അഭിനയത്തിലുള്ള കഴിവ് മാത്രമല്ല ഷാരൂഖ് ഖാൻ എന്ന വ്യക്തിയ്ക്ക് ഇത്രയും ആരാധകരെ നേടിക്കൊടുത്തത്. മറ്റുള്ളവർക്ക് നൽകുന്ന ബഹുമാനവും എളിമയും സ്നേഹവും പ്രശ്സ്തിക്കു പിന്നിലെ വലിയൊരു ഘടകമാണ്. ഷാരൂഖിന്‍റെ സർവ്വമത സൗഹാർദ്ദവും പ്രാർഥനാ രീതികളും പ്രശസ്തമാണ്. 2004ൽ ബി.ബി.സി ചിത്രീകരിച്ച അത്തരമൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വിഡിയോയിൽ ഷാരൂഖിന്‍റെ വീടായ മന്നത്തിന് ഉള്ളിൽനിന്നുള്ള ദൃശ്യങ്ങളാണ് കാണാനാകുന്നത്. ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി, ഷാരൂഖും കുടുംബവും വീട്ടിൽ ഒരു ‘പൂജ’യിൽ പങ്കെടുക്കുന്നത് ബി.ബി.സി ഡോക്യുമെന്ററി കാണിക്കുന്നുണ്ട്. മന്നത്തിലെ പൂജാ മുറിയിൽ ഷാരൂഖ് മക്കളെ പ്രാർഥനകൾ പഠിപ്പിക്കുകയാണ്. ഹിന്ദു മുസ്ലിം പ്രാർഥനകൾ മക്കൾക്ക് പറഞ്ഞുകൊടുക്കുന്ന കിങ് ഖാനാണ് വിഡിയോയിലുള്ളത്.
മകൻ ആര്യൻ ഗായത്രി മന്ത്രത്തിൽ വിദഗ്ദനാണെന്ന് ഷാരൂഖ് പൂജാരിയോട് പറയുന്നുണ്ട്. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കൂടാതെ, പ്രാർത്ഥനാ മുറിയിൽ ഖുറാനും വച്ചിട്ടുണ്ട്. ഹിന്ദു ദൈവമായാലും മുസ്ലീം ദൈവമായാലും ദൈവത്തിന്റെ മൂല്യത്തെ കുറിച്ച് കുട്ടികൾ അറിഞ്ഞിരിക്കണം എന്നാണ് ഷാരൂഖ് പറയുന്നത്. ‘ഗണേഷിനും ലക്ഷ്മിക്കും അടുത്തായി ഞങ്ങൾക്ക് ഖുറാനും ഉണ്ട്. എന്റെ മകൻ പറയുന്ന ഗായത്രി മന്ത്രം ഞങ്ങൾ ഏറ്റ് ചൊല്ലുന്നു. ഞാൻ അവനോടൊപ്പം ‘ബിസ്മില്ലാ’ പറയുന്നു. ഞാൻ കടുത്ത മതവിശ്വാസി അല്ല. ഞാൻ അല്ലാഹുവിൽ ശക്തമായി വിശ്വസിക്കുന്നു. പക്ഷേ ദിവസവും അഞ്ച് നേരം നമസ്കരിക്കാൻ എന്റെ മാതാപിതാക്കൾ എന്നെ നിർബന്ധിച്ചിട്ടില്ല’-അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഷാരൂഖിന്റെ മകൾ സുഹാന പുസ്ത്ക പ്രകാശന ചടങ്ങിലെ മുഖ്യ അതിഥിയായി സംസാരിക്കുന്ന വിഡിയോ വൈറലായിരുന്നു. സുഹാന സംസാരിക്കുന്ന വിഡിയോ അമ്മ ഗൗരി ഷെയർചെയ്തു. മകളെയോർത്ത് അഭിമാനിക്കുന്നുണ്ടെന്നും. താൻ ആദ്യമായി ഷാരൂഖിനൊപ്പം വേദി പങ്കിട്ടതും പുസ്തകപ്രകാശനത്തിന്റേത് ആയിരുന്നുവെന്നും അവർ സോഷ്യൽമീഡിയയിൽ കുറിച്ചു.
അതിനു മറുപടിയെന്നോണം ഷാരൂഖ് പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്. ‘മക്കളുടെ സഹായത്തോടെ നമ്മുടെ ജീവിതം പൂർണമായിക്കൊണ്ടിരിക്കുകയാണ്. നീ മൂന്ന് മക്കളെയും നന്നായി വളർത്തി, അവരെ പഠിപ്പിച്ചു, അഭിമാനത്തോടെ ഇരിക്കാനും സ്നേഹം പങ്കിടാനും നീയാണ് പഠിപ്പിച്ചത്. മകൾ നന്നായി സംസാരിക്കുന്നുണ്ടെന്നും എന്നാൽ അവൾക്ക് കിട്ടിയ നുണക്കുഴി എന്റേതാണെന്നുമാണ്’ ഷാരൂഖ് കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.