ടൂറിസ്​റ്റ് വിസയിൽ ഡിസ്​കവർ ഖത്തറിൻെറ പ്രത്യേക ഹോളിഡേ പാക്കേജുകൾ

ദോഹ: കോവിഡ്​ യാത്രാനിയന്ത്രണങ്ങളിൽ അയൽരാജ്യങ്ങളെയും മറ്റും അമ്പരപ്പിക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോവുന്ന ഖത്തർ വിനോദസഞ്ചാരികൾക്കായി വാതിലുകൾ തുറന്ന്​ കാത്തിരിക്കുകയാണ്​. ഫാമിലി വിസിറ്റ്​ വിസയും ടൂറിസ്​റ്റ്​ വിസയും അനുവദിച്ചുതുടങ്ങിയതോടെ അന്താരാഷ്​ട്ര യാത്രക്കാർക്ക്​ ​പ്രത്യേക ഹോളിഡേ പാക്കേജുമായി ഖത്തർ എയർവേസും രംഗത്ത്​. സന്ദർശനത്തിനെത്തുന്ന കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഖത്തർ എയർവേസിന്​ കീഴി​ൽ 'ഡിസ്​കവർ ഖത്തർ' പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കുന്നു.

യാത്രാനയത്തിൽ മാറ്റംവരുത്തിയതിന് പിന്നാലെ സന്ദർശക വിസയിൽ ഖത്തറിലെത്തുന്നവർ നിർബന്ധമായും ഹോട്ടൽ ബുക്ക് ചെയ്യണം. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ഡിസ്​കവർ ഖത്തർ രംഗത്തെത്തിയത്. രാജ്യത്തെ ടൂറിസം മേഖലക്ക് കരുത്തേകുന്ന സൗജന്യ ഒൺ അറൈവൽ നടപടികൾ പുനരാരംഭിക്കുന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് നിബന്ധനകൾ പാലിക്കുകയാണെങ്കിൽ ഖത്തറിലെത്താം.

സന്ദർശകർക്കായി ഖത്തർ വീണ്ടും സുരക്ഷിതമായി തുറന്നുകൊടുക്കുന്നതിലും രാജ്യത്തി​െൻറ വിനോദസഞ്ചാര മേഖലയുടെ വളർച്ചക്കായി പിന്തുണക്കുന്നതിലും ഖത്തർ എയർവേസി​െൻറ പങ്ക് നിർവഹിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. സന്ദർശകർക്കായി ഖത്തറി​െൻറ പ്രകൃതിയും പാരമ്പര്യത്തിൽനിന്നും ആധുനികതയിൽനിന്നും പ്രചോദമുൾക്കൊണ്ടുള്ള വാസ്​തുവിദ്യാ നിർമിതികളും ഞങ്ങൾ തുറന്നിട്ടിരിക്കുകയാണ്. ഏറ്റവും മികച്ച അനുഭവമായിരിക്കും സന്ദർശകർക്ക് ഖത്തർ സമ്മാനിക്കുക.

നഗരത്തിലൂടെയും മരുഭൂമിയിലൂടെയുമുള്ള യാത്ര സന്ദർശകർക്ക് ആസ്വാദ്യകരമായിരിക്കും. ഡിസ്​കവർ ഖത്തറി​െൻറ എക്സ്​ക്ലൂസിവ് പാക്കേജുകളിലൂടെ ഖത്തറി​െൻറ തനത് ആതിഥ്യമര്യാദ, സംസ്​കാരം, പൈതൃകം, ദോഹയെന്ന വൈബ്രൻറ് സിറ്റി എന്നിവയെല്ലാം അനുഭവിച്ചറിയാനും സാധിക്കുമെന്നും അൽ ബാകിർ വിശദീകരിച്ചു.

ഫാമിലി ആൻഡ് ഫ്രണ്ട്സ്​ പാക്കേജുകൾ ഒരാൾക്ക് 1721 റിയാൽ മുതലാണ് ആരംഭിക്കുന്നത്. അഞ്ച്, ഏഴ്, 10 ദിവസങ്ങൾക്കായുള്ള പാക്കേജുകളാണ് നിലവിലുള്ളത്. ഹിൽട്ടൻ ദോഹ, ഹിൽട്ടൻ സൽവാ ബീച്ച് റിസോർട്ട്, റിറ്റ്സ്​ കാൾട്ടൻ ദോഹ, മോൺട്രിയൻ ദോഹ, വെസ്​റ്റിൻ ദോഹ ഹോട്ടൽ ആൻഡ് സ്​പാ, അൽ മെസീല റിസോർട്ട് തുടങ്ങിയ ഖത്തറിലെ പ്രമുഖ ആഡംബര ഹോട്ടലുകളുമായി സഹകരിച്ചാണ് പാക്കേജുകൾ നൽകുന്നത്.

പ്രഭാത ഭക്ഷണം, ഹോട്ടലിലെ ഭക്ഷണപാനീയങ്ങൾക്ക് 20 ശതമാനം കിഴിവ്, എയർപോർട്ട് ട്രാൻസ്​ഫർ എന്നിവയാണ് പാക്കേജുകളിലുൾപ്പെടുന്നത്.

രാജ്യത്തെ പ്രധാന വിനോദസഞ്ചാര–പൈതൃക കേന്ദ്രങ്ങളിലേക്കുള്ള നാല് മണിക്കൂർ നേരത്തെ ഡിസ്​കവർ ദോഹ സഞ്ചാരവും മരുഭൂമിയിലൂടെയുള്ള യാത്രയും ഏറ്റവും മനോഹരവും ജനപ്രിയ സഞ്ചാരകേന്ദ്രവുമായ ഇൻലൻഡ് സീ സന്ദർശനവും പാക്കേജി​െൻറ ഭാഗമാണ്.12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കുടുംബത്തോടൊപ്പം സൗജന്യമായി താമസിക്കാനും സാധിക്കും. 

Tags:    
News Summary - Discover Qatar Special Holiday Packages on Tourist Visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.