ദോഹ: ഖത്തറിലെ 34 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി നിലവിലുള്ളത് 400ലേറെ അക്കാദമിക് പ്രോഗ്രാമുകൾ. ഹയർ ഇൻസ്റ്റിറ്റ്യൂഷനുകളിൽ വിദ്യാർഥികൾ വർധിക്കുന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസ മേഖല അഭിമാനകരമായ വളർച്ചയുടെ പാതയിലാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഹയർ ഇൻസ്റ്റിറ്റ്യൂഷനുകളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ 13 ശതമാനം വർധന ഈ അക്കാദമിക വർഷത്തിലുണ്ടായതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി പറഞ്ഞു. ഈ വർഷം 40,572 വിദ്യാർഥികളാണ് ഉന്നത സ്ഥാപനങ്ങളിലുള്ളത്. ‘രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല ദ്രുതഗതിയിൽ വളരുകയാണ്. ഗവണ്മെന്റ്-സ്വകാര്യ മേഖലയിലായി കോളജുകളും യൂനിവേഴ്സിറ്റികളുമടക്കം നമുക്ക് 34 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവയിൽ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി ഉൾപ്പെടെ 400 അക്കാദമിക് പ്രോഗ്രാമുകളാണുള്ളത്.
ഭാവിയിൽ ഖത്തറിന്റെ വികസനത്തിന് വലിയ സംഭാവന നൽകാൻ ഉതകുന്ന രീതിയിൽ ജോബ് മാർക്കറ്റിൽ ഇതിന്റെ പ്രതിഫലനമുണ്ടാകും.
ശാസ്ത്ര സാങ്കേതിക മേഖലയിൽ ഖത്തറിന്റെ ആദ്യ സ്പെഷലൈസ്ഡ് സർവകലാശാലയായ യൂനിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി (യു.ഡി.എസ്.ടി) യിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ മൂവായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവരിൽ വലിയൊരളവ് ഖത്തരി വിദ്യാർഥികളാണ്’ -ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവേ, നുഐമി വിശദീകരിച്ചു.
ഖത്തറിനകത്തും പുറത്തുമായി 3243 വിദ്യാർഥികൾ മന്ത്രാലയത്തിന്റെ സ്കോളർഷിപ് ലിസ്റ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 933 വിദ്യാർഥികൾ സ്കോളർഷിപ് പ്രോഗ്രാമിൽ ഇതിനകം ചേർന്നുകഴിഞ്ഞു. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ആയിരത്തോളം പേർക്ക് പ്രതിവർഷം മന്ത്രാലയം സ്കോളർഷിപ് നൽകുന്നതായും നുഐമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.