ദോഹ: മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ നീട്ടിെവച്ച ഖത്തറിലെ ഇന്ത്യൻ എംബസിയുടെ അപെക്സ് സംഘടനകളുടെ ഓൺലൈൻ തെരഞ്ഞെടുപ്പ് ജനുവരി ഏഴിന് നടക്കും. ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെയാണ് ഓൺലൈൻ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയെന്ന് എംബസി ഇലക്ഷൻ കമ്മിറ്റി കൗൺസിലറും ചെയർപേഴ്സനുമായ ടി. ആഞ്ചലീൻ പ്രേമലത അയച്ച അറിയിപ്പിൽ പറയുന്നു.
എ.ഒ (അസോസിയേറ്റഡ് ഓർഗൈനസേഷൻ) റെപ്രസേൻററ്റീവുമാരുടെ തെരഞ്ഞെടുപ്പ് ജനുവരി ഏഴിന് രാത്രി എട്ടിനും ഒമ്പതിനും ഇടയിലാണ് നടക്കുക. എല്ലാ അംഗങ്ങളും ഓൺലൈനായി വോട്ട് ചെയ്യാനുള്ള ഡിജിപോൾ ആപ്പ് ജനുവരി ആറിന് ആറുമണിക്കുള്ളിൽ ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ അപ്ലോഡ് ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
ഇന്ത്യൻ കൾച്ചറൽ സെൻറർ (ഐ.സി.സി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെൻറർ (ഐ.എസ്.സി) എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) തെരഞ്ഞെടുപ്പ് തൽക്കാലം നടത്തില്ലെന്ന് എംബസി നേരത്തെ അറിയിച്ചിട്ടുണ്ട്.
ഡിസംബർ 26നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ഇത്തവണ ഓൺലൈനായാണ് തെരഞ്ഞെടുപ്പെന്ന് നേരത്തെ എംബസി അറിയിച്ചിരുന്നു. എന്നാൽ, ഇതിനായുള്ള പ്രത്യേക ഡിജിപോൾ ആപ്പിന് ആപ്പിളിന്‍റെ ഐ.ഒ.എസ് അംഗീകാരം ലഭിച്ചിരുന്നില്ല. ആപ്പ്ൾ പ്ലാറ്റ്ഫോമുകളിൽ ഏതെങ്കിലും ആപ്പ് ഉപയോഗിക്കാൻ ആപ്പിൾ ഓപറേറ്റിങ് സിസ്റ്റത്തിൻെറ അംഗീകാരം ആവശ്യമാണ്.
ആപ്പിൾ സ്റ്റോർ വാർഷിക അറ്റകുറ്റപണികൾക്കായി ഡിസംബർ 23 മുതൽ 27 വരെ ഷട്ട്ഡൗൺ ചെയ് തിരിക്കുകയായിരുന്നു. ഇതിനാലാണ് ആപ്പിന് അംഗീകാരം ലഭിക്കാൻ കാലതാമസം നേരിട്ടതും തെരഞ്ഞെടുപ്പ് നീട്ടിയതും.
അപെക്സ് സംഘടനകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തവണ വീറും വാശിയും ഏറെയാണ്. അണിയറ നീക്കങ്ങൾ നേരത്തെ തന്നെ സജീവമായിരുന്നു. മുൻകാലങ്ങളില്ലാത്ത വിധം ഇത്തവണ ഐ.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് കനത്ത മത്സരമാണ് നടക്കുന്നത്.
3200ഓളം അംഗങ്ങൾ ഐ.സി.ബി.എഫിനും 2600ഓളം ഐ.സി.സിക്കുമുണ്ട്. നിലവിലെ ഐ.സി.ബി.എഫ് പ്രസിഡൻറായ പി.എൻ. ബാബുരാജനാണ് ഇത്തവണ ഐ.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജൂട്ടാസ് പോൾ ആണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു പ്രമുഖൻ.
നിലവിൽ ഐ.സി.ബി.എഫ് മാനേജ്മെൻറ് കമ്മിറ്റി അംഗമാണ് ജൂട്ടാസ്. കടുത്ത മത്സരത്തിനാണ് അണിയറയിൽ അരങ്ങൊരുങ്ങിയത്. ഡോ. മോഹൻതോമസ്, ഷറഫ് പി. ഹമീദ് എന്നിവരാണ് ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഷറഫ് പി. ഹമീദ് നിലവിൽ വൈസ്പ്രസിഡൻറാണ്.
ഐ.സി.ബി.എഫ് പ്രസിഡൻറ് സ്ഥാനത്തേക്ക് മാനേജ്മെൻറ് കമ്മിറ്റി അംഗവും സ്പോൺസർഷിപ്പ് ആൻഡ് ഇവൻറ്സ് ഹെഡുമായ സിയാസ് ഉസ്മാനാണ് മത്സരിക്കുന്നത്. നിലവിലെ ജോയിൻറ് സെക്രട്ടറി സന്തോഷ് കുമാർ പിള്ളയും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
തൽക്കാലം തെരഞ്ഞെടുപ്പ് നടക്കാത്ത ഐ.ബി.പി.സിയുടെ ഭരണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുകയാണ് ചെയ്യുക. ഈ കമ്മിറ്റി കാര്യങ്ങൾ പരിശോധിച്ചശേഷം മാത്രമായിരിക്കും ഐ.ബി.പി.സിയുടെ കാര്യത്തിൽ തുടർ തീരുമാനങ്ങളെടുക്കുക. ഖത്തറിലെ ബിസിനസ് മേഖലയിലെ പ്രമുഖരെ ഐ.ബി.പി.സിയിൽ കൊണ്ടുവന്ന് ഇന്ത്യക്കും ഖത്തറിനുമിടയിലെ വാണിജ്യ താൽപര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതും എംബസി ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.