ജിദ്ദ: സൗദിയിൽ നടന്ന ഫോർമുല വൺ കാറോട്ട മത്സരത്തിൽ സൗദി ഗ്രാൻറ് പ്രിക്സ് കിരീടം ബ്രിട്ടീഷ് മെഴ്സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ നേടി. ഞായറാഴ്ച രാത്രി ജിദ്ദ കോർണിഷിലെ ഏറ്റവും നീളവും വേഗതയേറിയതുമായ ട്രാക്കിൽ ഫ്ലഡ് ലൈറ്റുകൾക്കും ആവേശത്തിന്റെ ആർപ്പുവിളികൾക്കുമിടയിൽ നടന്ന രണ്ട് മണിക്കൂർ നീണ്ടു നിന്ന കുതിപ്പിലാണ് കടുത്ത വെല്ലുവിളികളെ അതിജീവിച്ച് ബിട്ടിഷ് താരം ഹാമിൽട്ടൺ ഹോളണ്ട് താരം റെഡ്ബുൾ ഡ്രൈവർ മാക്സ് വെർസ്റ്റാപനെ പരാജയപ്പെടുത്തി വിജയം കൊയ്തത്.
തുടക്കത്തിൽ ഹാമിൽട്ടണും വെർസ്റ്റാപനും സമനിലയിൽ കുതിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ഹാമിൽട്ടൺ വിജയത്തിലെത്തുകയായിരുന്നു. ഇതോടെ കിരീടം കൊതിച്ചിരുന്ന വെർസ്റ്റാപന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫിൻലൻറ് താരം മെഴ്സിഡസ് ഡ്രൈവർ വാൽട്ടരി ബോട്ടാസിനാണ് മൂന്നാം സ്ഥാനം. തീപാറുന്ന പോരാട്ടമാണ് സൗദിയിൽ മത്സരത്തിന്റെ അവസാന റൗണ്ടിൽ ഹാമിൽട്ടണും വെർസ്റ്റാപനും തമ്മിൽ നടന്നത്. നേരത്തെ നടന്ന മൂന്ന് പരീക്ഷണ റൗണ്ടുകളിലും യോഗ്യതാ മത്സരത്തിലും ഹാമിൽട്ടൺ തന്നെയായിരുന്നു ഏറ്റവും വേഗതയേറിയ സമയം രേഖപ്പെടുത്തി ലീഡ് നേടിയിരുന്നത്.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിലാണ് ഫോർമുല വൺ സൗദി ഗ്രാൻറ് പ്രിക്സിന്റെ വാശിയേറിയ അവസാന റൗണ്ട് മത്സരം നടന്നത്. അന്താരാഷ്ട്ര ചാമ്പ്യന്മാരടക്കമുള്ള 20 ഡ്രൈവർമാർ അണിനിരക്കുന്ന അവസാന റൗണ്ട് മത്സരം കാണാൻ സ്ത്രീകളും കുട്ടികളുമടക്കം രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരങ്ങളാണ് കോർഷിണിലേക്ക് ഒഴുകിയെത്തിയത്.
സമാപന മത്സരത്തോടനുബന്ധിച്ച് സൗദി എയർഫോഴ്സിന്റെ 'ഫാൽക്കൺസ് ടീം' വിമാനങ്ങൾ ആകാശത്ത് വട്ടമിട്ടു പറന്നു വർണ വിസ്മയം തീർത്തത് കാണികളിൽ കൗതുകം പരത്തി. 25 ലധികം വിത്യസ്ഥ രൂപങ്ങളുടെ പ്രകടനങ്ങളാണ് മത്സരത്തിനെത്തുന്ന കാണികൾക്ക് മുമ്പാകെ കോർണിഷിന്റെ മാനത്ത് ഫാൽക്കൺ ടീം വരച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫോർമുല വൺ സൗദി ഗ്രാൻറ് കാറോട്ട മത്സരം ആരംഭിച്ചത്. രണ്ട് ദിവസത്തെ പരീക്ഷണ ഓട്ടത്തിനും യോഗ്യത മത്സരത്തിനും ശേഷമാണ് ഞായാറാഴ്ച അവസാന റൗണ്ട് മത്സരം നടന്നത്.
എട്ട് മാസത്തെ ഒരുക്കങ്ങൾക്കൊടുവിലാണ് വലിയ ആഗോള മത്സരത്തിനു സൗദി അറേബ്യ ആതിഥേയത്വം വഹിച്ചത്. എത്ര വലിയ കായികമേളക്കും വേദിയാകാൻ കഴിയുമെന്ന് ലോകത്തിനു മുമ്പാകെ കാണിക്കുന്നതും കൂടിയാണ് ജിദ്ദ കോർഷിണിൽ നടന്ന സൗദിയിലെ ആദ്യത്തെ ഫോർമുല വൺ സൗദി ഗ്രാൻറ് പ്രിക്സ് കാറോട്ട മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.