ത്വാഇഫ്: സൗദി അറേബ്യയുടെ 94ാം ദേശീയദിന ആഘോഷ നിറവിൽ പച്ചപുതച്ച് രാജ്യം. രാജ്യത്തെങ്ങും ഇതിനകം തുടങ്ങിയ ആഘോഷങ്ങളുടെ ആരവം ദേശീയദിനമായ ഇന്ന് കൊടുമ്പിരി കൊള്ളും. നാടിന്റെ വിവിധ ഭാഗങ്ങളിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ, സൈനിക പരേഡുകൾ, നാടകാവതരണങ്ങൾ, ആബാലവൃദ്ധം അണിനിരക്കുന്ന ഘോഷയാത്രകൾ എന്നിവ അരങ്ങേറുകയാണ്.
ഈ മാസം 18ന് തുടങ്ങിയ ആഘോഷ പരിപാടികൾ ഒക്ടോബർ രണ്ടുവരെ നീളും. ദേശീയ ദിനമായ തിങ്കളാഴ്ചയും തലേദിവസമായ ഞായറാഴ്ചയും രാജ്യത്ത് പൊതു അവധിയാണ്. പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും ബാധകമാണ്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും കൂടിയായതോടെ നാലുദിവസത്തെ ദീർഘ അവധിയാണ് രാജ്യവാസികൾക്ക് ലഭിച്ചിരിക്കുന്നത്.
ഇങ്ങനെ ഒത്തുകിട്ടിയ അവധിക്കാലം ഉപയോഗപ്പെടുത്തുകയാണ് സ്വദേശികളും വിദേശികളും. ഇതിനെ തുടർന്ന് രാജ്യത്തെ മറ്റിടങ്ങളെ പോലെ ത്വാഇഫിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ചരിത്ര സ്ഥലങ്ങളിലും വിനോദകേന്ദ്രങ്ങളിലും മൃഗശാലയിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആളുകൾ ത്വാഇഫിലെ ചരിത്ര പ്രദേശങ്ങളിലും വിവിധ പാർക്കുകളിലും എത്തുകയാണ്. ഇക്കൂട്ടത്തിൽ മലയാളികളും ധാരാളമായി എത്തുന്നുണ്ട്.
വെള്ളിയാഴ്ച മുതൽ ത്വാഇഫ് നഗരവും പരിസരപ്രദേശങ്ങളും സന്ദർശക പ്രവാഹത്തിൽ അമർന്നുകഴിഞ്ഞു. മക്ക പ്രവിശ്യയിൽപ്പെട്ട ത്വാഇഫ് പട്ടണം സമുദ്രനിരപ്പിൽ നിന്നും 700 മീറ്റർ (5,600 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും കാർഷിക മേഖലയുമാണ് ഇവിടം. ഇവിടെ ഉൽപാദിപ്പിക്കുന്ന തേനും പനിനീർ പൂക്കളും പ്രസിദ്ധമാണ്. ‘പനിനീർ പൂക്കളുടെ നഗരം’ (മദീനത്തുൽ വുറൂദ്) എന്ന ഒരു അപരനാമം കൂടി ത്വാഇഫിനുണ്ട്. പൂന്തോട്ടങ്ങൾ കൊണ്ടും വർണാഭമായ വൈദ്യുതി വിളക്കുകൾ കൊണ്ടും അലങ്കരിച്ച വൃത്തിയും വെടിപ്പുമുള്ള ത്വാഇഫ് നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശകരെ ആകർഷിക്കാൻ പോന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.