സദ്യക്കൊപ്പമുള്ള 'രസ'ത്തിന് എന്തൊരു രസമാണല്ലേ?. 'രസ'മില്ലാതെ മലയാളിക്കെന്ത് സദ്യ... ഓണം പോലുള്ള വിശേഷ അവസരത്തിൽ സദ്യ ഒഴിച്ചു കൂടാനാവാത്തതാണ്. ലോകത്തെ തന്നെ പ്രമുഖ റസ്റ്ററന്‍റുകളിൽ മലയാളത്തനിമയുള്ള സദ്യക്ക് വൻ സ്വീകാര്യതയാണെന്നതാണ് സത്യം.
നിലത്ത് ചമ്രം പടിഞ്ഞിരുന്ന് മുന്നിൽ ഇടത്തോട്ട് തിരിച്ചിട്ട ഇലക്കു മുന്നിൽ വായിൽ കപ്പലോടിക്കാനുള്ള വെള്ളവുമായി സദ്യക്കായി കാത്തിരിക്കുന്ന ആ ഇരിപ്പുണ്ടല്ലോ... ഉപ്പേരി ഉൾപ്പെടെ ഓരോ കൂട്ടുകളും ഇലയിലെത്തുമ്പോൾ വല്ലാത്തൊരു സംതൃപ്തിയാണ് മനസ്സിന്. വിഭവങ്ങളെല്ലാം വന്ന ശേഷം സദ്യ കഴിച്ചു തുടങ്ങിയ ശേഷം കൈകുമ്പിൾ നീട്ടി രസം വാങ്ങി കുടിച്ചാൽ കിട്ടുന്നൊരു മനസ്സുഖമുണ്ട്, ശേഷം ഇത്തിരി സദ്യയിൽ കൂടി ഒഴിച്ച് കുഴച്ചങ്ങ് 'പിടിപ്പിച്ചാലോ'...? ശരിക്കും വല്ലാത്തൊരു ഫീലാണ്.
ഈ വർഷം ഓണത്തിന് നമുക്ക് രസത്തിന്‍റെ പതിവ് ശൈലിയങ്ങ് മാറ്റിപിടിച്ചാലോ... മഹേന്ദ്ര സിങ് ധോണി പോലുള്ള നക്ഷത്ര താരങ്ങൾ ഇഷ്ടപ്പെടുന്ന 'പൂണ്ടുരസം' നമുക്ക് പരീക്ഷിക്കാം, അതും വേൾഡ് ക്ലാസ് സ്റ്റാർ ഷെഫ് സുരേഷ് പിള്ളയുടെ റെസിപിയിൽ.
ഷെഫ് എന്ന നിലയിൽ ധോണിയുമായി നേരിട്ട് ഇടപഴകാൻ ഭാഗ്യം ലഭിച്ചയാളാണ് റാവിസ് ഹോട്ടൽ ക്യൂലിനറി മാനേജറായ (Culinary Director at The Raviz) സുരേഷ്പിള്ള. ധോണിം ഉൾപ്പെടെ ഇന്ത്യൻ ടീം മത്സരത്തിനായി കേരളത്തിലെത്തിയപ്പോഴെല്ലാം അവർക്ക് ഭക്ഷണം തയ്യാറാക്കി നൽകാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
2018 നവംബർ ഒന്നിന് നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി കോവളം റാവിസിലെത്തിയ ധോണിയോടൊത്തുള്ള അനുഭവം അദ്ദേഹം സമൂഹ്യ മാധ്യമം വഴി പങ്കുവെച്ചത് വൈറലായിരുന്നു. അന്ന് ധോണിക്ക് അദ്ദേഹം തയ്യാറാക്കി നൽകിയ തമിഴ് സ്റ്റൈൽ 'പൂണ്ടുരസം' സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൻ ഹിറ്റായിരുന്നു. നിരവധിയാളുകളാണ് 'പൂണ്ടുരസം' റസിപി ഗൂഗ്ളിലും മറ്റും തേടിയത്.
പൂണ്ട് എന്നാൽ തമിഴ്നാട്ടിൽ വെളുത്തുള്ളിയാണ്. വെളുത്തുള്ളിയും കുരുമുളകും ചതച്ച് പുളി പിഴിഞ്ഞുള്ള സാധാ രസമാണിത്. പുളിക്കൊപ്പമുള്ള എരിവാണ് ഇതിന്‍റെ പ്രത്യേകത.
ഒരു നാരങ്ങ വലിപ്പത്തിൽ പുളി ചൂടുവെള്ളം ഒഴിച്ച് കുതിർത്ത് പിഴിഞ്ഞെടുത്ത് മാറ്റിവെക്കുക. തുടർന്ന് ഒരു ടേബ്ൾ സ്പൂൺ വീതം കുരുമുളകും, ജീരകവും, തുവര പരിപ്പും, ഒരു വെളുത്തുള്ളി അല്ലിയും ചേർത്ത് ചതച്ചതും മാറ്റിവെക്കുക.
ശേഷം പിഴിഞ്ഞെടുത്ത പുളിയിലേക്ക് ഒരു തക്കാളി നന്നായി കൈകൊണ്ട് കശക്കിയെടുത്തതും അഞ്ചാറ് അല്ലി വെളുത്തുള്ളി ചതച്ചതും രസം പൊടിയും ചേർത്ത് ചെറിയ ചൂടിൽ തിളപ്പിക്കുക. പത വന്ന് പൊങ്ങിയ ശേഷം തീയണക്കുക.
തുടർന്ന് നെയ്യ് ചൂടാക്കി നേരത്തെ ചതച്ചുവെച്ച ചേരുവയും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്തെടുത്താൽ അടിപൊളി പൂണ്ടുരസമായി. ഇതിൽ തക്കാളി ഉൾപ്പെടെ ചില ചേരുവകൾ കൂടി ചേർത്താൽ കേരള രീതിയിലും തയ്യാറാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.