെയ്തു.
അതേസമയം, സായ് പല്ലവി പുരാണത്തിലെ സീതയെ അവതരിപ്പിക്കുന്ന നിതീഷ് തിവാരിയുടെ 'രാമായണ' സിനിമയെ മുൻനിർത്തിയാണ് സൈബർ ആക്രമണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഹിന്ദുത്വവാദികളുടെ അക്രമങ്ങളെ പലപ്പോഴായി വിമർശിച്ചിട്ടുള്ള താരമാണ് സായ് പല്ലവി. ഗോരക്ഷക ഗുണ്ടകളുടെ ആക്രമണങ്ങളെയും മുസ്ലിംകൾക്ക് നേരെയുള്ള ആക്രമണങ്ങളെയും നടി മുമ്പ് തള്ളിപ്പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സീതയായി സായ് പല്ലവി വരുന്നതിനെതിരെ ഉത്തരേന്ത്യയിൽ വ്യാപക വിദ്വേഷപ്രചാരണം നടക്കുന്നത്.
പഴയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ മുമ്പ് ചർച്ചയായപ്പോൾ തന്നെ സായ് പല്ലവി വിശദീകരണം നൽകിയിരുന്നു. താൻ ഒരു കമ്മ്യൂണിറ്റിയെയും ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുന്നതിൽ വിഷമമുണ്ടെന്നും സായ് പല്ലവി വ്യക്തമാക്കിയിരുന്നു.
അതേസമയം, രാമായണ സിനിമയിലെ സീതയുടെ വേഷം ലഭിക്കാതെപോയ ഒരു പ്രമുഖ ബോളിവുഡ് നടിയുടെ പ്രതികാരമാണ് സായി പല്ലവിക്കെതിരായ ആക്രമണമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. സായ് പല്ലവിയെ ഹിന്ദുത്വ വിരുദ്ധയായി ചിത്രീകരിക്കാൻ ഈ നടി പി.ആർ ഏജൻസിയെ നിയോഗിച്ചെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.