ഒരു കിടിലൻ മീൻ പൊള്ളിച്ചത്​

മീൻപൊള്ളിച്ചതും കൂട്ടി ചോറുണ്ണാൻ ഒരു പ്രത്യേക സ്വാദ്‌ ആണ്.നമ്മൾ പല രീതികളിലും പല രുചികളിലും മീൻ പൊള്ളിച്ചെടുക്കാറുണ്ട്.നല്ല പുളിയുള്ള പച്ചമാങ്ങയൊക്കെ ഇട്ടു നാളികേരപ്പാലിൽ കുറുക്കി എടുത്തു മസാലയാക്കി മാറ്റുന്ന ഈ ഐറ്റം ആർക്കും ഇഷ്ടപ്പെടാതിരിക്കില്ല.

ചേരുവകകൾ

  • മീഡിയം വലുപ്പമുള്ള ദശക്കട്ടിയുള്ള മീൻ – ഒന്ന്
  • സവാള ചെറിയ ചതുര കഷ്ണങ്ങളായീ മുറിച്ചത് – ഒരെണ്ണം മീഡിയം വലുപ്പമുള്ളതു
  • ചെറിയുള്ളി ചെറുതായി അരിഞ്ഞത് – 6,7 എണ്ണം
  • തക്കാളി ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചത് – ഒന്ന്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ
  • പച്ചമുളക് ചെറുതായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
  • കറിവേപ്പില ചെറുതായി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
  • കട്ടിയുള്ള, തേങ്ങയുടെ ഒന്നാം പാൽ – ഒരു കപ്പ്
  • പച്ചമാങ്ങാ ഗ്രേറ്റ് ചെയ്തത് – ഒരെണ്ണത്തിന്റെ മൂന്നിലൊന്നു
  • മുളക് പൊടി – രണ്ടു ടേബിൾ സ്പൂൺ
  • പെരുംജീരകം പൊടിച്ചത് – അര റ്റീസ്പൂൺ
  • മഞ്ഞൾ പൊടി – അര റ്റീസ്പൂൺ
  • ഉലുവ പൊടി – കാൽ റ്റീസ്പൂൺ
  • ഉപ്പു – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • വാഴയില – രണ്ടെണ്ണം വാട്ടിയെടുത്തത്; കെട്ടാനുള്ള വാഴനാരുകളും

തയാറാക്കുന്ന വിധം

ആദ്യം വൃത്തിയാക്കിയ മീൻ നന്നായി കത്തി കൊണ്ട് വരഞ്ഞു ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും, കാൽ റ്റീസ്പൂൺ മഞ്ഞൾ പൊടിയും കാൽ റ്റീസ്പൂൺ പെരുംജീരകം പൊടിയും ഉപ്പും പകുതി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കൂടി മിക്സ് ആക്കി മീനിൽ തേച്ചു പിടിപ്പിച്ചു അരമണിക്കൂർ വയ്ക്കുക; അതിനു ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വറുത്തു വയ്ക്കുക (നന്നായി മൊരിഞ്ഞു പോകാതെ ശ്രദ്ധിക്കണം).

മീൻ വറുത്ത അതെ വെളിച്ചെണ്ണയിൽ സവാളയും ചെറിയുള്ളിയും ഇളം ബ്രൗൺ ആകുന്നതു വരെ വഴറ്റുക; ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്ന് മൊരിയുന്നതു വരെ വഴറ്റുക; ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി അതിലേക്കു മുളക് പൊടിയും, മഞ്ഞൾ പൊടിയും, പെരുംജീരകം പൊടിയും ചേർത്ത് മൂത്തു വരുമ്പോൾ അതിലേക്കു ഉലുവപ്പൊടി ചേർത്ത് ഇളക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ച മാങ്ങയും തക്കാളിയും ചേർത്ത് മൂടി വച്ച് അഞ്ചു മിനിറ്റ് വേവിച്ചെടുക്കുക.

ഇതിലേക്ക് തേങ്ങാപാൽ ചേർത്ത് ഇളക്കി തിളച്ചു വരുമ്പോൾ ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക.തിളച്ചു ഒന്ന് കുറുതായി വരണം.മസാല നല്ല തിക്ക് ആയാൽ ഓഫ് ചെയ്യാം. ഇനി തീയിൽ വാട്ടിയെടുത്ത വാഴയില എടുത്തു കുറച്ചു മസാല നിരത്തി അതിനു മുകളിൽ വറുത്ത മീൻ ഒരെണ്ണം വച്ച് അതിനു മുകളിൽ മസാല വീണ്ടും നിരത്തി.

മീനിനെ മസാല കൊണ്ട് പൊതിയണം; എന്നീട്ടു ഇല മടക്കി പൊതി പോലെ ആക്കി വാട്ടിയ വാഴനാര് കൊണ്ട് കെട്ടി വയ്ക്കുക; ഇനിയൊരു പാൻ വച്ച് അല്പം വെളിച്ചെണ്ണ തൂവി അതിൽ വാഴയിലയിൽ പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്ന മീൻ വച്ച് തിരിച്ചും മറിച്ചും ഇട്ടു ഇല നന്നായി മൊരിഞ്ഞു വരുന്നത് വരെ പൊള്ളിച്ചെടുക്കുക; നന്നായി ചൂടാറിയ ശേഷം കഴിക്കുക.

Tags:    
News Summary - fish Fry Recipes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.