ജിദ്ദ: ഭീകരവാദ സംഘടനയായ ഐ.എസ്.ഐ.സിന്റെ റിക്രൂട്ട്മെന്റ് കേന്ദ്രമാണ് കേരളമെന്ന് സി.പി.എം നേതാവ് പി. ജയരാജൻ പറഞ്ഞത് ദുഷ്ടലാക്കോടെയുള്ളതാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രസ്താവിച്ചു. അനവസരത്തിലുള്ള ഇത്തരം പ്രസ്താവനകൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ മാത്രമേ ഉതകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് പുനരധിവാസത്തിൽ സർക്കാർ ആത്മാർഥത കാണിക്കുന്നില്ല. മുസ് ലിം ലീഗ് ഏറ്റെടുത്ത കാര്യങ്ങളിൽ പലതും ഇതിനകം നടപ്പാക്കി. അതുകൊണ്ടുതന്നെ പാർട്ടിക്ക് സമൂഹത്തിൽ വിശ്വാസ്യതയും പിന്തുണയും വർധിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ പാർട്ടിക്ക് കെ.എം.സി.സി നൽകിവരുന്ന പിന്തുണ നിസ്തുലമാണ്.
കെ.എം.സി.സി ജിദ്ദ കുടുംബ സുരക്ഷാ പദ്ധതിയുടെ 16ാം വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ ഉദ്ഘാടനം കെ.എം.സി.സി നാഷനൽ ട്രഷറർ അഹമ്മദ് പാളയാട്ടിന് അപേക്ഷ ഫോറം കൈമാറിക്കൊണ്ട് പി.എം.എ. സലാം നിർവഹിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു.
മുസ് ലിം ലീഗ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് എം.കെ. ബാവ, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, മുസ് ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി ഹുസൈൻകുട്ടി, യൂത്ത് ലീഗ് കണ്ണൂർ ജില്ല പ്രസിഡന്റ് നസീർ നല്ലൂർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷത്തെ സുരക്ഷ പദ്ധതി കാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സംഘടന ഘടകങ്ങളെ ചടങ്ങിൽ ആദരിച്ചു. ആരോഗ്യ പ്രവർത്തക ബെൻസി മോൾ കുര്യന് ചടങ്ങിൽ യാത്രയയപ്പും നൽകി. ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും വി.പി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.