റിയാദ്: പ്രവാസലോകത്തെ വ്യവസായ-വാണിജ്യ മേഖലയിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന പ്രതിഭകളെ ആദരിക്കാനായി ഗൾഫ് മാധ്യമം ഏർപ്പെടുത്തിയ ‘അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡി’െൻറ തിളക്കത്തിൽ പ്രമുഖ പ്രവാസി വ്യവസായിയും മൂലൻസ് ഗ്രൂപ് ചെയർമാനുമായ ഡോ. വർഗീസ് മൂലൻ. ഷാർജ എക്സ്പോ സെന്ററിൽ ‘കമോൺ കേരള’ ആറാം എഡിഷന്റെ സമാപന ദിനത്തിൽ ഒരുക്കിയ ‘ഗൾഫ് മാധ്യമം’ രജതജൂബിലി ആഘോഷവേദിയിൽ അദ്ദേഹത്തിന് വേണ്ടി മകനും മൂലൻസ് ഗ്രൂപ് ഡയറക്ടറുമായ വിജയ് മൂലൻ അവാർഡ് ഏറ്റുവാങ്ങി. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ ജമാൽ ബുസിൻജൽ അവാർഡ് സമ്മാനിച്ചു.
സൗദി അറേബ്യയിൽ ഒരു സാദാ പ്രവാസിയായി തുടങ്ങി കഠിനാധ്വാനത്തിലൂടെ ഉന്നത വിജയം കൈവരിച്ച വ്യവസായിയായി മാറിയ ഡോ. വർഗീസ് മൂലൻ രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ വിജയ് മസാല ആൻഡ് ഫുഡ് പ്രോഡക്ട്സ്, ജയ് സ്പൈസസ്, മൂലൻസ് ആൻഡ് ബട്ടർഫ്ലൈ ഫുഡ്സ് എന്നീ ബ്രാൻഡുകളുടെ സ്ഥാപകനാണ്. 39 വർഷത്തെ സമ്പന്നചരിത്രത്തിനിടെ വർഗീസ് മൂലൻസ് ഗ്രൂപ് വൈവിധ്യവത്കരണത്തിലൂടെ നിരവധി പുതിയ മേഖലകളിൽ കാലുറപ്പിക്കുകയും ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. വിവിധ ബിസിനസ് സംരംഭങ്ങളിലൂടെ വൈവിധ്യവത്കരണം ഭക്ഷണത്തിൽനിന്ന് സിനിമയിലേക്ക് വിപുലീകരിക്കപ്പെടുകയും ചെന്നെത്തിയ മേഖലകളിലെല്ലാം പാദമുദ്ര പതിപ്പിക്കുകയും ചെയ്തു. മുന്നോട്ടുള്ള പാതയിൽ മകൻ വിജയ് മൂലനും ഒപ്പം ചേർന്നപ്പോൾ വിജയത്തിന്റെ വെന്നിക്കൊടികൾക്ക് തിളക്കമേറി.
ചലച്ചിത്ര രംഗത്തേക്കുള്ള ചുവടുവെപ്പ് ഒരു സ്വപ്ന പദ്ധതിയുമായിട്ടായിരുന്നു. വർഗീസ് മൂലൻ പിക്ചേഴ്സ് നിർമിച്ച ആദ്യ സിനിമ ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ ഇന്ത്യൻ സിനിമയിൽ മായാത്ത മുദ്രയാണ് പതിപ്പിച്ചത്. ലോകപ്രശസ്തമായ കാൻസ് ഫിലിം ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിക്കുകയും ലോകപ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടുകയും ചെയ്തു. മികച്ച ഫീച്ചർ സിനിമക്കുള്ള 69ാമത് ഇന്ത്യൻ ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി. പൈതൃകം, നവീകരണം, മികവിനും സമഗ്രതക്കും വേണ്ടിയുള്ള അചഞ്ചലമായ സമർപ്പണം എന്നിവയിലൂടെ വിജയഗാഥ രചിക്കുന്ന ഡോ. വർഗീസ് മൂലനും മകൻ വിജയ് മൂലനുമുള്ള അംഗീകാരമായാണ് ഗൾഫ് മാധ്യമം ‘അറേബ്യൻ ലെഗസി അച്ചീവ്മെൻറ് അവാർഡ്’ സമ്മാനിച്ചത്.
ചടങ്ങിൽ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് ചെയർമാൻ ടി.കെ. ഫാറൂഖ്, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, മാധ്യമം ബിസിനസ് സൊലൂഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം സി.ഒ.ഒ സക്കരിയ, മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് ടി.എം. സ്വാലിഹ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.