ദോഹ: രാജ്യത്ത് ഇനി 'അൽ വസ്മി' കാലം. നാട്ടിലെ ഞാറ്റുവേലക്കാലത്തിന് സമാനമാണിത്. ഒക്ടോബർ 16 മുതൽ ഇതിെൻറ ശക്തമായ തുടക്കം ഉണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 52 ദിവസങ്ങൾ നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ ലഭിക്കുന മഴസസ്യങ്ങൾക്ക് കൂടുതൽ വളരാൻ ഊർജമേകുന്നു. ഇതിനാലാണ് ഈ കാലത്തെ 'അൽ വസ്മി സീസൺ' എന്ന് വിളിക്കുന്നത്. കേരളത്തിലെ ഞാറ്റുവേലക്കാലമെന്നും പറയാം. അറബി നോവലുകളിലും സാഹിത്യങ്ങളിലുമുള്ള പൊതുപ്രയോഗമാണ് 'അൽ വസ്മി'.
വസന്തകാലത്തിന് തുടക്കമിട്ട് പെയ്യുന്ന മഴക്കാണ് അൽ വസ്മി എന്നുപറയുക. പടിഞ്ഞാറ് ഭാഗത്തുനിന്നും മേഘങ്ങൾ കിഴക്കോട്ട് നീങ്ങും. ശക്തമായ മഴ പെയ്യാനുള്ള സൂചനയായിരിക്കും ഇത്. തുടർന്ന് നല്ല മഴ ലഭിക്കും. മുൻകാല കാലാവസ്ഥ റിപ്പോർട്ടുകൾ അനുസരിച്ച് ദോഹയിൽ അന്തരീക്ഷ താപനില ഏറെ കുറഞ്ഞ് 35 ഡിഗ്രി സെൽഷ്യസിനും താഴെയാകും.
മറ്റിടങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. പകൽ സമയത്ത് ചെറിയ ചൂടും തണുപ്പ് രാത്രികളുമാണ് വരാൻ പോകുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകും. ഇക്കാലത്ത് പകർച്ചപ്പനി സാധാരണപോലെ ഉണ്ടാവുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് വൃത്തിയാക്കണമെന്നും അസുഖങ്ങളുള്ള ആളുകളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണമെന്നും അധികൃതർ അറിയിക്കുന്നു.
തണുപ്പുകാല ക്യാമ്പിങ് സീസണുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടപടികളും പുരോഗമിക്കുകയാണ്. മരുഭൂമിയടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കാനുള്ള രജിസ്ട്രേഷൻ കഴിഞ്ഞ 11ന് തുടങ്ങിയിരുന്നു.
ബീച്ചുകൾ, സീസൈഡ്, നാച്വറൽ റിസർവുകൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കുന്നതിന് 10,000 റിയാലാണ് ഫീസ്. ഒക്ടോബർ 11ന് രജിസ്ട്രേഷൻ നടത്തിയവർക്ക് 13 മുതൽ ക്യാമ്പിങ് നടത്താൻ അനുമതി നൽകും. ഇവർക്ക് അൽശമാൽ, അൽഗശമിയ, സീലൈൻ, റാസ് മത്ബക്, അറദ, സിക്രീത്ത്, അൽ നഗ്യാൻ, അൽ കറാന, അഷർജി, ഉം അൽ മാ എന്നിവിടങ്ങളാണ് അനുവദിക്കുക. ഒക്ടോബർ 14ന് രജിസ്ട്രേഷൻ നടത്തിയവർക്ക് 16 മുതൽ അൽറീം റിസർവ്, അൽ മറൂന, അൽ മസ്റുഅ, ഉം അൽ അഫാഇ, അൽ ഹാഷിം, അബൂദലൗഫ്, അൽ സുബാറ, അൽ ഉദൈ, സൗത് അൽ ഖറാഇജ്, അബു സംറ എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്യാനുള്ള അനുമതി ലഭിക്കും. ഒക്ടോർ 18ന് രജിസ്റ്റർ െചയ്തവർക്ക് 20 മുതൽ റൗദത് റാഷിദ്, റൗദത് അയ്ഷ, അൽഖോർ, അൽവാബ്, മുഖിത്ന, അൽഗരിയ, അൽ മുഫൈർ, റാസ് അൽനൗഫ്, അൽ അതുരിയ, അൽ സനാ, വെസ്റ്റ് അൽ റയിസ് എന്നിവിടങ്ങിലാണ് ക്യാമ്പിങ്ങിന് അനുമതി ലഭിക്കുക. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ജീവിത രീതിയെ അനുസ്മരിക്കുന്നതിനും നഗരത്തിെൻറ തിരക്കുകളിൽ നിന്ന് അകന്ന് പ്രകൃതിയുടെ ലാളനയേറ്റ് സമയം ചെലവഴിക്കുന്നതിനുമുള്ള സുവർണാവസരം കൂടിയാണ് ഓരോ ക്യാമ്പിങ് സീസണും നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.