റിയാദ്: സാമൂഹിക ജീവകാരുണ്യ സംഘടനയായ റിയാദ് ഇന്ത്യന്‍ അസോസിയേഷന് (റിയ) 21ാമത് വാർഷികം ആഘോഷിച്ചു. വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടി മുൻ പ്രസിഡൻറും ഉപദേശകസമിതി അംഗവുമായ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബിനു ധർമരാജൻ അധ്യക്ഷത വഹിച്ചു. കോവിഡ് മഹാവ്യാധി റിയാദിലെ പ്രവാസ സമൂഹത്തിന് ഉണ്ടാക്കിയ നൊമ്പരങ്ങളിൽ അവർക്ക് സാന്ത്വനമായി കൂടെ നിൽക്കാൻ കഴിയുന്നതരത്തിൽ പ്രവർത്തനം നടത്താൻ സംഘടനക്കായെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടറി മാധവൻ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രണ്ടു വർഷവും മികച്ച പ്രവർത്തനം നടത്തിയ നസീം സായിദിനെ യോഗം പ്രശംസിച്ചു. സംഘടനയുടെ കലാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നിഖിൽ മോഹൻ മഹാമാരിയുടെ സാഹചര്യത്തിലും രക്തദാനവും ആനുകാലിക പ്രവർത്തനങ്ങളും ഓൺലൈനിലൂടെയും അല്ലാതെയും നടത്താൻ കഴിഞ്ഞതായി പറഞ്ഞു. അംഗങ്ങൾക്കുവേണ്ടി ഉല്ലാസയാത്രകൾ സംഘടിപ്പിച്ചു. രണ്ടുവർഷത്തിനിടയിൽ സ്കൂൾ ഒഴിവുവേളകളിൽ കുട്ടികൾക്ക് അനുയോജ്യമായ കരിയർ ഗൈഡൻസ് പ്രോഗ്രാമുകളും ആർട്ടിഫിഷ്യൽ, ഗ്ലോബൽ സിറ്റിസൺഷിപ് എന്നീ പുതിയ മേഖലകൾക്കുള്ള പ്രാധാന്യത്തെ മുൻനിർത്തി ഉന്നത വിദ്യാഭാസം തേടുന്ന കുട്ടികൾക്ക് ഈ മേഖലയിലുള്ള ഉന്നതരുമായി ചേർന്ന് സെമിനാറുകളൂം ചർച്ചകളും സംഘടിപ്പിച്ചതായി മീഡിയ വിങ് കൺവീനർ കോശി മാത്യു പറഞ്ഞു. പകര്‍ച്ചവ്യാധിയെ ഭയന്നു മുറികളിൽ മാത്രം കഴിയേണ്ടി വന്നവർക്ക് ആശ്വാസമേകാൻ 'റിയൻ ഡ്രോപ്സ്' എന്ന ത്രൈ മാസിക ഓൺലൈനിൽ പ്രസിദ്ധീകരിച്ചു.
അതിൽ അംഗങ്ങളുടെയും അവരുടെ ആശ്രിതരുടെയും സർഗവാസനകൾക്ക് ഇടം നൽകിയതായും കോശി മാത്യു പറഞ്ഞു. ഉപദേശകസമിതി അംഗങ്ങളായ ഇബ്രാഹിം സുബ്ഹാൻ, നസീം കുമ്പശ്ശേരിൽ എന്നിവർ സംസാരിച്ചു. 20 വർഷമായി സംഘടനയിൽ അംഗമായി പ്രവർത്തിക്കുന്നവരെ പ്രശംസാഫലകം നൽകി ആദരിച്ചു. രണ്ടു പതിറ്റാണ്ടായി തുടർച്ചയായി നടത്തുന്ന 'റിയ സ്കൂൾ എയ്ഡ്' സഹായനിധിയിലേക്ക് തമിഴ്നാട്ടിലെയും കേരളത്തിലെയും ആറ് അംഗങ്ങളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയും 25,000 രൂപ വീതം അവർ പ്രതിനിധാനം ചെയ്യുന്ന സ്കൂളുകൾക്ക് നൽകാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് നടന്ന പൊതുയോഗത്തിൽ അടുത്ത വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. രാജേഷ് ഫ്രാൻസിസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.