റിയാദ്: അൽഉറൂബ റോഡിൽ നിർമിക്കുന്ന തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി. 2150 മീറ്റർ നീളത്തിലാണ് ഇരു ദിശകളിലേക്കും വാഹനഗതാഗത സൗകര്യമുള്ള ടണലിന്റെ നിർമാണം. തുരങ്കത്തിന്റെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചതായി കിങ് സൽമാൻ പാർക്ക് ഫൗണ്ടേഷൻ വൃത്തങ്ങൾ അറിയിച്ചു. പാർക്കിന്റെ ബാക്കി ഭാഗങ്ങളുമായി യോജിപ്പിക്കുന്നതിനും അതിന്റെ ഘടകങ്ങളുടെ പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനും റിയാദ് നിവാസികൾക്കും സന്ദർശകർക്കും എളുപ്പം പാർക്കിൽ എത്തിച്ചേരാനുമാണ് തുരങ്കം നിർമിച്ചത്.
കിങ് സൽമാൻ പാർക്ക് പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. തുരങ്കത്തിൽ പ്രത്യേക എമർജൻസി ലൈന്‍ പുറമെ വാഹനങ്ങൾക്കുള്ള മൂന്ന് പാതകൾ, അഞ്ച് എമർജൻസി എക്സിറ്റുകൾ, നൂതന ട്രാഫിക് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 1,40,000 വാഹനങ്ങൾക്ക് കടന്നുപോകാം. സമകാലിക വാസ്തുവിദ്യ ശൈലിയിലാണ് തുരങ്കം നിർമിച്ചത്.
മൗലികത, സൽമാനിയ വാസ്തുവിദ്യയുടെ തത്ത്വങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് ടണലിന്റെ ഡിസൈൻ. രൂപകൽപനയിലെ വ്യത്യസ്ത ഷേഡുകൾ ഭൂമിയുടെ പാളികളെയും റിയാദ് നഗരത്തിന്റെ പാറക്കെട്ടുകളെയും പ്രതീകവത്കരിക്കുന്നു. ഒപ്പം മിഴിവുറ്റ നിറങ്ങൾ ഉറൂബ തുരങ്കത്തിന് വ്യതിരിക്തമായ പാറ്റേണും കലാപരമായ കാഴ്ചഭംഗിയും നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.