ദോഹ: ഖത്തർ ലോകകപ്പിൽ അവിസ്മരണീയ പ്രകടനം നടത്തി ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച മൊറോക്കൻ ടീമിലെ സുപ്രധാന താരങ്ങളിലൊരാളായ സുഫിയാൻ ബൂഫൽ ഖത്തരി ക്ലബായ അൽ റയ്യാനിലേക്ക്. ഫ്രഞ്ച് ലീഗ് വൺ ക്ലബായ എയ്ഞ്ചേഴ്സിൽനിന്നാണ് 29കാരനായ അറ്റാക്കിങ് മിഡ്ഫീൽഡർ എത്തുന്നത്. ബൂഫലിന്റെ കൂടുമാറ്റം സംബന്ധിച്ച് ഖത്തരി ക്ലബുമായി ധാരണയിലെത്തിയതായി എയ്ഞ്ചേഴ്സ് വെളിപ്പെടുത്തി. ഖത്തറിൽ വൈദ്യ പരിശോധനക്ക് പുറപ്പെടാൻ ബൂഫലിന് അനുമതി നൽകിയതായി ഫ്രഞ്ച് ക്ലബ് പത്രക്കുറിപ്പിൽ അറിയിച്ചു.
ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ ടീമായി പേരെടുത്ത മൊറോക്കോ തകർപ്പൻ കളി കെട്ടഴിച്ച് ലോകത്തെങ്ങുമുള്ള കളിക്കമ്പക്കാരുടെ ഹൃദയം കവർന്നിരുന്നു. ഇതിനുപിന്നാലെ മൊറോക്കൻ കളിക്കാർക്ക് ട്രാൻസ്ഫർ മാർക്കറ്റിൽ ഡിമാൻഡ് ഉയർന്നു. എയ്ഞ്ചേഴ്സിലെ മറ്റൊരു മൊറോക്കൻ താരമായ അസ്സദിൻ ഔനാഹിയും ജനുവരിയിൽ കൂടുമാറിയിരുന്നു. ഫ്രഞ്ച് ലീഗിലെ തന്നെ മാഴ്സെയിലേക്കാണ് ഔനാഹി ചേക്കേറിയത്.
2012ൽ എയ്ഞ്ചേഴ്സിലൂടെ പ്രഫഷനൽ കരിയറിന് തുടക്കമിട്ട ബൂഫൽ, 2015ൽ ഫ്രാൻസിലെ തന്നെ ലില്ലെയിലേക്ക് മാറിയിരുന്നു. 2016 മുതൽ 2020 വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സതാംപ്ടണിന്റെ അണിയിലായിരുന്നു. ഇതിനിടയിൽ വായ്പാടിസ്ഥാനത്തിൽ ഒരു സീസണിൽ സ്പാനിഷ് ലീഗിൽ സെൽറ്റ വിഗോക്കുവേണ്ടിയും ബൂട്ടണിഞ്ഞു.
2020ൽ എയ്ഞ്ചേഴ്സിൽ തിരിച്ചെത്തി. ശേഷം എയ്ഞ്ചേഴ്സ് നിരയിൽ 56 മത്സരങ്ങളിൽനിന്ന് 13 ഗോൾ നേടി. മൊറോക്കോ ദേശീയ ടീമിനുവേണ്ടി കഴിഞ്ഞ ലോകകപ്പിൽ ഉൾപ്പെടെ 39 മത്സരങ്ങളിൽ കളത്തിലിറങ്ങി. ആറു ഗോളാണ് സമ്പാദ്യം. ലോകകപ്പിനുശേഷം യൂറോപ്യൻ ടീമുകളിൽ പലതും ബൂഫലിൽ നോട്ടമിട്ടിരുന്നു. അതെല്ലാം നിരസിച്ചാണ് താരം ഖത്തറിലേക്ക് പറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.