ജിദ്ദ: സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ മഴയുണ്ടായി. ജിദ്ദ, മക്ക, തബൂക്ക്, അൽഉല, ഹാഇൽ, അറാർ, തുറൈഫ്, അൽജൗഫ് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. വ്യാഴാഴ്ച മുതലേ ചിലയിടങ്ങളിൽ മഴ തുടങ്ങി. ജിദ്ദയിൽ വെള്ളിയാഴ്ച രാവിലെ മുതൽ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഇടക്കിടെ ചാറ്റൽ മഴയുണ്ടായിരുെന്നങ്കിലും ഉച്ചക്കുശേഷമാണ് മഴ കനത്തത്.
മക്കയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടായി. വെള്ളിയാഴ്ച രാത്രി 10 വരെ മക്ക മേഖലയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. തബൂക്ക് പട്ടണത്തിലും ഉൾപ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു. വ്യാഴാഴ്ചയാണ് മേഖലയുടെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടായത്. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുകളുണ്ടായി. തബൂക്ക് പട്ടണത്തിന് തെക്ക് വാഹനത്തിനുള്ളിൽ കുടുങ്ങിയ നാലു സ്വദേശികളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. കിങ് ഫൈസൽ എയർബേസുമായി സഹകരിച്ച് ഹെലികോപ്ടറിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കാലാവസ്ഥ അറിയിപ്പിനെ തുടർന്ന് മുനിസിപ്പാലിറ്റിയും സിവിൽ ഡിഫൻസും ആവശ്യമായ മുൻകരുതലെടുത്തിരുന്നു. കെട്ടിനിന്ന വെള്ളം നീക്കംചെയ്യാൻ തൊഴിലാളികളെ നിയോഗിക്കുകയും വേണ്ട ഉപകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. അൽഉല മേഖലയിലും വ്യാഴാഴ്ച നല്ല മഴയുണ്ടായി. മഴയെ തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞതിനാൽ അൽഉല മദീന റോഡ് റോഡ് സുരക്ഷ വിഭാഗം അടച്ചു. മുൻകരുതലെന്നോണം തബൂക്ക്, ദുബാഅ് റോഡും ട്രാഫിക് വിഭാഗം അടച്ചിരുന്നു. തുറൈഫ്, അൽജൗഫ്, അറാർ, ഹാഇൽ എന്നിവിടങ്ങളിലും സാമാന്യം നല്ല മഴയുണ്ടായതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.