ദോഹ: ഖത്തറിലെയും ഇന്ത്യയിലെയും ഫുട്ബാൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഫുട്ബാൾ പോരാട്ടത്തിന് ഇന്ന് സൗദിയിൽ വിസിൽ മുഴങ്ങുന്നു. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഖത്തർ തങ്ങളുടെ അഞ്ചാം അങ്കത്തിൽ അഫ്ഗാനിസ്താനെതിരെ വ്യാഴാഴ്ച ബൂട്ടുകെട്ടുമ്പോൾ ഇന്ത്യൻ ആരാധകരുടെ കണ്ണുകളെല്ലാം മറൂൺ കുപ്പായത്തിലെ ഒരു മലയാളി താരത്തിലാണ്. 29 അംഗ ദേശീയ ടീമിൽ ഇടം നേടിയ കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദിലേക്ക്.
സൗദിയിലെ ഹഫൂഫ് പ്രിൻസ് അബ്ദുല്ല ബിൻ ജലാവി സ്റ്റേഡിയത്തിൽ രാത്രി ഏഴിന് (ഇന്ത്യൻ സമയം 9.30) നടക്കുന്ന മത്സരത്തിൽ തഹ്സിനും ഖത്തറിന്റെ മറൂൺ കുപ്പായത്തിൽ കളത്തിലിറങ്ങിയാൽ അതും വീണ്ടുമൊരു ചരിത്രമായി മാറും. പത്തു ദിവസം മുമ്പ് ദേശീയ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ഖത്തറിൽ ജനിച്ചുവളർന്ന് അൽ ദുഹൈലിലൂടെ ശ്രദ്ധേയനായി മാറിയ തഹ്സീൻ ദേശീയ ടീമിൽ ഇടം പിടിച്ചത്. അക്രം അഫീഫ്, അൽ മുഈദ് അലി ഉൾപ്പെടെ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ, കോച്ച് മാർക്വേസ് ലോപസ് ജൂനിയർ താരങ്ങൾക്ക് അവസരം നൽകുകയായിരുന്നു. ഇത് തഹ്സീൻ ഉൾപ്പെടെ യൂത്ത് ലെവലിൽ കളിക്കുന്ന താരങ്ങൾക്ക് ദേശീയ ടീമിലേക്കുള്ള അവസരമായി.
ഗ്രൂപ് റൗണ്ടിൽ നാലിൽ നാലും ജയിച്ച് 12 പോയന്റുള്ള ഖത്തർ ഇതിനകം തന്നെ ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പാക്കുകയും, ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത ഘട്ടത്തിലേക്ക് ഇടം നേടുകയും ചെയ്തിരുന്നു. അതിനിടയിലാണ് അഫ്ഗാനും, ജൂൺ 11ന് ഇന്ത്യക്കുമെതിരെ മത്സരം. ഇതേ ടീം തന്നെയാവും ദോഹയിൽ ഇന്ത്യയെയും നേരിടുന്നത്. ഒരു ജയവും രണ്ട് തോൽവിയുമായി നാല് പോയന്റാണ് അഫ്ഗാനിസ്താനുള്ളത്.
പരിചയ സമ്പന്നരായ ഹുമാം, അഹ്മദ് ഫാതിഹ്, അബ്ദുല്ല അഹ്റാക്, യൂസുഫ് അബ്ദുറസാഖ് എന്നിവർക്കൊപ്പം കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകാൻ കോച്ച് തീരുമാനിച്ചാൽ മലയാളികൾ പ്രാർഥനയോടെ കാത്തിരിക്കുന്ന പ്രിയതാരം തഹ്സിനും കളത്തിലിറങ്ങിയേക്കാം. കഴിഞ്ഞ ദിവസങ്ങളിൽ ആസ്പയർ സ്പോർട്സിലും ബുധനാഴ്ച ടീമിനൊപ്പം സൗദിയിലും തഹ്സീൻ പരിശീലനത്തിലുണ്ട്. യുവതാരങ്ങൾക്ക് ദേശീയ ടീമിന്റെ ഭാഗമാവാനും, അടുത്ത തലത്തിലേക്ക് ഉയരാനുമുള്ള മികച്ച അവസരമാണ് ഇതെന്ന് കോച്ച് ലോപസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.