ജിദ്ദ: ഈ മാസം 13, 14 തീയതികളിൽ മക്കയിൽ നടക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിൽ കേരളത്തിൽനിന്നുൾപ്പെടെ ഇന്ത്യയിൽനിന്നും വിവിധ മേഖലകളിൽ പ്രമുഖരായ എട്ട് നേതാക്കൾ പങ്കെടുക്കും. ഓൾ ഇന്ത്യ അഹ്ലെ ഹദീസ് പ്രസിഡൻറ് അസ്ഗർ അലി ഇമാം മഹ്ദി അസ്സലഫി, ജംഇയ്യതുൽ ഉലമാ ഹിന്ദ് പ്രസിഡൻറ് മൗലാന അർഷദ് മദനി, കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ജാമിഅ മുഹമ്മദിയ്യ മുംബൈ ചെയർമാൻ മൗലാന അർഷദ് മുഖ്താർ, ജാമിഅ ഇസ്ലാമിയ്യ സനാബിൽ ഡൽഹി ചെയർമാൻ മൗലാന മുഹമ്മദ് റഹ്മാനി, അഹ്ലെ ഹദീസ് പണ്ഡിതൻ ശൈഖ് അബ്ദുല്ലത്വീഫ് കിൻദി ശ്രീനഗർ, ശൈഖ് അബ്ദുസലാം സലഫി മുംബൈ, മൗലാന അസ്അദ് അഹ്സമി ജാമിഅ സലഫിയ്യ ബനാറസ് എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ നേതാക്കൾ.
‘മിതത്വം പ്രോത്സാഹിപ്പിക്കുന്നതിന് ആഗോള ഇസ്ലാമിക പണ്ഡിതരുടെ പങ്ക്’എന്ന പ്രമേയത്തിൽ ഊന്നി നടക്കുന്ന ഇൻറർനാഷനൽ ഇസ്ലാമിക് കോൺഫറൻസിൽ പണ്ഡിതർ, മുഫ്തിമാർ, വിവിധ യൂനിവേഴ്സിറ്റികളിലെ അക്കാദമിക് വിദഗ്ധർ, ചിന്തകർ, നേതാക്കൾ, മന്ത്രിമാർ തുടങ്ങി 85 രാജ്യങ്ങളിൽനിന്നുള്ള 150 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരം നടക്കുന്ന സമ്മേളനത്തിന് സൗദി മതകാര്യ മന്ത്രാലയമാണ് നേതൃത്വം നൽകുന്നത്. ആഗോളതലത്തിൽ മുസ്ലിം സമൂഹത്തിന്റെ പ്രബോധന പ്രവർത്തനങ്ങളിലും സാമൂഹിക, സാംസ്കാരിക ഇടപെടലുകളിലും മിതത്വത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് സമ്മേളന ലക്ഷ്യം. ഏഴ് പാനൽ ചർച്ചകളിലൂടെ ആളുകൾക്കിടയിൽ സഹിഷ്ണുതയും സഹവർത്തിത്തവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തീവ്രവാദവും ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്മേളനം ചർച്ച ചെയ്യും. ഇസ്ലാമിക സമൂഹത്തിൽ ഐക്യവും ക്രിയാത്മകമായ ആശയസംവാദവും ആശയവിനിമയവും വഴി മുസ്ലിം ലോകത്തെ പണ്ഡിതരുടെ പ്രയത്നങ്ങളെ ഒരേ ലക്ഷ്യത്തിലേക്ക് എത്തിക്കുകയെന്ന സൗദി അറേബ്യയുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് മക്കയിൽ നടക്കുന്ന ദ്വിദിന സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.