ദോഹ: നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് സൗദി പ്രവാസികളുടെ പ്രതീക്ഷയാണ് മലപ്പുറം കൊട്ടപ്പുറം സ്വദേശി കെ.കെ. അബ്ദുൽ റസാഖും, പാലക്കാട് എടത്തനാട്ടുകര സ്വദേശികളായ ഷറഫുദ്ദീനും ബഷീറും. ഖത്തർ വഴി സൗദിയിലേക്ക് മടങ്ങാൻ ദോഹയിലും നാട്ടിലും കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ പ്രവാസികളുടെ മുഴുവൻ പ്രാർഥനകൾ ഇവർ വിജയകരമായി ലക്ഷ്യത്തിലെത്തട്ടേ എന്നാണ്.
ഓൺ അറൈവൽ വിസയിൽ ജൂലൈ 15ന് ഖത്തറിലെത്തി, ഇവിടെ 14 ദിവസം പൂർത്തിയാക്കിയ മൂവരും വ്യാഴാഴ്ച അർധരാത്രിയിൽ സൗദിയിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. യാത്രക്കുള്ള സജ്ജീകരണങ്ങളെല്ലാം കഴിഞ്ഞു. വാക്സിനഷേൻ സർട്ടിഫിക്കറ്റുകൾ ശരിയാക്കി, സൗദിയുടെ തവക്കൽന ആപ്ലിക്കേഷനിൽ 'ഇമ്യൂൺ സ്റ്റാറ്റസും' ഉറപ്പാക്കി. ഇന്നു രാത്രി 12.40ന് ഖത്തർ എയർവേസ് വിമാനത്തിൽ മൂവരും സൗദിയിലേക്ക് പറക്കും.
ജൂലൈ 12ന് പ്രാബല്യത്തിൽ വന്ന ഖത്തറിൻെറ പുതിയ യാത്രനയത്തിനു പിന്നാലെ ഓൺ അറൈവൽ വിസ നടപടികൾ ആരംഭിച്ചതോടെയാണ് നാട്ടിൽ കുടുങ്ങിക്കിടന്ന സൗദി, യു.എ.ഇ, ഒമാൻ പ്രവാസികൾക്ക് പ്രതീക്ഷയുടെ പച്ചവെളിച്ചം തെളിഞ്ഞത്. സങ്കീർണമായ നടപടിക്രമങ്ങളോ, സാമ്പത്തിക ഭാരമോ ഇല്ലാതെ ഖത്തറിലെത്തി രണ്ടാഴ്ച പിന്നിട്ടാൽ, ലക്ഷ്യത്തിലെത്താമെന്ന പ്രതീക്ഷയിൽ 14 ദിവസത്തിനിടെ ആയിരക്കണത്തിന് പ്രവാസികളാണ് ദോഹയിലെത്തിയത്. ഇവരെല്ലാം, വരും ദിനങ്ങളിൽ സൗദിയിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്.
ജൂലൈ 13നാണ് ഖത്തർ ഓൺ അറൈവൽ യാത്ര പുനരാരംഭിക്കാൻ അനുമതി നൽകിയത്. സൗദിയിലെ ത്വാഇഫിൽ ജോലിചെയ്യുന്ന അബ്ദുൽ റസാഖ് ജൂലൈ 15ന് രാവിലെ ആറിന് കോഴിക്കോടുനിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിലായിരുന്നു ദോഹയിലെത്തിയത്. സ്വന്തം നിലയിൽതന്നെ വിമാന ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും എടുത്തായിരുന്നു റസാഖിൻെറ യാത്ര. ബന്ധുക്കൾക്കൊപ്പം കഴിഞ്ഞതിനാൽ െചലവും കുറഞ്ഞു. അതേദിവസംതന്നെ കൊച്ചിയിൽനിന്നുള്ള ഇൻഡിഗോ എയർലൈൻസിലായിരുന്നു ഷറഫുദ്ദീനും ബഷീറും ദോഹയിെലത്തിയത്.
മൂവരും വ്യാഴാഴ്ച അർധരാത്രി ഒരേ വിമാനത്തിലാണ് സൗദിയിലേക്ക് മടങ്ങുന്നത്.ഇമ്യൂൺ സ്റ്റാറ്റസ് ലഭ്യമായതിനാൽ ക്വാറൻറീൻ ഇല്ലാതെതന്നെ പുറത്തിറങ്ങാനും കഴിയും.
ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ ഉൾപ്പെടെ വിമാന ടിക്കറ്റ്, ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്, ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻെറ രണ്ട് ഡോസും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്, കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് പരിശോധന ഫലം, രേഖകൾ യാത്രക്ക് 12 മണിക്കൂർ മുമ്പായി ഇഹ്തിറാസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത അനുമതി, അക്കൗണ്ടിലോ കൈവശമോ 5000 റിയാലോ തത്തുല്യമായ തുകയോ ഉണ്ടാകണം എന്നീ ഉപാധികളാണ് ഖത്തറിലേക്ക് ഓൺ അറൈവൽ വിസയിലെത്താനായി യാത്രക്കാർക്കുള്ള നിർദേശം.
സൗദി, ഒമാൻ, യു.എ.ഇ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളെല്ലാം ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് മുന്നിൽ അടച്ചു പൂട്ടിയപ്പോൾ ആകാശ വാതിലുകൾ തുറന്ന് എല്ലാവർക്കും സ്വാഗതമോതുകയാണ് ഖത്തർ. വാക്സിൻ എടുത്ത യാത്രക്കാർക്ക് നിബന്ധനകളോടെ അനുവാദം നൽകിയ ഖത്തർ, സന്ദർശക, കുടംബ, ഓൺ അറൈവൽ വിസകൾ കൂടി അനുവദിച്ചാണ് എല്ലാവരെയും വരവേൽക്കുന്നത്. ഇതു നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കാണ് ഏറെ തുണയാവുന്നത്. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ ഇന്ത്യയിൽനിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ട് യാത്രാനുമതിയില്ല.
ഇന്ത്യ, യു.എ.ഇ, ഇത്യോപ്യ, തുർക്കി, ഇറാൻ ഉൾപ്പെടെ 16 രാജ്യങ്ങളാണ് നിലവിൽ സൗദിയുടെ റെഡ് ലിസ്റ്റിൽ ഉള്ളത്. ഈ രാജ്യങ്ങളിൽനിന്നുള്ളവർക്കും, ഇവിടം സന്ദർശിച്ചവർക്കും നേരിട്ട് സൗദിയിലേക്ക് പ്രവേശനമില്ല. കോവിഡ് രണ്ടാം തരംഗത്തിന് മുേമ്പ അവധിക്കും, മറ്റുമായി നാട്ടിലെത്തിയ ആയിരക്കണക്കിന് പ്രവാസികാണ് ഇതുകാരണം തിരിച്ചുവരവ് സാധ്യമാവാതെ കുടുങ്ങിയത്. അവധി കഴിഞ്ഞവരും, ജോലി നഷ്ടപ്പെടുമെന്ന് ഭീതിയുള്ളവർക്കും തിരിച്ചുവരവ് നിർബന്ധമായതോടെ പലവഴികളും അവർ തേടി.
ഇത്യോപ്യ, നേപ്പാൾ, മാലദ്വീപ് വഴി ഇന്ത്യക്കാർ സൗദിയിലെത്തിയിരുന്നു. പിന്നീട് ഇതു മുടങ്ങി. നിലവിൽ അർമീനിയ, സെർബിയ ഉൾപ്പെടെ ഇന്ത്യക്കാർക്ക് വിലക്കില്ലാത്ത രാജ്യങ്ങൾ വഴിയാണ് സൗദിയിലേക്കുള്ള മടക്കയാത്ര. എന്നാൽ, 2.30 ലക്ഷം മുതൽ 2.50 ലക്ഷം വരെയാണ് ഈ യാത്രക്ക് െചലവ്. ഖത്തർ ഓൺ അറൈവൽ സംവിധാനം നടപ്പാവുന്നതോെട ട്രാവൽ ഏജൻസി പാക്കേജ് വഴി വരുന്നവർക്ക് ഒന്നേകാൽ ലക്ഷം വരെയും, സ്വന്തം നിലയിൽ ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും എടുത്ത് വരുന്നവർക്ക് വളരെ കുറഞ്ഞ പണം മാത്രമേ െചലവാകൂ എന്നതാണ് മിച്ചം. ഓൺ അറൈവൽ വിസക്ക് ഖത്തറിൽ പ്രത്യേക ചാർജ് ഈടാക്കുന്നില്ല. ഇതിനു പുറമെ, പലരും ഖത്തറിലെത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം കഴിയുന്നതിനാൽ ഹോട്ടൽ താമസച്ചെലവും ഒഴിവാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.