റിയാദ്: 94ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് വിവിധയിടങ്ങളിലായി സൗദി നാവികസേന പരേഡുകൾ നടത്തും. ശനിയാഴ്ച റിയാദിലെ ദറഇയ ഗേറ്റിൽ അരങ്ങേറിയ ബൈക്ക് പരേഡോടെയാണ് തുടക്കം കുറിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30ന് ജുബൈലിലെ അൽഫനാതീർ ബീച്ചിലും നാവികസേനയുടെ പ്രകടനമുണ്ടായി.
ബോട്ട് പരേഡ്, ‘ബഹ്ർ ഫാൽകൺ’ വിമാനത്തിന്റെ എയർ ഷോ, ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം, സൈനിക മാർച്ച്, സൈനിക പ്ലാറ്റൂൺ എന്നീ പരിപാടികളും അരങ്ങേറി. ഞായറാഴ്ച വൈകീട്ട് നാലിനാണ് ജിദ്ദയിലെ പ്രകടനം. നാവികസേന കപ്പലുകളുടെ പ്രദർശനം, ‘സഖ്ർ അൽ ബഹർ’ വിമാനങ്ങളുടെ എയർ ഷോ, ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം എന്നിവയുണ്ടാകും. സൈനിക വാഹനങ്ങളുടെ മാർച്ചിന് പുറമേ നാവിക സേനയിലെ രക്തസാക്ഷികളുടെ മക്കൾക്കായി മറ്റൊരു പരേഡുമുണ്ടാകും.
‘ഹിസ് മജസ്റ്റി ദി കിങ്സ്’ കപ്പലുകളുടെ രാത്രി പ്രകടനവുമുണ്ടാകും. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സൗദി സായുധസേനയുടെ വിവിധ പരിപാടികൾക്കും പ്രവർത്തനങ്ങൾക്കും പുറമെയാണിത്. ഇതിൽ എഫ്-15 എസ്.എ, എഫ്-15 സി, ടൊർണാഡോ, ടൈഫൂൺ വിമാനങ്ങളുമായി വ്യോമസേന പങ്കെടുക്കും. കൂടാതെ നിരവധി എയർ ബേസുകളിൽ ഗ്രൗണ്ട് ഷോകളുമുണ്ടാകും. എയർ ഷോകളിൽ സൗദി ഫാൽക്കൺസ് ടീം പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.