കുവൈത്ത് സിറ്റി: കുവൈത്തും- അന്താരാഷ്ട്ര നാണയ നിധിയും (ഐ.എം.എഫ്) തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് കുവൈത്ത് ധനമന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയും ആക്ടിങ് ഓയിൽ മന്ത്രിയുമായ നൂറ അൽ ഫസ്സാം ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയുമായി ചർച്ച നടത്തി.
ദോഹയിൽ നടന്ന ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക സഹകരണ സമിതിയുടെ 122ാമത് യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നതെന്ന് ധനമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. സാമ്പത്തിക വെല്ലുവിളികൾ നേരിടാനും സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കാനും കുവൈത്തും ഐ.എം.എഫും സഹകരിക്കുമെന്ന് പ്രസ്താവന സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര നാണയ നിധി യോഗത്തിലും നൂറ അൽ ഫസ്സാം പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കൽ, ആഗോള സാമ്പത്തിക സഹകരണം വർധിപ്പിക്കൽ എന്നിവ യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.