അക്ഷരം വായനവേദി സംഘടിപ്പിച്ച ചരിത്ര സെമിനാറിൽ ഹസൻ ചെറൂപ്പ സംസാരിക്കുന്നു.

യഥാർത്ഥ ചരിത്രം സമൂഹത്തിൽ പ്രസരിപ്പിക്കണം; അക്ഷരം വായനാവേദി ചരിത്ര കോൺഫറൻസ്

ജിദ്ദ: മുൻകാല ചരിത്രങ്ങൾ വിസ്മരിക്കപ്പെടാനും പകരം പുതിയ ചരിത്രങ്ങൾ ഉൽപ്പാദിപ്പിക്കാനുമുള്ള ചിലരുടെ കുൽസിത ശ്രമങ്ങളെ ചെറുക്കാൻ അക്കാദമിക തലത്തിൽ ശരിയായ ചരിത്ര രചന നടക്കണമെന്നും അവ വ്യാപകമായി പ്രചരിപ്പിക്കണമെന്നും കൂടുതൽ ശക്തമായി പുതുതലമുറക്ക് പഠിപ്പിക്കപ്പെടണമെന്നും ജിദ്ദയിൽ അക്ഷരം വായനാവേദി സംഘടിപ്പിച്ച ചരിത്ര കോൺഫറൻസ് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 76 സംവത്സരങ്ങൾ പിന്നിട്ട അവസരത്തിലും സൗദി അറേബ്യ 93-മത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയോടനുബന്ധിച്ചുമാണ് 'ചരിത്രം മായ്ക്കാനുള്ളതല്ല; ഓർമിക്കാനുള്ളതാണ്' എന്ന പേരിൽ അക്ഷരം വായനവേദി പരിപാടി സംഘടിപ്പിച്ചത്. 'ജിദ്ദയുടെ ചരിത്ര പഥങ്ങൾ തേടി' എന്ന വിഷയത്തിൽ സീനിയർ മാധ്യമപ്രവർത്തകൻ ഹസൻ ചെറൂപ്പ സംസാരിച്ചു. ഇന്ത്യയും അറേബ്യയും തമ്മിൽ 5,000 വർഷത്തെ ചരിത്ര ബന്ധമുണ്ട്. വാണിജ്യ, സാംസ്കാരിക കൊള്ളക്കൊടുക്കകൾ ധാരാളമായി നടന്നിട്ടുണ്ട്. ആദ്യകാലത്ത് തെക്കനേഷ്യയിലേക്കും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കുമുള്ള കടൽ പാതയുടെ സംഗമ കേന്ദ്രമായിരുന്നു ചെങ്കടലിന്റെ റാണിയായ ജിദ്ദയും ശുഐബ തുറമുഖവും. ഇന്ത്യയിലേക്ക് തിരിച്ച വാസ് ഗോഡ ഗാമ എത്തിപ്പെട്ടത് ചെങ്കടൽ തീരത്താണെന്നും അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വഴി കാണിച്ചത് അറബികളാണെന്നും ചരിത്രം. പക്ഷെ ശേഷം അദ്ദേഹം അറബ്യൻ കച്ചവടക്കാരേയും കടൽ മാർഗം ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് യാത്രികരേയും കൊള്ളയടിക്കുകയും നൂറ് കണക്കിന് പേരെ കൊല ചെയ്യുകയും ചെയ്തു. എല്ലാ വിദേശികളും ഇന്ത്യയിലേക്ക് വന്നണഞ്ഞത് മുസ്‌രിസ് തുറമുഖത്തിലൂടെയാണ്. അതുകൊണ്ടു തന്നെ മലബാറും അറേബ്യയുമായി ഏറെ അടുത്ത ബന്ധം നിലനിന്നു. മക്ക, മദീന ഹറമുകളുടെ ഗൈറ്റ് വേ ജിദ്ദ തുറമുഖമായിരുന്നു. ഖലീഫ ഉമറിന്റെ കാലത്ത് തന്നെ ജിദ്ദ പ്രത്യേക ശ്രദ്ധ നേടിയതായും ഖലീഫ ഉസ്മാന്റെ കാലത്ത് അവ കൂടുതൽ ശക്തമായതായും ഹസൻ ചെറൂപ്പ ആധികാരിക രേഖകളുടെ പിൻബലത്തിൽ വിശദീകരിച്ചു.

എ. എം സജിത്ത് സംസാരിക്കുന്നു.

ഇന്ത്യയെ രൂപപ്പെടുത്തിയ ജനതതികളുടെ, പോരാളികളുടെ വീരസ്മരണകളെ തേയ്ച്ചു മായ്ച്ച് വ്യാജ ചരിത്രം സൃഷ്ടിച്ച് തലമുറകളിൽ വെറുപ്പും വിദ്വേഷവും വ്യാപിപ്പിക്കുന്ന ആസുര കാലത്ത്, സത്യമായും ആരാണ് മാതൃരാജ്യം പണിതൊരുക്കിയതെന്ന് കൃത്യമായി മനസിലാക്കേണ്ടതുണ്ടെന്ന് 'ഇന്ത്യ- മായാത്ത ചരിത്ര വസ്തുതകൾ' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് മാധ്യമപ്രവർത്തകൻ എ.എം സജിത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പിന്നോക്ക, കീഴാള വർഗത്തെ പൂർണമായും വിസ്മരിച്ചുകൊണ്ട് രാജ്യത്തേക്ക് നേരത്തെ കടന്നുവന്ന വൈദേശിക സവർണ, ബ്രാഹ്മണ, ആര്യ സംസ്കാരം അടിച്ചേൽപ്പിക്കാനാണ് ഇപ്പോൾ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിംകളോട് പാക്കിസ്ഥാനിലേക്കും മറ്റും പോവാൻ ഇടക്കിടെ ആഹ്വാനം ചെയ്യുന്നവർ യഥാർത്ഥത്തിൽ ഇന്ത്യയിലേക്ക് കടന്നുവന്ന വൈദേശികരാണ്. കല, സാഹിത്യം, സിനിമ, സംഗീതം തുടങ്ങി എല്ലാ വഴികളിലൂടേയും യഥാർത്ഥ ഇന്ത്യ ചരിത്രം സമൂഹത്തിൽ പ്രസരിപ്പിക്കപ്പെടണം എന്നും എ.എം സജിത്ത് ആവശ്യപ്പെട്ടു.


ശറഫിയ ഇമാം ബുഖാരി ഇന്സ്ടിട്യൂട്ടിൽ നടന്ന പരിപാടിയിൽ അക്ഷരം വായനവേദി കോർഡിനേറ്റർ ശിഹാബുദ്ധീൻ കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. എ.എം. അഷ്‌റഫ്‌, കെ.ടി അബൂബക്കർ, നാസർ വെളിയംകോട്, മുഹ്സിൻ കാളികാവ്, മിർസ ശരീഫ്, മുഹമ്മദ്‌ ബൈജു, അഷ്‌റഫ്‌ പാപ്പിനിശ്ശേരി, യൂനുസ് കാട്ടൂർ, മുഷ്താഖ് മധുവായി, റജിയ വീരാൻ എന്നിവർ സംസാരിച്ചു. അമീന ബഷീർ കവിത അവതരിപ്പിച്ചു. സാദിഖലി തുവ്വൂർ സ്വാഗതവും റിയാസ് കണ്ണൂർ നന്ദിയും പറഞ്ഞു. അൻവർ തലശ്ശേരി ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.