ചെറുവത്തൂർ: വിശുദ്ധ റമദാൻ നാളിലെ നോമ്പുതുറ ചടങ്ങുകളിൽ കേക്കും ഇഷ്ടവിഭവമാകുന്നു. നോമ്പു തുറക്കാൻ ആവശ്യമായ വിഭവങ്ങൾക്കൊപ്പം കേക്കിനും സ്ഥാനം നൽകിയത് ചന്തേരയിലെ സി.എം. ഖാദിറിന്റെ മകളായ ഹന്നത്താണ്. ശരീരത്തിന് ഗുണപ്രദമാകുന്ന ജൈവഘടകങ്ങൾ ഉപയോഗിച്ചാണ് ഹന്നത്തിന്റെ കേക്ക് നിർമാണം. രാസവസ്തുക്കളില്ലെന്നതിനാൽ കേക്കിന് ആവശ്യക്കാരും ഏറെയാണ്.
വീട്ടിൽ കുട്ടികൾക്ക് കേക്കുണ്ടാക്കി കൊടുക്കുന്നത് സഹോദരിയായ ലുബ്ന സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ആവശ്യക്കാർ വർധിച്ചത്. ഭർത്താവ് പി.സി. ശിഹാബിന്റെയും വീട്ടുകാരുടെയും പ്രോത്സാഹനം കൂടിയായപ്പോൾ കേക്ക് നിർമാണം ഉപജീവനത്തിന് ഉതകുന്നതായി മാറി ഹന്നത്തിന്.
നാല് വർഷത്തിനിടെ ആയിരത്തിനടുത്ത് വ്യത്യസ്ത മാതൃകകളുള്ള കേക്കുകൾ നിർമിച്ചു. ഫോണ്ടൻറ്, വൈപ്ഡ്ക്രീം, ബട്ടർ ക്രീം, ചോക്ലേറ്റ് എന്നിവയിലൊക്കെ കേക്കുകൾ നിർമിക്കുന്നുണ്ട്. സ്വന്തമായി ഡിസൈൻ ചെയ്താണ് ഹന്നത്ത് കേക്ക് നിർമിക്കുന്നത്. കേക്കിന് ഉപയോഗിക്കുന്ന ഘടകങ്ങളെല്ലാം ഗുണമേന്മയുള്ളതാക്കാൻ പ്രത്യകം ശ്രദ്ധിക്കുന്നുണ്ട്.
കലാകാരിയും ഫാഷൻ ഡിസൈനറും കൂടിയാണ് ഹന്നത്ത്. ചട്ടി ബിരിയാണി, ന്യൂഡിൽസ്, തന്തൂരി ചിക്കൻ, കെ.എഫ്.സി ചിക്കൻ തുടങ്ങി റിയലിസ്റ്റിക് ആയിട്ടുള്ള കേക്കുകൾക്കാണ് അവശ്യക്കാർ കൂടുതൽ. 600രൂപ മുതൽ 1600 വരെ വിലവരുന്ന മുപ്പതോളം വ്യത്യസ്ത ഫ്ലേവറിലുള്ള കേക്കുകൾ നിർമിക്കുന്നുണ്ട്. കൂടെ കപ് കേക്ക്, കേക്ക് സിക്കിൽസ്, കേക്ക് പോപ്സ്, ഡെസർട്ട് എന്നിവയെല്ലാം ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിൽപന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.