അപ്പോത്തിയോസിസിന്റെ അനധികൃത കൈയേറ്റം: അന്വേഷണ റിപ്പോർട്ടിൽ നടപടിയുണ്ടായില്ലെന്ന് എ.ജി

കോഴിക്കോട്: ഇടുക്കിയിലെ അപ്പോത്തിയോസിസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ വിവാദമായ അനധികൃത ഭൂമി കൈയേറ്റത്തെ സംബന്ധിച്ച് അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേൽ തുടർനടപടിയുണ്ടായില്ലെന്ന് അക്കൗണ്ടന്റ് ജനറൽ (എ.ജി) റിപ്പോർട്ട്. അപ്പോത്തിയോസിസ് സർക്കാർ ഭൂമിയുടെ വൻതോതിലുള്ള അനധികൃത കൈയേറ്റം നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

2019 ഏപ്രിൽ 27നാണ് അന്വേഷണ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവിട്ടത്. അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് സമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലുള്ളത്. വ്യാജരേഖകൾ ചമച്ച് സർക്കാർ ഭൂമി വ്യാപകമായി കൈമാറിയെന്നും ഏതാനും റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരം അനധികൃത ഇടപാടുകൾ നടന്നതെന്നും റിപ്പോർട്ടിൽ അടിവരയിട്ട് രേഖപ്പെടുത്തി.

ഈ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ 2019 മേയ് 31ന് തുടർ നടപടികൾക്കുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രാജകുമാരി ഭൂ പതിവ് ഓഫിസിൽ നിന്ന് അനുവദിച്ച പട്ടയം (എൽ.എ 116/93, എൽ.എ117/93, എൽ.എ114/93, എൽ.എ 113/93, എൽ.എ 177/93) റദ്ദാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യണം. എന്നാൽ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളൊന്നും ഉണ്ടായില്ല.

ഉത്തരവിന്റെ മൂന്നാം ഖണ്ഡികയിൽ വ്യാജ രജിസ്ട്രേഷൻ രേഖകൾ റദ്ദാക്കുന്നതിന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലുമായി ഇടുക്കി കലക്ടർ കൂടിയാലോചിക്കണമെന്നും വ്യക്തമാക്കി. രാജകുമാരി എസ്.ആർ.ഒ ഓഫിസിൽ രജിസ്റ്റർ ചെയ്ത പ്രമാണങ്ങളായ 236/2009, 237/2009, 238/2009, 579/2009 തുടങ്ങിയവ വ്യാജരേഖകളാണ്.

അതനുസരിച്ച് കലക്ടർ ഇടുക്കി രജിസ്ട്രേഷൻ വകുപ്പിലെ ഇൻസ്പെക്ടർ ജനറലുമായി ചർച്ച ചെയ്ത് വ്യാജ രജിസ്ട്രേഷൻ രേഖകൾ റദ്ദാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2019 ഒക്ടോബർ 15ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കത്ത് നൽകിയത് പ്രകാരം ആധാരം റദ്ദാക്കാൻ രജിസ്ട്രേഷൻ വകുപ്പിന് അവകാശമില്ലെന്നാണ്. അതിനാൽ വ്യാജ രജിസ്ട്രേഷൻ രേഖകൾ ഇപ്പോഴും റദ്ദാക്കപ്പെടാതെ നിലവിലുണ്ടെന്ന് എ.ജി പരിശോധനയിൽ കണ്ടെത്തി.

ഉത്തരവിലെ ആറാം ഖണ്ഡികയിൽ പരിധിയിൽക്കൂടുതൽ ഭൂമി കൈവശം വെച്ച കേസുകളിൽ അടിയന്തര അന്വേഷണം നടത്താൻ ലാൻഡ് ബോർഡ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായി തുടർനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവില് നിർദേശിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

ഉത്തരവിലെ പതിനൊന്നാം ഖണ്ഡികയിൽ ചിന്നക്കനാൽ വില്ലേജിൽ 1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങൾ നൽകിയ പട്ടയങ്ങൾ പരിശോധിക്കാൻ ദേവികുളം സബ് കലക്ടർക്ക് അധികാരം നൽകി. ആറ് മാസത്തിനുള്ളിൽ നടപടിക്രമം പൂർത്തിയാക്കണമെന്നും ഉത്തവ് നൽകി. എന്നാൽ, ഓഡിറ്റിന് ഹാജരാക്കിയ ഫയലുകളിൽ സബ് കലക്ടറുടെ പട്ടയം വെരിഫിക്കേഷൻ സംബന്ധിച്ച വിശദാംശങ്ങൾ ഇല്ലെന്നും എ.ജി.റിപ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - Apotheosis illegal encroachment: AG says no action on inquiry report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.