യാംബു: ലോകത്തെ ഏറ്റവും വലിയ മോട്ടോർ സ്പോട്സ് മത്സരമായ ‘സൗദി ഡാക്കർ റാലി 2024’ ജനുവരി അഞ്ചിന് ആരംഭിക്കും. വടക്കൻ മേഖലയിലെ അൽഉലയിൽ നിന്ന് ആരംഭിച്ച് 19 ന് യാംബുവിൽ സമാപിക്കും. റാലിയിൽ പങ്കെടുക്കാനുള്ള വാഹനങ്ങളുമായി ‘ജൂലി പല്ലാഡിയോ’ എന്ന കപ്പൽ കഴിഞ്ഞ ദിവസം യാംബു തുറമുഖത്തെത്തി. 864 വിവിധതരം വാഹനങ്ങളും 86 മോട്ടോർ സൈക്കിളുകളുമാണ് എത്തിച്ചത്.
തുടർച്ചയായ അഞ്ചാമത്തെ വർഷമാണ് സൗദി മരുഭൂമിയിൽ ഡാക്കർ റാലി നടക്കുന്നത്. സംഘാടകരായ സൗദി മോട്ടോർ സ്പോർട്‌സ് കമ്പനിയും അമോറി സ്‌പോർട്‌സ് ഓർഗനൈസേഷനും ഒരുക്കം പൂർത്തിയാക്കിയതായി വെളിപ്പെടുത്തി. റാലിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും 39 കണ്ടെയ്‌നറുകളും ഒരുക്കി. മത്സരത്തിൽ പങ്കെടുക്കുന്ന റൈഡർമാർ, ഡ്രൈവർമാർ, നാവിഗേറ്റർമാർ, അനുബന്ധ ഘടകങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ തയ്യാറെടുപ്പിലാണെന്നും അവർ വിശദീകരിച്ചു.
ഇത്തവണത്തെ റാലിയിൽ 12 ഘട്ടങ്ങളാണുള്ളത്. പൗരാണിക നഗരമായ അൽഉലയിൽ നിന്ന് മരുഭൂമിയിലൂടെ പ്രത്യേകമൊരുക്കിയ ട്രാക്കിലൂടെയാണ് മത്സരം. അൽഉല, ഹാഇൽ, ദവാദ്മി, ഹുഫൂഫ്, റിയാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ യാംബുവിലെ ഫിനിഷിങ് പോയിൻറിൽ അവസാനിക്കും. അടിമുടി സാഹസികത നിറഞ്ഞതായിരിക്കും യാത്ര. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ വാഹനങ്ങൾ ഇത്തവണ പങ്കെടുക്കുന്നുണ്ട്. 125 മോട്ടോർ സൈക്കിളുകൾ, 19 ക്വാഡ് ബൈക്കുകൾ, 73 റേസിങ് കാറുകൾ, 56 ട്രക്കുകൾ, 47 ടി ത്രി വാഹനങ്ങൾ , 46 ടി ഫോർ വാഹനങ്ങൾ അടക്കം 455 വാഹനങ്ങളാണ് കഴിഞ്ഞ വർഷം പങ്കെടുത്തിരുന്നതെങ്കിൽ ഇത്തവണ ഇരട്ടിയോളമായിട്ടുണ്ട്.
സ്ത്രീകളുടെ അഞ്ച് സംഘങ്ങൾ കഴിഞ്ഞതവണ റാലിയിൽ പങ്കെടുത്തിരുന്നു. 54 സ്ത്രീകളാണ് മൊത്തത്തിൽ മത്സരിച്ചത്. ഓരോ വർഷവും സുരക്ഷാ സജ്ജീകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയും ആധുനിക സാങ്കേതിക സംവിധാനങ്ങളൊരുക്കിയുമാണ് 15 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഡാക്കർ റാലി ഒരുക്കുന്നത്. അൽഉലയിലെ വശ്യമായ മരുഭൂമി കൂടുതൽ ദൃശ്യമാകുന്ന വിധത്തിലാണ് യാത്രാസംഘത്തിനുള്ള താവളമൊരുക്കുന്നത്. മദാഇൻ സ്വാലിഹിെൻറ ചരിത്ര ഭൂമിക തൊട്ടറിയാനും ആസ്വദിക്കാനും ഡാക്കർ റാലി വഴി കൂടുതൽ ആളുകൾക്ക് അവസരമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.