ഒറ്റപ്പാലം: വേനൽ കനത്തതോടെ മരുപ്പറമ്പായി നിള. വിശാലമായ മണൽപരപ്പിനിടയിൽ പുഴയുടെ അരികുചേർന്ന് ഒലിച്ചിറങ്ങുന്ന നീർച്ചാൽ മാത്രമാണിന്ന് ഒറ്റപ്പാലത്തെ ഭാരതപ്പുഴ. പുഴ മെലിഞ്ഞു തുടങ്ങിയതോടെ ജലസ്രോതസ്സുകളും വരൾച്ചയുടെ പിടിയിലായി.
നിളയിലെ ജലവിതാനം ഉയരുമ്പോഴാണ് മേഖലയിലെ ജലസ്രോതസുകൾ വരൾച്ചയിൽനിന്ന് മോചിതമാകുന്നത്. കിണർ, കുളം തുടങ്ങിയ ജലാശയങ്ങൾ വറ്റിത്തുടങ്ങി. ജലസംഭരണത്തിന് തടയണ ഇല്ലാത്തതാണ് മഴയൊഴിയുന്നതോടെ പുഴ വറ്റാൻ കാരണം. സമീപ പ്രദേശങ്ങളായ ലക്കിടിയിലും ഷൊർണൂരിലും സ്ഥിരം തടയണകൾ ഉള്ളതിനാൽ പുഴ വേനലിലും ജല സമൃദ്ധമാണ്.
എന്നാൽ, ശക്തമായ മഴയിൽ നിറയുകയും മഴ ശമിക്കുന്നതോടെ ഒഴിയുകയും ചെയ്യുന്നതാണ് ഇവിടത്തെ അവസ്ഥ. വർഷങ്ങൾക്ക് മുമ്പ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന നദീതീര സംരക്ഷണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന വേദിയിൽ ഒറ്റപ്പാലത്തെ സ്ഥിരം തടയണക്കായി ശിലാസ്ഥാപനം നടത്തിയിരുന്നു.
എന്നാൽ പിന്നീട് ഒന്നുമുണ്ടായില്ല. പുഴ സംരക്ഷണത്തിനായി 2018 മേയ് 21ന് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റപ്പാലത്ത് ഉദ്ഘാടനം നിർവഹിച്ചിരുന്നു. എന്നാൽ അഞ്ചാം വർഷത്തിലും ഇതിന്റെ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.