അൽഖോബാർ: മാക്സിലോഫേഷ്യൽ സർജറി വഴി സൗദി മെഡിക്കൽ സംഘം യുവാവിന്റെ തകർന്ന കവിൾത്തടം പുനഃസ്ഥാപിച്ചു. റോഡപകടത്തിൽ സാരമായി പരിക്കേറ്റ വിദേശി യുവാവിന്റെ മുഖത്തെ എല്ലുകളിൽ ഒന്നിലധികം പൊട്ടുകയും കവിൾത്തടങ്ങൾ തകരുകയും ചെയ്തിരുന്നു. ഇവയാണ് നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തെ തുടർന്ന് ജിദ്ദയിലെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലെ അത്യാഹിത വിഭാഗത്തിലാണ് യുവാവിനെ പ്രവേശിപ്പിച്ചത്.
മുഖത്തെ അസ്ഥികളിൽ ഗുരുതര ഒടിവുകൾ ഉണ്ടെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി. തുടർന്ന് കേസ് കൈകാര്യംചെയ്യുന്നതിനും ഉചിതമായ ചികിത്സാപദ്ധതി അടിയന്തരമായി തയാറാക്കുന്നതിനും മാക്സിലോഫേഷ്യൽ സർജറി ടീമിനെ ചുമതലപ്പെടുത്തി. ഒരു വിദഗ്ധ മെഡിക്കൽ ടീമിനെ രൂപവത്കരിക്കുകയും മെഡിക്കൽ, റേഡിയോളജിക്കൽ ഡയഗ്നോസ്റ്റിക് പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. യുവാവിന്റെ എല്ലുകളിലും കവിൾത്തടങ്ങളിലും പൊട്ടലുകളും മുറിവും കണ്ടെത്തി.
മുഴുവൻ കവിൾത്തടവും പുനർനിർമിക്കുന്നതിനും മുഖത്തെ ഒടിവുകൾ പരിഹരിക്കുന്നതിനും മുറിവുകൾ തുന്നിച്ചേർക്കുന്നതിനുമായി രോഗിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയമായിരുന്നെന്നും രോഗി സുഖംപ്രാപിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ജിദ്ദയിലെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിലെ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗം ഈ വർഷം ആദ്യ പകുതിയിൽ 68 ഓപറേഷനുകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു. ചികിത്സക്ക് വിധേയനായ യുവാവ് ഏതു രാജ്യക്കാരനാണെന്ന് അധികൃതർ വ്യക്തമാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.