സൗദി ഓൺ അറൈവൽ വിസിറ്റ് വിസ എട്ട് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി; ഇന്ത്യയില്ല

ജിദ്ദ: എട്ട് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി സൗദി അറേബ്യയിലേക്ക് ഓൺ അറൈവൽ വിസിറ്റ് വിസ അനുവദിച്ചു. അസർബൈജാൻ, അൽബേനിയ, ഉസ്‌ബെകിസ്താൻ, ദക്ഷിണാഫ്രിക്ക, ജോർജിയ, താജിക്കിസ്താൻ, കിർഗിസ്താൻ, മാലിദ്വീപ് എന്നീ രാജ്യങ്ങളെ കൂടിയാണ് ഓൺലൈൻ വിസിറ്റ് വിസ അനുവദിക്കുന്ന പട്ടികയിൽ ടൂറിസം മന്ത്രാലയം ഉൾപ്പെടുത്തിയത്.

ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ഓൺലൈനായോ അല്ലെങ്കിൽ രാജ്യത്തെ വിമാനത്താവളങ്ങളിലോ, തുറമുഖങ്ങളിലോ റോഡ് മാർഗമുള്ള കവാടങ്ങളിലോ എത്തിയാൽ വിസ നേടാനാവും. ‘വിഷൻ 2030’ന്‍റെ ഭാഗമായി രാജ്യത്തിന്‍റെ ടൂറിസം മേഖലയുടെ വളർച്ചക്ക് അനുഗുണമാവാനാണ് ഈ നീക്കം. ഇതോടൊപ്പം ജി.ഡി.പിയിൽ ടൂറിസം മേഖലയുടെ സംഭാവന മൂന്ന് ശതമാനത്തിൽനിന്ന് 10 ശതമാനമായി ഉയർത്തുക, 10 ലക്ഷം അധിക തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുക, 2030 ഓടെ 10 കോടി സഞ്ചാരികളെ ആകർഷിക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. സന്ദർശക വിസയിലെത്തുന്നവർക്ക് രാജ്യത്തെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും സാധിക്കും.

സന്ദർശന വിസയിൽ വരുന്നവർ എപ്പോഴും തിരിച്ചറിയൽ രേഖകൾ കൈവശം വെക്കണം. രാജ്യത്തെ പൊതു നിയന്ത്രണങ്ങളും ചട്ടങ്ങളും സർക്കാർ നിർദേശങ്ങളും വിനോദ സഞ്ചാരികൾ പാലിക്കണമെന്നും ടൂറിസം വിസാ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. സന്ദർശന വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാനോ, ഹജ്ജ് സീസണിൽ ഉംറ നിർവഹിക്കാനോ സാധിക്കുകയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ലോകവുമായുള്ള ആശയവിനിമയം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തിന്‍റെ തുറന്ന ശ്രമങ്ങളുടെ വിപുലീകരണമാണ് കൂടുതൽ രാജ്യങ്ങളിലുള്ളവർക്ക് ഓൺലൈൻ വിസ നൽകാനുള്ള നടപടി. വിഷൻ 2030ന്‍റെ പ്രധാന ലക്ഷ്യങ്ങളായ വികസനത്തെയും സാമ്പത്തിക വൈവിധ്യവത്കരണത്തെയും പിന്തുണക്കലാണ് ഈ പുതിയ തീരുമാനങ്ങളുടെ ലക്ഷ്യം. 2019 സെപ്റ്റംബർ 27നാണ് ടൂറിസം മന്ത്രാലയം 49 രാജ്യങ്ങളെ ലക്ഷ്യമിട്ട് സന്ദർശന വിസ നൽകാൻ ആരംഭിച്ചത്.

പുതുതായി ഈ എട്ട് രാജ്യങ്ങളെ കൂടി ചേർത്തത്തോടെ പട്ടികയിലെ രാജ്യങ്ങളുടെ എണ്ണം 57 ആയി. മറ്റ് ഗൾഫ് രാജ്യങ്ങളിൽ താമസ വിസയിലുള്ള എല്ലാവർക്കും ടൂറിസം വിസ നൽകാൻ കഴിഞ്ഞ മാർച്ചിലാണ് ടൂറിസം മന്ത്രാലയം അംഗീകാരം നൽകിയത്. സൗദിയിലെത്തി വിനോദസഞ്ചാര യാത്ര നടത്താനും ടൂറിസം, വിനോദ പരിപാടികളിൽ പങ്കെടുക്കാനും സൗദി പൈതൃകവും വിനോദസഞ്ചാര കേന്ദ്രങ്ങളും അടുത്തറിയാനും വിദേശികൾക്ക് അവസരം ഒരുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. രാജ്യത്ത് ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യ വികസനവും വിപുലീകരണവും നടക്കുന്നതിനൊപ്പം കൂടുതൽ രാജ്യങ്ങളും മേഖലകളും ഉൾപ്പെടുത്തി ഓൺലൈൻ സന്ദർശന വിസ സംവിധാനം വിപുലീകരിക്കാനാണ് ടൂറിസം മന്ത്രാലയം ഉദ്ദേശിക്കുന്നത്.

Tags:    
News Summary - Saudi on arrival visit visa for citizens of eight countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.