വായിൽ കപ്പലോടും, മാങ്ങ അച്ചാർ

അച്ചാർ എന്ന് കേട്ടാൽ മതി, വായിൽ കപ്പലോടും. സദ്യയുടെ രുചി കൂട്ടാൻ അച്ചാറിനു പ്രത്യേക കഴിവുണ്ട്. പല തരം അച്ചാറുകൾ നമ്മൾ പരീക്ഷിക്കാറുണ്ട്, എങ്കിലും മലയാളികൾക്ക് കൂടുതൽ പ്രിയം മാങ്ങാ അച്ചാറിനോട് തന്നെ. സാധാരണ ഇടുന്ന രീതിയിൽ നിന്നും ചെറിയ മാറ്റം വരുത്തിയാൽ അച്ചാറിന്‍റെ രുചി നമുക്ക് ഇരട്ടിയാക്കാം. നല്ല എരുവും പുളിയും മണവുമുള്ള അച്ചാർ മതി ഒരു പ്ലേറ്റ് ചോറ് കാലിയാവാൻ. കഞ്ഞിയിലേക്കും നല്ലൊരു സൈഡ് തന്നെ ആണ് അച്ചാർ.

ചേരുവകൾ:

  • പച്ചമാങ്ങാ- 1 കിലോ
  • പച്ചമുളക് -9 എണ്ണം
  • ഉലുവയും ചെറിയ ജീരകവും പൊടിച്ചത് -1 ടേബിൾ സ്പൂൺ
  • മുളക് പൊടി -2 ടേബിൾ സ്പൂൺ
  • മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് -2 ടേബിൾ സ്പൂൺ
  • കറി വേപ്പില- ആവശ്യത്തിന്
  • വിനാഗിരി-1/2 ഗ്ലാസ്
  • ഉപ്പ് - ആവശ്യത്തിന്
  • നല്ലെണ്ണ-3 ടേബിൾ സ്പൂൺ
  • കൊണ്ടാട്ടം മുളക് -10 എണ്ണം
  • കടുക് -1 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം:

ചെറിയ കഷ്ണങ്ങൾ ആക്കിയ മാങ്ങയിൽ നന്നായി ഉപ്പു ചേർത്തു ഒരു ദിവസം വെക്കണം. ഉപ്പിടുമ്പോൾ മാങ്ങയിലോ പാത്രത്തിലോ നനവ് ഇല്ലാതെ ശ്രദ്ധിക്കണം. ചുവടു കട്ടിയുള്ള പാത്രം എടുത്തു ചൂടായാൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുത്തു നന്നായി വഴണ്ട് വന്നാൽ പച്ച മുളക് ചേർത്തു വഴറ്റുക.

വേപ്പില ഇട്ടു കൊടുത്ത് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേർത്തു വിനാഗിരി ഒഴിച്ച് കൊടുക്കുക. ശേഷം ചെറിയ കഷ്ണങ്ങൾ ആക്കിയ മാങ്ങ ചേർത്ത് യോജിപ്പിച്ചെടുക്കുക. ഉലുവയും ജീരകവും കൂടെ പൊടിച്ചത് ഇട്ടു കൊടുത്തു വറുത്തു വെച്ച കൊണ്ടാട്ടം മുളക് ചെറുതായൊന്നു കൈ കൊണ്ട് പൊടിച്ചു അതും ചേർത്ത് കൊടുക്കുക. എല്ലാം കൂടെ ഒന്ന് യോജിപ്പിച്ചെടുക്കുക. ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത്‌ കൊടുക്കാം. ചൂടാറിയ ശേഷം കുപ്പിയിലോ ഭരണി പാത്രത്തിലോ സൂക്ഷിച്ചു വെക്കാം.

Tags:    
News Summary - Ship in the mouth, mango pickle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.