എളുപ്പത്തിൽ നിർമിക്കാം രാജസ്ഥാനി സൂചി കാ ഹൽവ

ഇന്ത്യയിലെ ഏതു ഭാഗങ്ങളിലും മധുര പലഹാരങ്ങളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്ന ഒരു പലഹാരമാണ് സൂചി കാ ഹൽവ അല്ലെങ്കിൽ റവ ഹൽവ. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു മധുരം. കുട്ടികൾക്ക് വരെ വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഏത് പ്രായക്കാരുടെയും പ്രിയപ്പെട്ട ഒരു വിഭവമാണിത്. പൂജക്ക്‌ പ്രസാദമായും ഇത് നൽകാറുണ്ട്.

ചേരുവകൾ:

ഒരു കപ്പ് സൂജി (റവ)

ഒരു കപ്പ് പഞ്ചസാര

നാലു കപ്പ് വെള്ളം

അര കപ്പ് നെയ്യ്

ഒരു നുള്ള് കുങ്കുമപ്പൂ

കാൽ ടീസ്പൂൺ പച്ച ഏലയ്ക്കാപ്പൊടി

ബദാം,പിസ്താ, അണ്ടിപ്പരിപ്പ്, മുന്തിരി (അരിഞ്ഞത് )-ഒരോ ടേബിൾ സ്പൂൺ വീതം

തയാറാക്കുന്ന വിധം:

ഒരു കുഴിയുള്ള സോസ് പാനിൽ നെയ്യ് ഉരുക്കി റവ ചേർക്കുക. ഇടത്തരം തീയിൽ ഈ റവ വറുത്തെടുക്കുക. അതേസമയം മറ്റൊരു ചട്ടിയിൽ പഞ്ചസാര, വെള്ളത്തിൽ ഇട്ട് അലിയിപ്പിച്ചെടുക്കുക. സൂജി ഇളം തവിട്ട് നിറമാവുമ്പോൾ പഞ്ചസാര ലായനിയും ഏലയ്ക്കപൊടിയും ചേർത്ത് തിളപ്പിക്കുക.

കുങ്കുമപ്പൂ വെള്ളത്തിൽ ഇട്ടു വെച്ചതും ചേർത്ത് നന്നായി യോജിപ്പിച്ചു കൊടുക്കണം. വെള്ളം വറ്റി പോകുന്നത് വരെ തീ സിമ്മിൽ ഇടുക. ഈ അവസരത്തിൽ ഇടക്ക് ഇളക്കി കൊടുത്താൽ മതിയാകും. ബദാം, അണ്ടിപ്പരിപ്പ്, മുന്തിരി എല്ലാം ഇട്ടു കൊടുത്തു യോജിപ്പിച്ചെടുക്കുക. മുകളിൽ അണ്ടിപ്പരിപ്പ്, പിസ്താ അരിഞ്ഞതു വെച്ച് അലങ്കരിച്ചതിന് ശേഷം ചൂടോടെ വിളമ്പാം.

Tags:    
News Summary - Easy to make Rajasthani suchi ka halwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.