ദോഹ: 25ാമത് പുരുഷ, വനിതാ ഏഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാകുമെന്ന് ഏഷ്യൻ ടേബിൾ ടെന്നിസ് യൂനിയൻ (എ.ടി.ടി.യു) പ്രഖ്യാപിച്ചു. അടുത്ത വർഷം സെപ്റ്റംബറിലാണ് ചാമ്പ്യൻഷിപ്. എ.ടി.ടി.യു എക്സിക്യൂട്ടിവ് ഓഫിസ് യോഗത്തിലാണ് ഖത്തറിെൻറ ആതിഥേയത്വ പ്രഖ്യാപനമുണ്ടായത്.ഏഷ്യൻ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിെൻറ വേദിക്കായി മുൻനിരയിലുണ്ടായിരുന്ന ചൈനയും ഇന്ത്യയും എ.ടി.ടി.യു ജനറൽ അസംബ്ലിക്കിടെ പിന്മാറിയതോടെയാണ് ഖത്തറിന് നറുക്ക് വീണത്. 2000ത്തിലാണ് നേരത്തേ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചത്. 20 വർഷത്തിനു ശേഷമാണ് ഖത്തറിൽ വീണ്ടും ചാമ്പ്യൻഷിപ് എത്തുന്നത്.
ഏഷ്യൻ ചാമ്പ്യൻഷിപ്പിന് രണ്ടു തവണ വേദിയാകുന്ന ആദ്യ അറബ്, ഗൾഫ് രാജ്യമായി ഖത്തർ മാറും. അന്താരാഷ്ട്രതലത്തിലെ വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾ നടത്തുന്നതിൽ ഖത്തറിനുള്ള തുടർച്ചയായ അംഗീകാരങ്ങളുടെ ഭാഗമാണിത്.
ഈ ചാമ്പ്യൻഷിപ്പിലൂടെ ഖത്തരി ടേബിൾ ടെന്നിസ് മേഖലക്ക് ഉണർവുണ്ടാകുമെന്നും മികച്ച താരങ്ങളുമായി മത്സരിക്കുന്നതിലൂടെ വലിയ പരിചയം നേടിയെടുക്കാനാകുമെന്നും ഖത്തരി അറബ് ടേബിൾ ടെന്നിസ് അസോസിയേഷൻ പ്രസിഡൻറും എ.ടി.ടി.യു, ഇൻറർനാഷനൽ ടേബിൾ ടെന്നിസ് ഫെഡറേഷൻ എന്നിവയുടെ വൈസ് പ്രസിഡൻറുമായ ഖലിൽ അൽ മുഹന്നദി പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളും മികച്ച വേദികളും സാങ്കേതികവിദ്യകളുമാണ് ചാമ്പ്യൻഷിപ്പിനായി ഒരുക്കിയിരിക്കുന്നതെന്നും ഉന്നത അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും ചാമ്പ്യൻഷിപ് സംഘടിപ്പിക്കുകയെന്നും അൽ മുഹന്നദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.