ദോഹ: വിമാനടിക്കറ്റ് എടുക്കുകയും കോവിഡ് പ്രതിസന്ധിയിൽ യാത്ര ചെയ്യാനാവാതെ വരികയും ചെയ്യുന്ന പ്രവാസികളടക്കമുള്ളവർക്ക് വിമാനടിക്കറ്റിൻെറ തുക തിരികെ കിട്ടാൻ വഴിയൊരുങ്ങുന്നു. ഇത്തരത്തിലുള്ള വിമാനടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്നാണ് കോവിഡിൻെറ ആദ്യഘട്ടത്തിൽ വിമാനകമ്പനികൾ അറിയിച്ചിരുന്നത്.
എന്നാൽ പിന്നീട് റീഫണ്ട് നൽകാതെ ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാനുള്ള അവസരമൊരുക്കി വിമാനകമ്പനികൾ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. എന്നാൽ പല പ്രതിസന്ധികൾ മൂലം യാത്ര ചെയ്യാനാവാതിരിക്കുകയും വന്ദേഭാരത് പോലുള്ള പദ്ധതികളിൽ യാത്ര നടത്തുകയും ചെയ്യുന്ന പ്രവാസികൾക്ക് നേരത്തേയെടുത്ത വിമാനടിക്കറ്റിൻെറ തുക തിരിച്ചുകിട്ടാത്ത അവസ്ഥയാണ് നിലവിൽ.
ഇത്തരത്തിൽ കോടിക്കണക്കിന് രൂപയാണ് വിവിധ വിമാനകമ്പനികളുെട കൈവശമുള്ളത്.ഇതിനാൽ റീഫണ്ട് അനുവദിക്കണമെന്ന് ആവശ്യെപ്പട് വിവിധ മേഖലകളിൽ നിന്ന് ശബ്ദമുയർന്നിരുന്നു. പ്രവാസികൾ അടക്കമുള്ള വിമാനയാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമയി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജിൽ നൽകിയിരുന്നു.
കേസിൽ കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിലാണ് പ്രവാസികൾക്ക് ആശ്വാസകരമായ കാര്യങ്ങളുള്ളത്.മുൻകൂട്ടി വിമാന ടിക്കറ്റെടുത്ത് പിന്നീട് കോവിഡ് പ്രതിസന്ധിമൂലം യാത്ര ചെയ്യാൻ സാധിക്കാതെ വന്ന വിമാന യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ് കേന്ദ്ര സർക്കാർ നയമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ലോക്ഡൗൺ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ റീഫണ്ട് ഉടൻ നൽകണം.
ലോക്ഡൗൺ കാലാവധിക്ക് മുമ്പ് എടുത്ത ടിക്കറ്റ് അടക്കമുള്ളവയുടെ കാര്യത്തിൽ 15 ദിവസത്തിനകം റീഫണ്ട് നൽകണം. എന്നാൽ, സാമ്പത്തിക പരാധീനത മൂലം വിമാനക്കമ്പനികൾക്ക് നിലവിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ തുക പിന്നീട് നൽകാൻ കഴിയുന്ന രീതിയിൽ ഒരു ക്രഡിറ്റ് ഷെല്ലിലേക്ക് മാറ്റിവെക്കാം. യാത്രക്കാരന് വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കണം.
യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് തുക കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകുകയും വേണം. ഇങ്ങിനെ മാറ്റിവെക്കുന്ന ക്രഡിറ്റ് ഷെൽ തുകക്ക് നഷ്ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇൻസെൻറീവും അതിന് ശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും യാത്രക്കാരന് നൽകണം.
ക്രഡിറ്റ് ഷെല്ലിലേക്ക് മാറ്റിവെച്ച ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി നൽകാനാകണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കി നൽകണം. 2021 മാർച്ച് മാസം 31 ന് ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റിൻെറ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ യാത്രക്കാരന് അർഹതയുണ്ടായിരിക്കുമെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
കേസ് സംബന്ധിച്ച അവസാനഹിയറിങ് സെപ്റ്റംബർ ഒമ്പതിന് ഉണ്ടാകുമെന്നും വിമാനയാത്രക്കാർക്ക് ഏെറ ആശ്വസിക്കാവുന്ന നിലയിലാണ് കാര്യങ്ങളെന്നും ദോഹയിലെ പ്രവാസി സാമൂഹികപ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി 'ഗൾഫ്മാധ്യമ'ത്തോട് പറഞ്ഞു. പ്രവാസി ലീഗൽ സെല്ലിൻെറ ഖത്തർ കൺട്രി ഹെഡ് ആണ് ഇദ്ദേഹം. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം മുഖേനയാണ് സുപ്രിം കോടതിയിൽ പൊതു താൽപര്യ ഹരജി നൽകിയത്. 2009ലാണ് പ്രവാസി ലീഗൽ സെൽ പ്രവർത്തനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.