റിയാദ്: ഇന്ത്യൻ സംഗീതത്തിന്റെ മാസ്മരികതയും വാണിജ്യ പ്രദർശനമേളയുടെ വിപുലതയും രുചിവൈവിധ്യവും നിറയും ഇന്ത്യൻ മഹോത്സവം അരങ്ങേറാൻ ഇനി മൂന്ന് ദിനങ്ങൾ മാത്രം ബാക്കി. റിയാദ് നഗരത്തിന്റെ നാനാദിക്കുകളിൽനിന്ന് ഈ സാംസ്കാരിക ആഘോഷത്തിൽ പങ്കെടുക്കാൻ ആവേശപൂർണമായ അന്വേഷണങ്ങളാണ് പ്രവഹിക്കുന്നത്. ലുലു ഔട്ട്ലെറ്റുകളിലും മറ്റ് വ്യാപാര കേന്ദ്രങ്ങളിലുമുള്ള ടിക്കറ്റ് കൗണ്ടറുകളിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. പുതു തലമുറയുടെ കലാസാംസ്കാരിക സ്വപ്നങ്ങളും ഭാവനകളും അടുത്തുനിന്ന് ആസ്വദിക്കാൻ ‘ഗൾഫ് മാധ്യമം’ വിശാല വേദിയിലൊരുക്കുന്ന ഈ ആഘോഷത്തെ വലിയ ഉത്സാഹത്തോടെയാണ് പ്രവാസി ജനത ഉറ്റുനോക്കുന്നത്.
ഇന്ത്യയുടെ മഹത്തായ കലാവൈജ്ഞാനിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന ഒരു മഹോത്സവം കൂടിയായിരിക്കും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്. ഫാഷൻ, ടെക്നോളജി, ടൂറിസം, ഫുഡ്, കൺസ്ട്രക്ഷൻ തുടങ്ങി വിവിധ മേഖലയിലെ പ്രശസ്ത ബ്രാൻഡുകൾ പങ്കെടുക്കുന്ന എക്സിബിഷൻ പുതിയ പ്രവാസി സമൂഹത്തിന്റെ അന്വേഷണങ്ങൾക്ക് പുതിയ ഭാവം പകരും. നാം ആഗ്രഹിക്കുന്ന ഉൽപന്നങ്ങൾ കണ്ടെത്താനും സ്വന്തമാക്കാനുമൊരു അവസരം കൂടിയായിരിക്കും ഈ വേദി.
കൂടാതെ ഒഴിവു ദിവസത്തിന്റെ സായാഹ്നങ്ങൾക്ക് ഹരം പകരാൻ ഇന്ത്യൻ രുചിപ്പെരുമയുടെ സ്വാദിഷ്ടമായ വിഭവങ്ങൾ കൂടി ഫെസ്റ്റിവൽ കേന്ദ്രത്തിൽ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും മത്സരിക്കാനും സമ്മാനം കരസ്ഥമാക്കാനും വിവിധ മത്സരങ്ങളും ആഹ്ലാദകരമായ നിമിഷങ്ങളും പ്രദാനം ചെയ്യും. വൈകീട്ട് ഏഴിന് തിരിതെളിയുന്ന കലാസായാഹ്നം തെന്നിന്ത്യയിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന അപൂർവ സന്ദർഭമായിരിക്കും.
ഇന്ത്യൻ അംബാസഡർ ഔപചാരിക ഉദ്ഘാടനം കുറിക്കുന്ന ഈ പരിപാടിയിൽ റിയാദിലെ പ്രവാസി വ്യാപാര വ്യവസായ പ്രമുഖരും കലാസാംസ്കാരിക സമൂഹങ്ങളും പങ്കെടുക്കുന്നതാണ്. ഒക്ടോബർ നാല്, അഞ്ച് (വെള്ളി, ശനി) ദിവസങ്ങളിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലാണ് ഇന്ത്യൻ മഹോത്സവം അരങ്ങേറുക. ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള അവസാന നിമിഷങ്ങളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. സൗദി എന്റർടെയിൻമെന്റ് അതോറിറ്റിയുടെ അനുമതിയോടെ ‘ഗൾഫ് മാധ്യമ’വും ‘മീ ഫ്രൻഡ്’ ആപും ചേർന്ന് സംഘടിപ്പിച്ച ‘റിയാദ് ബീറ്റ്സി’നുശേഷം അരങ്ങേറുന്ന ബൃഹത്തായ ആഘോഷമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.