ദോഹ: സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അധിക ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം. ഹാക്കിങ്, തട്ടിപ്പ്, ഭീഷണി, ബ്ലാക്ക് മെയിൽ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.ഒൺലൈൻ പണമിടപാടുകളിൽ കൂടുതൽ മുൻകരുതൽ അനിവാര്യമാണെന്നും എല്ലാഇടപാടുകളും പരിശോധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പബ്ലിക് റിലേഷൻ വിഭാഗം നടത്തിയ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങളും പ്രതിരോധമാർഗങ്ങളും എന്ന ബോധവത്കരണ വെബിനാറിൽ ഇക്കണോമിക് ആൻഡ് സൈബർ ൈക്രം വിഭാഗം ബോധവത്കരണ ഉദ്യോഗസ്ഥൻ ലെഫ്. അഹ്മദ് ഹമദ് ഹസൻ ആൽഥാനിയാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടും സൈബർ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിെൻറ ഭാഗമായും 2018 അവസാനത്തിലാണ് ഇക്കണോമിക് ആൻഡ് സൈബർ ൈക്രം വിഭാഗം ആഭ്യന്തര മന്ത്രാലയം രൂപവത്കരിച്ചതെന്ന് ലെഫ്. അഹ്മദ് ഹമദ് ആൽഥാനി പറഞ്ഞു. പല രൂപങ്ങളിലായി സൈബർ കുറ്റകൃത്യങ്ങൾ ഇന്ന് കൂടുതൽ വെല്ലുവിളികളുയർത്തി വ്യാപകമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014ലെ 14ാം നമ്പർ നിയമം വിശദീകരിച്ച അദ്ദേഹം, ഇൻറർനെറ്റും ഇൻഫർമേഷൻ ടെക്നോളജിയും ഉൾപ്പെടുന്ന എല്ലാകുറ്റകൃത്യങ്ങളും സൈബർ കുറ്റകൃത്യം തടയാനുള്ള നിയമത്തിെൻറ പരിധിയിൽ പെടുമെന്നും വ്യക്തമാക്കി.
സംശയകരമായ ഫോൺ കാളുകൾക്കും സന്ദേശങ്ങൾക്കും ഒരുനിലക്കും മറുപടി നൽകരുതെന്നും സംശയംതോന്നുന്ന സാഹചര്യത്തിൽ ഉടൻതന്നെ നമ്പറുകൾ ബ്ലോക്ക് ചെയ്യുകയും എല്ലാതരത്തിലും ഒൺലൈൻ കമ്യൂണിക്കേഷനും ഡിസ്കണക്ട് ചെയ്യണമെന്നും അദ്ദേഹം ആവർത്തിച്ചു.
സൈബർ കുറ്റകൃത്യങ്ങൾക്ക് അഞ്ചു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും 10,000 റിയാൽ മുതൽ അഞ്ചു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.സൈബർ സുരക്ഷ ഉറപ്പാക്കുന്നതിെൻറ പൂർണ ഉത്തരവാദിത്തം വ്യക്തികൾക്കാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇ-മെയിലുകളുടെ പാസ്വേഡുകൾ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കണമെന്നും കൂടുതൽ ശക്തമായ പാസ്വേഡുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. എല്ലാ ഒാൺലൈൻ അക്കൗണ്ടുകൾക്കും ഒരേ പാസ്വേഡ് വെക്കുന്നത് ഒഴിവാക്കണമെന്നും ഒരു അക്കൗണ്ട് ഹാക്ക് ചെയ്താൽ അതുവഴി മുഴുവൻ അക്കൗണ്ടുകളും ഹാക്ക് ചെയ്യാൻ സാധിക്കുമെന്നും കൂടുതൽ വിശ്വാസ്യതയുള്ള വൈബ്സൈറ്റുകൾ വഴി മാത്രമായിരിക്കണം ഒാൺലൈൻ ഇടപാടുകളെന്നും ലെഫ്. അഹ്മദ് ഹമദ് ആൽഥാനി പറഞ്ഞു.
ബ്ലാക്ക് മെയിലിങ്, ഭീഷണി, രഹസ്യങ്ങൾ പുറത്തുവിടുക തുടങ്ങിയ പ്രവർത്തനങ്ങൾ നേരിടുകയാണെങ്കിൽ ഉടൻ തന്നെ മെട്രാഷ് 2 വഴിയോ, cccc@moi.gov.qa എന്ന ഇ-മെയിൽ വഴിയോ 66815757ഹോട്ട്ലൈൻ, 2347444 നമ്പറിലോ ഉടൻ പരാതി നൽകാം. അല്ലെങ്കിൽ നേരിട്ട് ആഭ്യന്തര മന്ത്രാലയത്തിലും പരാതിപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.