ദോഹ: ഓൺലൈൻ വോട്ടിങ് ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾക്കു പിന്നാലെ ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് മുടങ്ങി. വെള്ളിയാഴ്ച വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാനാവാതെ വന്നതോടെയാണ് മാറ്റിവെക്കാൻ എംബസി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർപേഴ്സൻ ആഞ്ജലീന പ്രേമലത നിർദേശിച്ചത്.

പുതിയ തീയതിയും വോട്ടെടുപ്പ് രീതിയും പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) എന്നീ അപെക്സ് സംഘടനകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടാം തവണയാണ് മാറ്റിവെക്കുന്നത്. ഫെബ്രുവരി 17ന് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഡിജി ആപ്പിലെ സാങ്കേതിക തകരാറിനെ തുടർന്ന് 24ലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ, മൂന്ന് മണിയോടെ വോട്ടെടുപ്പ് തുടങ്ങി മിനിറ്റുകൾക്കകം തന്നെ വ്യാപക പരാതി ഉയർന്നു. സ്ഥാനാർഥികളുടെ ക്രമം തെറ്റുന്നതും വോട്ടു ചെയ്ത വെരിഫിക്കേഷന് ഒ.ടി.പി ലഭിക്കാൻ താമസിക്കുന്നതുമെല്ലാം പ്രയാസം സൃഷ്ടിക്കുന്നതായി വോട്ടർമാർ പരാതിപ്പെട്ടിരുന്നു. ഇത് പരിഹരിക്കാനായി ആപ്പ് വികസിപ്പിച്ച ചെന്നൈയിലെ ഏജൻസി ശ്രമം നടത്തിയെങ്കിലും, പരാതികളും വിമർശനവും സജീവമായതിനാൽ വോട്ടെടുപ്പ് മാറ്റിവെക്കാൻ ഇന്ത്യൻ എംബസി തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുകയായിരുന്നു. ഏഴായിരത്തോളം വോട്ടർമാരുള്ള തെരഞ്ഞെടുപ്പ് നടപടിയാണ് കെടുകാര്യസ്ഥതയെതുടർന്ന് മുടങ്ങിയത്.

Tags:    
News Summary - Embassy apex body election postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.