റിയാദ്: റോയൽ റിഫ കപ്പ് സീസൺ ത്രീ പ്രീ ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായത്തോടെ എട്ട് ടീമുകൾ കൂടി മത്സരത്തിൽനിന്നും പുറത്തായി. ഇനി ശക്തരും കരുത്തരുമായ എട്ട് ക്ലബുകൾ അടുത്ത വെള്ളിയാഴ്ച ക്വാർട്ടറിൽ ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാർട്ടർ ആദ്യമത്സരത്തിൽ സ്പോർട്ടിങ് എഫ്.സി രണ്ട് ഗോളിന് യൂത്ത് ഇന്ത്യ ഇലവനെ തോൽപിച്ചു. റോയൽ എഫ്.സിയുടെ അജ്മൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം റോയൽ ട്രാവൽസ് എം.ഡി സമദിൽനിന്നും ഏറ്റുവാങ്ങി. ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാടും റോയൽ അസീസിയ സോക്കറും കൊമ്പുകോർത്ത രണ്ടാമത്തെ കളിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് വാഴക്കാട് വിജയിച്ചു.
കളിയിലെ കേമനായ കുഞ്ഞുമുഹമ്മദ് (എഫ്.സി വാഴക്കാട്) റിഫ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഷക്കീൽ തിരൂർക്കാടിൽനിന്നും ബഹുമതി ഏറ്റുവാങ്ങി. പ്രവാസി സോക്കർ സ്പോർട്ടിങ് എഫ്.സിയും റെയിൻബോ എഫ്.സിയും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പ്രവാസി വിജയം കൈവരിച്ചു. റെയിൻബോയുടെ സൽമാൻ മാൻ ഓഫ് ദി മാച്ച് അവാർഡ് റിയാദ് ഫുട്ബാൾ അസോസിയേഷൻ (റിഫ) ട്രഷറർ കരീം പയ്യനാടിൽനിന്നും ഏറ്റുവാങ്ങി.
കളിയുടെ ഇരുപാതികളിലായി നേടിയ രണ്ട് ഗോളുകൾക്ക് റിയാദ് ബ്ലാസ്റ്റേഴ്സ് ബ്ലാക്ക് ആൻഡ് വൈറ്റിനെ പരാജയപ്പെടുത്തി. മാൻ ഓഫ് ദി മാച്ച് പുരസ്കാരം റിയാദ് ബ്ലാസ്റ്റഴ്സിന്റെ സഫൂറിന് റിഫ സെക്രട്ടറി സൈഫു കരുളായിയിൽ സമ്മാനിച്ചു. റോയൽ ഫോക്കസ് ലൈനും മൻസൂർ അൽ റബീഅയും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഫോക്കസ് ലൈൻ വിജയിച്ചു. ഫോക്കസിന്റെ നിയാസിന് ഫഹദ് നിലാഞ്ചേരി മാൻ ഓഫ് ദി മാച്ച് പുരസ്കാരം നൽകി.
സനാഇയ്യ എഫ്.സിയെ റിയൽ കേരള ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. കളിയിലെ താരമായ റിയൽ കേരളയുടെ ഇർഷാദിന് ടൂർണമെൻറ് മീഡിയ കൺവീനർ അഷ്റഫ് ഫലകം സമ്മാനിച്ചു. റീക്കൊ എഫ്.സിയും കേരള ഇലവനും നടന്ന മത്സരം സമനില പാലിച്ചതിനെ തുടർന്ന് നടന്ന ടൈബ്രേക്കറിൽ കേരള ഇലവനെ ഭാഗ്യം തുണച്ചു.
അംജദ് (കേരള ഇലവൻ) കളിയിലെ താരമായി. ടെക്നിക്കൽ കൺവീനർ ജുനൈസ് സമ്മാനം കൈമാറി. ഒബയാർ എഫ്.എഫ്.സിയുടെ വലയിൽ ഗോളുകൾ വർഷിച്ച് (1-5) ലന്റേൺ എഫ്.സി പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് സമാപനം കുറിച്ചു. മാൻ ഓഫ് ദി മാച്ച് അവാർഡ് ലന്റേണിന്റെ മുഹമ്മദ് ഇബ്നുവിന് ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ നാസർ മാവൂർ സമ്മാനിച്ചു. ഇതോടെ പ്രീ ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയാവുകയും ക്വാർട്ടർ ഫൈനൽ ടീമുകളുടെ ചിത്രം വ്യക്തമാവുകയും ചെയ്തു. അടുത്ത വെള്ളിയാഴ്ച ക്വാർട്ടർ മത്സരങ്ങൾ ഇതേ സ്റ്റേഡിയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.