‘‘രോഗാതുരനായി കിടക്കുന്ന താങ്കളുടെ ഗുരുനാഥനെ ഒന്നു സന്ദർശിക്കാമോ ? ദിനംപ്രതി ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന് അതൊരു ആശ്വാസമായിരിക്കും’’ - ബോളിവുഡ് മെഗാ താരം ഷാറൂഖ് ഖാന്റെ എക്സ് അക്കൗണ്ട് ടാഗ് ചെയ്ത് കോൺഗ്രസ് വനിത നേതാവ് സരിത ലെയ്ത്ഫലാങ് എഴുതുന്നു.
ഗോവയിൽ കഴിയുന്ന, ഷാറൂഖിന്റെ പഴയ ഗുരുവും മാർഗദർശിയുമായ എറിക് ഡിസൂസ ശയ്യാവലംബിയാണെന്നും സംസാരിക്കാൻ പോലുമാകാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും വിവരിക്കുന്ന സരിത, താൻ വിവിധ വഴികളിലൂടെ ഷാറൂഖിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും പറയുന്നു. ‘‘ @iamsrk, താങ്കളുടെ ഏതാനും മിനിറ്റ് സന്ദർശനം ബ്രദർ ഡിസൂസയെ സംബന്ധിച്ച് ഏറെ മൂല്യമുള്ളതായിരിക്കും. ഇരുളടഞ്ഞ ഈ സമയത്ത് പ്രതീക്ഷയുടെ കിരണമായിരിക്കും താങ്കളുടെ സന്ദർശനം. മുംബൈയിൽനിന്ന് ഒരു മണിക്കൂർ മാത്രം മതിയാകുമല്ലോ ഗോവയിലെത്താൻ. ഇതൊരു അന്ത്യാഭിലാഷം പോലെ പരിഗണിക്കണം.’’ -ത്രിപുര നാഗാലൻഡ് ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി സരിത വിവരിക്കുന്നു.
‘ഷാറൂഖും ഡിസൂസയും തമ്മിൽ എന്തു ബന്ധമാണെന്ന് ആരെങ്കിലും സംശയിക്കുന്നുണ്ടെങ്കിൽ ഇത് കാണൂ’ എന്നുപറഞ്ഞ് ഒരു വിഡിയോയും സരിത പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീന ഇസി കാ നാം നഹി എന്ന പഴയ ഒരു ടി.വി ഷോയിൽ ഷാറൂഖ്, ഡിസൂസയെ ആശ്ലേഷിക്കുന്ന ഹൃദ്യമായ ഒരു ദൃശ്യമാണ് അവർ പോസ്റ്റ് ചെയ്തത്. മാനേജർ വഴി ഷാറൂഖിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ലെന്നും അവസാന ശ്രമമെന്ന നിലയിലാണ് എക്സ് വഴി അറിയിക്കുന്നതെന്നും സരിത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.